ഡോ. എം ആര്‍ സുദര്‍ശനകുമാര്‍

July 19, 2021, 4:56 am

ജൂലെെ 20, 1969: മാനവരാശിയുടെ വന്‍കുതിപ്പ്

Janayugom Online

1969 ജൂലെെ ഇരുപതാം തീയതി ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ദിനമാണ്. അന്നാണ് നീല്‍ ആംസ്ട്രോങ് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത്.

1969 ജൂലെെ 16ന് രാവിലെയാണ് അപ്പോളോ പതിനൊന്ന് ദൗത്യത്തിലെ ബഹിരാകാശ യാത്രികരായ നീല്‍ ആംസ്ട്രോങ്, ബസ് ആല്‍ഡ്രിന്‍, മെെക്കള്‍ കോളിന്‍സ് എന്നിവര്‍ കെന്നഡി സ്പേസ് സെന്ററില്‍ നിന്നും ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റിന്റെ ഉയരം 363 അടിയായിരുന്നു. പന്ത്രണ്ട് മിനിറ്റുകള്‍ക്ക് ശേഷം യാത്രികര്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഒന്നര ഭ്രമണത്തിനു ശേഷം ചന്ദ്രനെ ലക്ഷ്യം വച്ച് നീങ്ങുവാന്‍ യാത്രികര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. മൂന്നു ദിവസങ്ങള്‍ക്കുശേഷം ജൂലെെ 19ന് യാത്രികര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി! (ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം 3,84,400 കിലോമീറ്ററാണെന്നത് ഓര്‍ക്കുക!) ഒരു ദിവസത്തിനുശേഷം ആംസ്ട്രോങ്ങും ആള്‍ഡ്രിനും ചാന്ദ്രപേടകമായ ‘ഈഗിളില്‍’ ഇരിപ്പുറപ്പിച്ച് ചന്ദ്രനിലേക്ക് ഇറക്കമാരംഭിച്ചു. ‘കൊളംബിയ’ കമാന്‍ഡ് മോഡ്യൂളിലിരുന്ന് കോളിന്‍സ് ചന്ദ്രനെ ഭ്രമണം ചെയ്യുകയും ചെയ്തു.

ജൂലെെ 20ന് ‘ഈഗിള്‍’ ചന്ദ്രനില്‍ തൊടുമ്പോള്‍ മുപ്പത് സെക്കന്റ് നേരത്തേക്കുള്ള ഇന്ധനം മാത്രമാണ് അവശേഷിച്ചിരുന്നത്.

നീല്‍ ആംസ്ട്രോങ് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തി. ലോകത്തുള്ള അമ്പത് കോടി ആള്‍ക്കാര്‍ ഇത് ടി വിയില്‍ കണ്ടു. ‘ഒരു മനുഷ്യന്റെ ചെറിയ കാല്‍വയ്പ്. മാനവരാശിയുടെ വന്‍ കുതിപ്പ്.’ എന്നാണ് നീല്‍ ആംസ്ട്രോങ് ഈ ചരിത്ര ദൗത്യത്തെ വിശേഷിപ്പിച്ചത്. അധികം താമസിയാതെ ആല്‍ഡ്രിനും ചന്ദ്രോപരിതലത്തിലിറങ്ങി. രണ്ടര മണിക്കൂര്‍ അവര്‍ ഉപരിതലത്തില്‍ പര്യവേഷണം നടത്തി. അവിടെനിന്ന് സാമ്പിളുകള്‍ ശേഖരിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

അപ്പോളോ ഒന്ന് ദൗത്യത്തിലെ വിക്ഷേപണത്തിന് തയ്യാറെടുപ്പ് നടത്തുന്ന പരീക്ഷണ ഘട്ടത്തില്‍ നടന്ന തീപിടിത്തത്തില്‍ ഗസ് ഗിസോം, എഡ് വെെറ്റ്, റോജര്‍ ഷാഫി എന്നീ അമേരിക്കന്‍ ബഹിരാകാശ യാത്രികര്‍ മരണപ്പെട്ടു. 1967 ഫെബ്രുവരി 21നാണ് വിക്ഷേപണം നടത്താന്‍ പദ്ധതിയിട്ടിരുന്നത്. ജനുവരി 27നാണ് അഗ്നിബാധയുണ്ടായി മൂവരും മരിച്ചത്. ഇവരെ സ്മരിക്കുന്ന ഫലകവും അമേരിക്കന്‍ പതാകയും ആംസ്ട്രോങ്ങും ആല്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ സ്ഥാപിച്ചു. കൂടാതെ ഈഗിളിന്റെ ഒരു കാലില്‍ ഒരു ഫലകവും സ്ഥാപിച്ചു. ഫലകത്തില്‍ ഇങ്ങനെ കുറിച്ചിരുന്നു. ‘ഇവിടെ ഭൂമിയില്‍ നിന്നും വന്ന മനുഷ്യര്‍ 1969 ജൂലെെയില്‍ കാലുകുത്തിയിരുന്നു. മാനവരാശിയുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി സമാധാനത്തിനാണ് ഇവിടെ വന്നത്’. ജൂലെെ 24ന് മൂവരും തിരിച്ചെത്തി.

ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടേയും സാങ്കേതിക വിദഗ്ധരുടേയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ബഹിരാകാശരംഗത്ത് വലിയ സ്വപ്നങ്ങള്‍ കാണുവാനും അത് സാധ്യമാക്കുവാനും കൂട്ടായ പ്രവര്‍ത്തനത്തിന് വഴികാട്ടിയായത് ഈ ദൗത്യത്തിന്റെ വിജയമാണ്.