Web Desk

ബീജിങ്

July 18, 2021, 9:50 pm

കോവിഡിന് പിന്നാലെ മങ്കി ബി വൈറസും ചൈനയില്‍: ആദ്യ മരണം ചൈന മറച്ചുവച്ചു

Janayugom Online

ചൈനയില്‍ കുരങ്ങില്‍ നിന്നുണ്ടാകുന്ന വൈറസ് ബാധയില്‍ ആദ്യ മരണം. മങ്കി ബി (BV)വൈറസാണ് മരണകാരണമെന്ന് അധികൃതര്‍ അറിയിച്ചു. ചൈനയിലെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ 53 കാരനാണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇതേ വൈറസ് ബാധിച്ച് രണ്ട് കുരങ്ങുകള്‍ ചൈനയില്‍ മരിച്ചത് കണ്ടെത്തിയതിന് പിന്നാലെ ഇദ്ദേഹത്തിനും രോഗബാധയുണ്ടായതായും അധികൃതര്‍ വ്യക്തമാക്കി.

രോഗബാധ റിപ്പോര്‍ട്ട് ചെയ്ത് ഒരു മാസത്തിനുശേഷം ഇദ്ദേഹത്തിന് ഛര്‍ദ്ദി, പനി, നാഡീസംബന്ധമായ അസ്വസ്ഥകള്‍ അനുഭവപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സതേടിയിരുന്നെങ്കിലും മെയ് 27 ഓടെ മരിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ മരണം ചൈന വെളിപ്പെടുത്തിയത് ശനിയാഴ്ചയാണെന്ന് ചൈന സിഡിസി വീക്ക്‌ലി പുറത്തുവിട്ട വിവരങ്ങള്‍ അടിസ്ഥാനമാക്കി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മാരകമായ ഈ വൈറസ് ബാധിച്ചവരില്‍ മരണ നിരക്കും ഏറെ കൂടുതലാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വൈറസ് ബാധിക്കുന്നവരില്‍ 70 ശതമാനം മുതല്‍ 80 ശതമാനം വരെ ആളുകള്‍ക്ക് മരണം ഉറപ്പാണ്. നൂറില്‍ 80 പേരും മരിക്കുമെന്ന് അര്‍ത്ഥം.

അതേസമയം മരണപ്പെട്ട ഡോക്ടറുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ആര്‍ക്കുംതന്നെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ല എന്നാണ് ചൈനീസ് അധികൃതരുടെ വാദം. എന്നാല്‍ വസ്തുതകള്‍ ചൈന മറച്ചുവയ്ക്കുകയാണോ എന്ന ആശങ്കയും റിപ്പോര്‍ട്ടുകള്‍ പങ്കുവയ്ക്കുന്നുണ്ട്.

Eng­lish Sum­ma­ry: Mon­key B virus death con­firmed in China
You may like this video also