September 26, 2022 Monday

പ്രതിപക്ഷ പ്രതിഷേധത്തോടെ വര്‍ഷകാല സമ്മേളനത്തിനു തുടക്കമായി

റെജി കുര്യന്‍
ന്യൂഡല്‍ഹി
September 14, 2020 11:24 pm

റെജി കുര്യന്‍

ചോദ്യവേള വേണ്ടെന്നുവച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു തുടക്കമായി. രാവിലെ ഒമ്പതു മണിക്കാണ് ലോക്‌സഭ സമ്മേളിച്ചത്. മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അടക്കം അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച സഭ ആദരസൂചകമായി ഒരു മണിക്കൂര്‍ നേരം നിര്‍ത്തിവച്ചു. വീണ്ടും സഭ സമ്മേളിച്ചയുടന്‍ ചോദ്യവേള ഇല്ലാതാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. രാജ്യസഭയിലും പ്രശ്നം ചൂടേറിയ വാഗ്വാദങ്ങൾക്ക് വഴിവച്ചു. എങ്കിലും സഭയ്ക്കകത്തെ ഭൂരിപക്ഷം ഉപയോഗിച്ച് നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്കുള്ള മറുപടി, ശൂന്യവേള, സ്വകാര്യ ബില്ലിനുള്ള അവസരം എന്നിവ വേണ്ടെന്നുവയ്ക്കുന്ന പ്രമേയം ഇരുസഭകളും അംഗീകരിക്കുകയായിരുന്നു. ഇതിനിടയില്‍ ചൈനീസ് അതിര്‍ത്തി പ്രശ്‌നം ഉയര്‍ത്താന്‍ നടത്തിയ ശ്രമവും സ്പീക്കര്‍ അംഗീകരിച്ചില്ല.

പതിവിനു വിപരീതമായി സാമൂഹ്യ അകലം പാലിച്ചും മാസ്‌ക് ധരിച്ചും സഭയില്‍ പ്രവേശിച്ച എം പിമാര്‍ അകന്നിരുന്നുകൊണ്ടാണ് സഭാസമ്മേളനത്തില്‍ പങ്കെടുത്തത്. രാജ്യസഭയില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞക്കെത്തിയ അംഗം മുഖത്തു നിന്നും മാസ്‌ക് നീക്കിയപ്പോള്‍ മാസ്‌ക് ധരിച്ചു മതി സത്യപ്രതിജ്ഞയെന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു വനിതാ അംഗത്തോടു നിര്‍ദ്ദേശിച്ചു.

ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് രാജ്യസഭ സമ്മേളിച്ചത്. എം വി ശ്രേയാംസ് കുമാര്‍ ഉള്‍പ്പെടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യ പ്രതിജ്ഞയാണ് ആദ്യം നടന്നത്. തുടര്‍ന്ന് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്കും രാജ്യസഭാംഗങ്ങളായിരുന്ന 18പേര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച സഭ ആദരസൂചകമായി ഒരു മണിക്കൂര്‍ നേരത്തേക്ക് പിരിഞ്ഞു. തുടര്‍ന്ന് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ചോദ്യവേള ഇല്ലാതാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. എന്നാല്‍ പ്രത്യേക സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും അംഗങ്ങള്‍ക്ക് ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാവുന്നതാണെന്നും സഭാധ്യക്ഷന്‍ വ്യക്തമാക്കി. ഇതിനു ശേഷം രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പും അംഗങ്ങളുടെ അനുമോദനവുമാണ് നടന്നത്. ഉപാധ്യക്ഷന്റെ മറുപടി പ്രസംഗത്തിനൊടുവില്‍ സര്‍ക്കാര്‍ നടപടികളിലേക്കു കടന്ന സഭ ഏഴുമണിയോടെ പിരിഞ്ഞു.

ചൈനാ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പു ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിലപാട് ഇന്ന് പാര്‍ലമെന്റിനു മുന്നില്‍ വച്ചേക്കും എന്നാണ് വിവരം. എന്നാല്‍ അതിര്‍ത്തി വിഷയം പരമ പ്രാധാന്യമുള്ളത് ആയതിനാല്‍ സര്‍ക്കാരിനു എല്ലാ വിവരങ്ങളും വെളിപ്പെടുത്തുന്നതില്‍ തടസ്സങ്ങളുണ്ട്. ഇത് പരിഗണിച്ച് പാര്‍ലമെന്റിലെ പ്രസ്താവനയ്ക്കു മുന്നോടിയായി കക്ഷി നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നാണ് കരുതുന്നത്.

Eng­lish sum­ma­ry; mon­soon ses­sion of indi­an parliament

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.