20 April 2024, Saturday

Related news

February 1, 2024
January 8, 2024
December 5, 2023
December 4, 2023
November 11, 2023
November 9, 2023
September 29, 2023
August 8, 2023
June 20, 2023
June 18, 2023

വാനര വസൂരി; ആരോഗ്യ അടിയന്തരാവസ്ഥ

Janayugom Webdesk
July 23, 2022 8:14 pm

ജനീവ: വാനര വസൂരി കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറസിനെതിരെ ആഗോളശ്രദ്ധ ഉറപ്പാക്കുന്നതിനായി അടിയന്തരയോഗം ചേർന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പ്രഖ്യാപനം നടത്തിയത്. സംഘടനയ്ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും ശക്തമായ മുന്നറിയിപ്പാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ. 72 രാജ്യങ്ങളിലായി 16,000ലധികം പേരിലാണ് ഇതുവരെ വാനര വസൂരി സ്ഥിരീകരിച്ചത്. അതിൽ 70 ശതമാനത്തോളം രോഗികളും യൂറോപ്യൻ രാജ്യങ്ങളിലാണ്. യുഎസ്, കാനഡ, ഓസ്ട്രേലിയ, നൈജീരിയ, ഇസ്രയേല്‍, ബ്രസീല്‍, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ ഇതുവരെ മൂന്ന് വാനര വസൂരി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് മൂന്നും കേരളത്തിലാണ്. 

വാനര വസൂരി രോഗ ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യമുണ്ടായതാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പരിഗണിക്കുന്നതിനുള്ള ആദ്യ കാരണം. മൂന്ന് ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ആരോഗ്യ അടിയന്തരാവസ്ഥ നിശ്ചയിക്കുന്നത്. അസാധാരണമായ നിലയിൽ രോഗവ്യാപനം പ്രകടമാകുക, രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത, രോഗപ്പകർച്ച തടയാൻ ലോകരാജ്യങ്ങളുടെ കൂട്ടായശ്രമം അത്യാവശ്യമാകുക എന്നിവയാണത്.
കഴിഞ്ഞ മാസം 47 രാജ്യങ്ങളില്‍ നിന്നായി 3040 വാനര വസൂരി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഒരു മാസം കൊണ്ട് രോഗബാധ അഞ്ചുമടങ്ങ് വര്‍ധിച്ചു. ഇത് ആശങ്കാജനകമാണെന്ന് ഉന്നതതല സമിതിയുടെ ഉപദേശവും ഗബ്രിയേസസ് ചൂണ്ടിക്കാട്ടി. രോഗത്തെക്കുറിച്ച് വ്യക്തമായ ശാസ്ത്രീയ അവബോധമില്ലെന്നതും രോഗത്തിനെതിരെ മുന്നറിയിപ്പ് നല്‍കുന്നതിനുള്ള മറ്റൊരു കാരണമായി ലോകാരോഗ്യസംഘടന പറയുന്നു. വാനര വസൂരി സംബന്ധിച്ച ശാസ്ത്രീയ സിദ്ധാന്തങ്ങള്‍, തെളിവുകള്‍ തുടങ്ങിയവയുടെ അഭാവമുണ്ടെന്നും ഗബ്രിയേസസ് പറഞ്ഞു. 

മനുഷ്യന്റെ ആരോഗ്യനില സംബന്ധിച്ച ആശങ്ക, ആഗോളതലത്തിലെ വ്യാപനം, അന്താരാഷ്ട്ര തലത്തിലുള്ള ഗതാഗതത്തെ ബാധിക്കുന്ന രീതിയിലുള്ള വ്യാപന തീവ്രത തുടങ്ങിയവയും രോഗബാധക്കെതിരെ മുന്നറിയിപ്പ് നല്‍കുന്നതിലേക്ക് എത്തിച്ചുവെന്ന് ഗബ്രിയേസസ് പറഞ്ഞു.
നേരത്തേ കോവിഡിനെയും ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. 2020 ജനുവരി 30ന് കോവിഡിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോൾ ചൈനയ്ക്ക് പുറത്ത് ആകെ 82 കേസുകൾ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 

Eng­lish Summary:Monkeypox is now a glob­al epidemic
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.