പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി

July 18, 2021, 10:45 pm

കോവിഡ്,ഇന്ധനവില: പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിഷേധം കനക്കും

Janayugom Online

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിലും കോടിക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ജീവിതമാര്‍ഗങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിലും സമ്പൂര്‍ണമായി പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ സംയുക്ത പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷപാര്‍ട്ടികള്‍.

ഇന്ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ സിപിഐ ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് ഭരണകൂട വീഴ്ചകള്‍ക്കും സ്വേച്ഛാധിപത്യ, ജനാധിപത്യവിരുദ്ധ നടപടികള്‍ക്കുമെതിരെ പ്രതിഷേധമുയര്‍ത്തും. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രതിഷേധം പാര്‍ലമെന്റിനകത്തും ശക്തമാക്കുന്നതിനാണ് പ്രതിപക്ഷം കൈകോര്‍ക്കുക.

കോവിഡ് വ്യാപനം ആരംഭിച്ച 2020 മാര്‍ച്ച് മാസത്തിനുശേഷം കഴിഞ്ഞ 17 മാസമായി സ്വേച്ഛാധിപത്യ പ്രവണതകളും ജനാധിപത്യത്തിന്റെ തകര്‍ച്ചയും പ്രധാന വെല്ലുവിളിയായി മാറി. ഭരണകൂടത്തിനെതിരെ എതിരഭിപ്രായം പ്രകടിപ്പിച്ചുവെന്നതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന സാഹചര്യം രാജ്യത്ത് ഇതുവരെയില്ലാത്തതാണെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു. ഭരണകൂട ഭീകരതയുടെ ഇരയായ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണവും ചര്‍ച്ചയായി മാറും.

തൊഴിലില്ലാതാകുന്നവരുടെ എണ്ണവും വിലക്കയറ്റവും പുതിയ ഉയരങ്ങളിലാണ്. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് നേരിട്ടുള്ള ധനസഹായം ഉറപ്പുവരുത്തണമെന്ന ആവശ്യം മുന്നോട്ടുവച്ച് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നതിനാണ് നടപ്പുസമ്മേളനത്തില്‍ പ്രതിപക്ഷം ഏറ്റവും പ്രധാനമായി തയ്യാറെടുക്കുന്നത്. കോവിഡ് ഗുരുതരമായി ബാധിച്ച ജീവിതം തിരിച്ചുപിടിക്കുന്നതിന് ഇത് അത്യാവശ്യമാണെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി സമരത്തിലേര്‍പ്പെട്ട കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി, പാര്‍ലമെന്റില്‍ ശക്തമായ പോരാട്ടം നടത്തുകയെന്നത് ഏറ്റവും അടിയന്തരമായ കടമയായി പ്രതിപക്ഷപാര്‍ട്ടികളെല്ലാം തിരിച്ചറിയുന്നു. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളിലുള്‍പ്പെടെ പ്രധാനപ്പെട്ട വിഷയമായി കടന്നുവരാന്‍പോകുന്നത് കര്‍ഷകസമരം തന്നെയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങളും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെടും. അതേസമയം, സമ്മേളന കാലയളവില്‍ മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിയമം, പെട്രോളിയം ആന്റ് മിനറല്‍സ് പൈപ്പ്‌ലൈന്‍സ് ഭേദഗതി നിയമം, വൈദ്യുതി(ഭേദഗതി) നിയമം എന്നിവയുള്‍പ്പെടെ വിവാദ ബില്ലുകള്‍ പാസാക്കിയെടുക്കാനുള്ള ഒരുക്കത്തിലാണ് മോഡി സര്‍ക്കാര്‍.

Eng­lish sum­ma­ry: mon­soon ses­sion of parliament

You may also like this video: