മൂന്ന് കവിതകള്‍

Web Desk
Posted on September 15, 2019, 10:23 am

രാഘവന്‍ തേര്‍ത്തല്ലി

വചനം

മഴ പ്രവചിക്കാന്‍
ഈയ്യലുകള്‍വരുമെന്ന്
പറവകള്‍ക്ക്
വെളിപാടുണ്ടായി
പ്രവചനം ഫലിച്ചു
ആകാശത്തിന് ഉടലും
ഭൂമിക്ക് ചിറകും കിട്ടി.

ബലി

വിരുന്നുകാരീ
രക്തവും മാംസവും ദഹിക്കാന്‍
നിനക്ക്
ഒറ്റരാത്രി
അസാന്നിദ്ധ്യം ശാശ്വതീകരിക്കാന്‍
പിറ്റേന്ന് സങ്കടപ്പുസ്തകത്തില്‍
ഒറ്റവരി.

അകംപുറം

വെടിയുണ്ട മറുകണ്ടം ചാടി
വിടവിലൂടെ പോകുമ്പോള്‍
മരണമാണ് പുറത്ത്
പുല്‍കുമ്പോള്‍ മരണം
ചെവിയില്‍ മന്ത്രിച്ചു;
”എന്തുചെയ്തതിന്?”
ജീവിതം കൈമലര്‍ത്തി.
പിരിയുമ്പോള്‍
മരണം കരഞ്ഞുവോ!
ജീവിതം ചിരിച്ചുവോ!
അതെല്ലാം ആരോര്‍മിക്കുന്നു…