Saturday
23 Feb 2019

കാര്‍ഷിക മേഖലയെ തകര്‍ത്തെറിഞ്ഞ് കാലവര്‍ഷം

By: Web Desk | Tuesday 21 August 2018 7:30 PM IST


ആലപ്പുഴ: അഞ്ച് ദിവസത്തെ ശക്തമായ മഴയില്‍ ജില്ലയിലെ കാര്‍ഷിക മേഖല പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞ സ്ഥിതിയിലാണ്. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളെ പൂര്‍ണ്ണമായും ഇല്ലാതാക്കിയ മഴ ജനങ്ങള്‍ക്ക് മാത്രമല്ല കര്‍ഷകര്‍ക്കും വലിയ ദുഃഖങ്ങളാണ് സമ്മാനിച്ചത്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കൃഷിനാശം ഉണ്ടായത് ആലപ്പുഴയില്‍ തന്നെയാണ്. ഇവിടെ 301 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഏകദേശം 8391.55 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി അടക്കം നാമാവശേഷമായി. മുമ്പ് മടവീഴ്ചയില്‍ നിന്നും രക്ഷപെടുത്തിയ രണ്ടാം കൃഷിയിലെ പാടശേഖരങ്ങള്‍ ഇക്കുറി തീര്‍ത്തും ജലശേഖരങ്ങളായി മാറി.
മഴയ്ക്ക് കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും എപ്പോള്‍ ഈ പാടശേഖരങ്ങള്‍ പുനരുപയോഗിക്കുവാന്‍ കഴിയുമെന്ന് കര്‍ഷകര്‍ക്കും അറിയില്ല. നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ആശ്വാസകരമായ നടപടിയിലേയ്ക്ക് മാറാന്‍ ഇനിയും കാലതമാസം എടുക്കുമെന്നാണ് അറിയുന്നത്. ജില്ലയിലെ ഏറ്റവും കൂടുതല്‍ തുകയുടെ കൃഷി നാശമാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയും വെള്ളത്തിലായി. ആലപ്പുഴയിലെ റാണി കായല്‍, അപ്പര്‍കുട്ടനാട് മേഖലകളായ പത്തനംതിട്ടയിലെ ആറന്മുള പാടശേഖരം, കോട്ടയത്തെ മെത്രാന്‍ കായല്‍ എന്നിവിടങ്ങളിലെ കൃഷിയും പൂര്‍ണ്ണമായും നശിച്ചു. ഇതോടെ കര്‍ഷകര്‍ക്ക് ഇക്കുറി കണ്ണീരിന്‍റെ ഓണമാണ്.
Related News