ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കലിതുള്ളിയെത്തിയ പെരുമഴകാലത്തെ രോഗങ്ങളെ അകറ്റാം!

Web Desk
Posted on July 12, 2019, 8:25 pm

കാലം തെറ്റി വരുന്ന മഴക്കാലത്ത് മലയാളി ആരോഗ്യത്തിനും ശ്രദ്ധ നൽകിയെ മതിയാകൂ. ജലം, വായു, ഭൂമി എന്നിവ ഒരേപോലെ മലിനമാകുന്ന മഴക്കാലത്ത് രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും ഏറെയാണ്. ശുചിത്വത്തിനൊപ്പം ഓരോരുത്തരും ശ്രദ്ധിക്കേണ്ട  കാര്യങ്ങളിൽ ഒന്നാണ് ഭക്ഷണ രീതി  ഭക്ഷണ രീതിയിലുണ്ടാകുന്ന ചെറിയ അശ്രദ്ധകൾ പോലും നമ്മളിൽ ശാരീരിക അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കും.  ഈ മഴക്കാലത്തു ആരോഗ്യത്തോടെ ഇരിക്കാൻ കൃത്യമായ ഭക്ഷണ രീതികളും നമുക്കും ശീലിക്കാം .

ശീലിക്കേണ്ട ആഹാരങ്ങൾ

 • സൂപ്പ്,ഗോതമ്പ് ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍, ചെറുപയര്‍, മലര്‍ക്കഞ്ഞി, തേന്‍, ചെറുപയറിന്‍ രസം എന്നീ   ആഹാരസാധനങ്ങളാകും കൂടുതൽ ഉത്തമം.
 • ചെറു ചൂടുള്ളതും ദഹിക്കാൻ എളുപ്പമുള്ളതുമായ ആഹാരങ്ങൾ ഉപയോഗിക്കുക.
 • വൃത്തിയായ സാഹചര്യത്തിൽ ആഹാരങ്ങൾ പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുക.
 • ചുക്ക്, കൊത്തമല്ലി, പഞ്ചലോഹ ചൂര്‍ണം തുടങ്ങിയവ ഏതെങ്കിലും കൊണ്ട് തിളപ്പിച്ചജലം ഉപയോഗിക്കാം.
 • തക്കാളി, മത്തങ്ങ, കാബേജ്, കുമ്പളങ്ങ, വഴുതനങ്ങ, പാവയ്ക്ക തുടങ്ങിയവ ആവശ്യത്തിന് മാത്രം ഉയോഗിക്കുക.
 • കാപ്പി,ചായ എന്നിവ മിതമായ മാത്രം ഉപയോഗിക്കുന്നതാകും നല്ലത്.
 • അലൂമിനിയം പാത്രങ്ങള്‍ക്കുപകരം സ്റ്റീല്‍, മണ്‍, ഓട് പാത്രങ്ങള്‍ പാചകത്തിനായി ഉപയോഗിക്കുക.

ഒഴിവാക്കേണ്ട ആഹാരങ്ങൾ

 • മാംസാഹരങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.
 • തണുത്തവെള്ളം, ചോളം വറുത്തതും പൊരിച്ചതും അജിനോമോട്ടോ ചേര്‍ത്തതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കുക.
 • രാത്രിയില്‍ മാംസാഹാരത്തിനു പുറമെ  തൈര്, പൊറോട്ട എന്നിവ നിര്‍ബന്ധമായും ഒഴിവാക്കുക.
 •  തണുത്തതും ശീതികരിച്ചതുമായ ആഹാരസാധനങ്ങള്‍, വറുത്ത മാംസങ്ങളും മത്സ്യങ്ങളും  തുടങ്ങിയ ആഹാരസാധനങ്ങള്‍ ചൂടാക്കിയതിനു ശേഷം ഉപയോഗിക്കുക

ഭക്ഷണ രീതികൾക്ക് പുറമെ ദിനചര്യയിലും നമ്മൾ ജാഗ്രത പാലിച്ചേ മതിയാകു. അതിനായി നമ്മൾ ശീലിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ശീലിക്കേണ്ട രീതികൾ

 • രാത്രിയിൽ കഴിവതും ഭക്ഷണം നേരത്തെ കഴിക്കുക.
 • നേരത്തെ ഉറങ്ങുക.
 • മദ്യത്തിനുപകരം അരിഷ്ടാസവങ്ങള്‍ ഔഷധമാത്രയില്‍ ശീലിക്കുക.

ഒഴിവാക്കേണ്ട രീതികൾ

 • പകൽ ഉറങ്ങാതിരിക്കുക, അമിതമായി മഴ നനയാതിരിക്കുക,അമിതാധ്വാനം ഒഴിവാക്കുക.
 • ഉണങ്ങിയ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക.

രോഗങ്ങള്‍ എന്തുകൊണ്ട്? 

ആഹാരത്തെ പോലെ തന്നെ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ് ജലജന്യ രോഗങ്ങൾ.

01. മഴക്കാലത്ത് പ്ലാസ്റ്റിക് പാത്രങ്ങള്‍, ചിരട്ട, പൊട്ടിയ മണ്‍പാത്രങ്ങള്‍, കുഴികള്‍ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകള്‍ക്ക് പ്രജനനം ചെയ്യാനും അവയുടെ എണ്ണം വന്‍തോതില്‍ കൂടുന്നതിനും കാരണമാവുന്നു. ഇത് ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ കൂടാനും കാരണമാവുന്നു.
02. മഴക്കാലത്ത് ഈര്‍പ്പം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നത് രോഗാണുക്കളുടെ സാന്ദ്രത വര്‍ധിക്കാന്‍ കാരണമാവുന്നു.
03. മാളങ്ങളില്‍ വെള്ളം കയറുന്നതു മൂലം എലികള്‍ കൂട്ടത്തോടെ പുറത്തേക്കു വരികയും വെള്ളം വ്യാപകമായി എലിമൂത്രം കൊണ്ട് മലിനമാകുകയും ചെയ്യുന്നു. ഈ മലിനജലവുമായി ത്വക്ക് സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ എലിപ്പനിയുടെ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രോഗമുണ്ടാക്കുന്നു.

you may also like this video