Web Desk

തിരുവനന്തപുരം

October 09, 2021, 10:59 pm

മോന്‍സന്‍ മാവുങ്കല്‍ തിരുവനന്തപുരത്തും പുരാവസ്തു മ്യൂസിയം തുടങ്ങാന്‍ പദ്ധതിയിട്ടു

Janayugom Online

മോൻസന്‍ മാവുങ്കൽ കൊച്ചിയിലേത് പോലെ തിരുവനന്തപുരത്തും പുരാവസ്തു മ്യൂസിയം എന്ന പേരില്‍ മ്യൂസിയം തുടങ്ങാൻ പദ്ധതിയിട്ടിരുന്നുവെന്ന് കണ്ടെത്തല്‍. ടി വി സംസ്കാര ചാനൽ സ്വന്തമാക്കാൻ ശ്രമിച്ചത് ഇതിന്റെ ഭാഗമായാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ചാനൽ തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ഇക്കാര്യം വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഹരിപ്രസാദിന് മോൻസന്‍ അയച്ച ഫോൺ സന്ദേശങ്ങൾ പൊലീസ് കണ്ടെടുത്തു.

ചാനൽ വാങ്ങുന്നതിന്റെ ഭാഗമായി 10 ലക്ഷം രൂപ ബിനാമിയായ ജോഷി വഴി ചാനൽ അധികൃതർക്ക് കൈമാറിയെന്നും സ്ഥിരീകരിച്ചു. ചാനലിന് തിരുവനന്തപുരത്ത് സ്വന്തമായി ഓഫീസുള്ളതും ചാനലിന്റെ പേരും അനുകൂലഘടകമായി കണ്ടാണ് മോൻസൺ ചാനൽ സ്വന്തമാക്കാൻ ശ്രമിച്ചത്. എന്നാൽ കോവിഡ് കാലമായതോടെ പദ്ധതി മുന്നോട്ട് പോയില്ലെന്നും മോൻസന്‍ മൊഴി നൽകി. ചെയർമാനാക്കിയാൽ 10 കോടി രൂപ നൽകാമെന്ന് മോൻസന്‍ വാഗ്ദാനം ചെയ്തതായാണ് വിവരം.

ആദ്യഘട്ടമെന്ന നിലയിൽ പത്ത് ലക്ഷം രൂപ കൈമാറി. എന്നാൽ രേഖകൾ പ്രകാരം ചെയർമാനായിട്ടില്ലെന്നും മോൻസന്‍ സമ്മതിച്ചു. പത്ത് ലക്ഷം രൂപ സ്ഥാപക എം ഡി ഹരിപ്രസാദിന് കൈമാറിയതിന്റെ ബാങ്ക് രേഖകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ ഇടപാടുകളുണ്ടോയെന്നറിയാൻ കേസിൽ രണ്ടാം പ്രതിയായ മോൻസനെ ഇന്നലെ ചാനൽ ഓഫീസിലെത്തിച്ച് തെളിവെടുത്തു. ഹരിപ്രസാദിനെയും പ്രതിചേർത്താണ് അന്വേഷണം. ഉടമകൾ അറിയാതെ ചാനൽ ഷെയറുകളിൽ നിന്നായി ഒന്നരക്കോടി രൂപ തട്ടിയെന്നാണ് കേസ്. സിഗ്നേച്ചർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം ഡി ബാബു മാധവാണ് പരാതിക്കാരൻ.

അതേ സമയം മോന്‍സന്റെ പേരിൽ ഭൂമിയോ വസ്തുക്കളോ ഇല്ലാത്തതിനാല്‍ പരാതിക്കാര്‍ക്ക് പണം ലഭിക്കുന്ന കാര്യത്തിലും സംശയമുണ്ട്. ആകെയുളളത് ചേർത്തലയിലെ കുടുംബ സ്വത്ത് മാത്രമാണ്. മോൻസന്റെ പേരിലോ ബിനാമി പേരുകളിലോ സ്വത്തുക്കളുണ്ടോയെന്ന് കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. രജിസ്ട്രേഷൻ വകുപ്പിനും ബാങ്കുകൾക്കും ക്രൈംബ്രാഞ്ച് കത്തുനൽകി. മുഴുവൻ പണവും ധൂർത്തടിച്ചെന്നാണ് മോൻസൻ ആവർത്തിക്കുന്നത്. പാസ്പോർട്ട് ഓഫീസിനും ക്രൈംബ്രാഞ്ച് കത്തു നൽകി. വ്യാജ പാസ്പോർട്ടിൽ ഇയാൾ വിദേശത്ത് പോയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

Eng­lish Sum­ma­ry: Mon­son Mavun­gal plans to open an arche­o­log­i­cal muse­um in Thiru­vanan­tha­pu­ram as well

You may like this video also