മൂന്നാം പ്രളയം തീയേറ്ററുകളില്‍

Web Desk
Posted on August 02, 2019, 6:42 pm

അടിമാലി: നൂറ്റാണ്ട് കണ്ട മഹാപ്രളയം പുനരാവിക്ഷക്കരിച്ച മൂന്നാം പ്രളയം തീയേറ്ററുകളില്‍. കൃത്യം ഒരു വര്‍ഷം മുമ്പ് മലയാളി  അഭിമുഖീകരിച്ച മഹാദുരിതം ഒരിക്കല്‍ കൂടി പുനരാവിക്ഷക്കരിക്കുകയാണ് രജീഷ് രാജു സംവിധാനം ചെയ്ത മൂന്നാം പ്രളയം. ചിത്രം തീയേറ്ററുകളില്‍ എത്തി ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ചിത്രത്തിന് ലഭിക്കുന്നത്.

മമ്മൂട്ടിയുടെ സഹോദരി പുത്രന്‍ അസ്‌ക്കര്‍ സൗദാനാണ് ചിത്രത്തിലെ നായകന്‍. സായികുമാര്‍,ബിന്ദുപണിക്കര്‍, അരിസ്റ്റോ സുരേഷ്, കുളപ്പള്ളി ലീല തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.അടിമാലി സ്വദേശിയായ ദേവസ്യാ കുര്യാക്കോസാണ് മൂന്നാം പ്രളയം നിര്‍മ്മിച്ചിട്ടുള്ളത്. വിദേശത്തായിരുന്ന താന്‍
പ്രളയാനന്തരം കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ട ഹൃദയഭേദകമായ കാഴ്ച്ചകള്‍ ചിത്രം നിര്‍മ്മിക്കാന്‍ പ്രേരണയായെന്നും എക്കാലവും ഓര്‍മ്മിക്കാന്‍ അടയാളപ്പെടുത്തി വയ്ക്കണമെന്ന് തോന്നിയതു കൊണ്ടാണ് ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും  ദേവസ്യാ കുര്യാക്കോസ്
പറഞ്ഞു.

ഒരുപാട് ജീവനുകള്‍ കവര്‍ന്ന മഹാപ്രളയത്തിന്റെ ആദ്യവാര്‍ഷികമെത്തും മുമ്പെ ചിത്രം തീയേറ്ററുകളില്‍ എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ വലിയ രീതിയില്‍ ശ്രമം നടത്തിയിരുന്നു. ഒരു വയസ്സുള്ള കുരുന്ന് മുതല്‍ 75 വയസ്സുള്ള വയോധികനെ വരെ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തിച്ചിട്ടുണ്ട്. എസ് കെ വില്വാനാണ്  മൂന്നാം പ്രളയത്തിന്റെ കഥയും
തിരക്കഥയും നിര്‍വ്വഹിച്ചിട്ടുള്ളത്. വിനോദമെന്നതിലുപരി കേരളം നേരിട്ട ദുരിത ചിത്രം ഒരിക്കല്‍ കൂടി കാണുവാനുള്ള ആകാംക്ഷയാണ് സിനിമാ പ്രേമികള്‍ക്കുള്ളത്. മികച്ച പ്രതികരണവുമായി 180 കേന്ദ്രങ്ങളില്‍ ചിത്രം പ്രദര്‍ശനം തുടരുന്നു.