February 3, 2023 Friday

Related news

July 26, 2022
August 27, 2021
June 5, 2021
November 5, 2020
October 26, 2020
February 13, 2020
February 7, 2020
January 31, 2020

ആഗോള താപനത്തിനെതിരെ ഉയരുന്ന മൂഴിക്കുളം മാതൃക

Janayugom Webdesk
October 26, 2020 10:45 am

ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, ഭൗമ പരിധി ലംഘനം എന്നിവ ഉൾപ്പടെയുള്ളവയെ പ്രതിരോധിക്കാൻ വ്യക്തികൾക്ക് എന്തു ചെയ്യാൻ കഴിയും? എന്ന ചോദ്യത്തിനുത്തരമാണ് മൂഴിക്കുളം ശാല ജൈവ കാമ്പസിൽ നടക്കുന്ന കാർബൺ ന്യൂട്രൽ അടുക്കള. ഇതൊക്കെ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമെന്ന് പറഞ്ഞ് മാറി നിൽക്കേണ്ടതല്ല എന്നും നമുക്ക് ചെയ്യാൻ ഏറെയുണ്ടെന്നും നമ്മെ ഓർമ്മിപ്പിക്കുകയാണ് ഈ അടുക്കള. .

കാർബൺ ന്യൂട്രൽ അടുക്കള മാത്രമല്ല മുഴിക്കുളം ശാല ജൈവ കാമ്പസ് തന്നെ ഒരു മാതൃകയും പ്രതിരോധവുമായി നിലകൊള്ളുന്നു. പ്രകൃതി വിരുദ്ധവും ജൈവ വിരുദ്ധവുമായ ഒരു പാട് നിയമങ്ങൾക്കു മുമ്പിലാണ് നാം ജീവിക്കുന്നത് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണീ കാമ്പസ്. ആ തിരിച്ചറിവാണ് 23 നാലു കെട്ടുകളും 29 ഒറ്റമുറി വീടുകളുമുള്ള ഒരു കമ്മ്യൂണിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. 5 സെന്റ് ഭൂമിയിലാണ് നാലുകെട്ട്. ഒരു സെന്റ് ഭൂമിയിൽ ഒറ്റമുറി വീടും. മതിലുകളില്ലാത്ത, രാസവളങ്ങളും കീടനാശിനികളുമില്ലാത്ത, ടാറിംഗ് ചെയ്യാത്ത വഴികൾ ഉള്ള, തേയ്ക്കാത്ത വീടുകൾ മാത്രമുള്ള, നല്ല കുളിർമ്മയും പ്രകൃതി സൗഹ്യദ അന്തരിക്ഷവുമുള്ള ഈ കാമ്പസ് ആരെയും ഭ്രമിപ്പിക്കുന്നത് തന്നെ…

കാർബൺ ന്യൂട്രൽ അടുക്കള

മൂഴിക്കുളം ശാലയിൽ നടക്കുന്ന ശ്രദ്ധേയമായ പരീക്ഷണമാണ് കാർബൺ ന്യൂട്രൽ അടുക്കള. പുതിയ കാലത്തിന്റെ അടുക്കളയാണിത്. കോടാനുകോടി ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ 3–4 നേരം ഭക്ഷണം കഴിക്കേണ്ടതില്ല എന്നും രണ്ട് നേരം കഴിച്ചാൽ മതി എന്ന സന്ദേശവും നൽകുകയാണ് ഈ അടുക്കളയിലൂടെ. ഇതിന് ആരോഗ്യരംഗത്തു മാത്രമല്ല സാമൂഹ്യ പ്രാധാന്യവുമേറെയാണ്. ഇവിടെ അടുക്കള ഉപകരണങ്ങൾ പോലും ലളിതമാണ്. ഗ്യാസോ അടുപ്പോ ഇവിടില്ല. മിക്സി, കട്ടിംഗ് ബോർഡുകൾ, കത്തികൾ, ചതക്കാനുള്ള കല്ല് എന്നിവ മാത്രമാണ് അടുക്കള ഉപകരണങ്ങളായുള്ളത്. ഇത്തരം ആഹാരക്രമത്തിലൂടെ ശരീരത്തിന് സ്വാസ്ഥ്യം ലഭിക്കുകയും ആശുപത്രിച്ചിലവ് കുറക്കുകയും വയറിനുണ്ടാകുന്ന അസുഖങ്ങൾ, ശ്വാസംമുട്ടൽ, ജീവിത ശൈലി രോഗങ്ങൾ എന്നിവയൊന്നും ഉണ്ടാകില്ല എന്ന നേട്ടവുമുണ്ട്. 40 ദിവസം ഈ ഭക്ഷണക്രമം തുടർന്നാൽ 41-ാം ദിവസം ശരീരത്തിൽ അൽഭുതകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും, പഴയ കോശങ്ങൾ മാറി പുതിയവ വരുമെന്നും, ഭാരം കൂടിയ ശരീരത്തെ ചുമന്നുകൊണ്ട് നടക്കുന്ന അവസ്ഥ മാറി നമുക്ക് വഴങ്ങുന്ന ശരീരമുണ്ടാകുകയും ചെയ്യുമെന്ന് ജൈവ കാമ്പസിന്റെ ഡയറക്ടർ ശ്രീ. TRപ്രേംകുമാർ പറഞ്ഞു.

നമ്മുടെ പൂർവ്വികർക്ക് ഭക്ഷണം ലാളിത്യത്തിന്റെതായിരുന്നു. ആഡംബരത്തിന്റെയല്ലായിരുന്നു. പറമ്പിൽ ലഭ്യമായ വസ്തുക്കൾ ആയിരുന്നു അവർ ഭക്ഷണത്തിലുൾപ്പെടുത്തിയിരുന്നത്. “ചക്കയും മാങ്ങയും മുമ്മാസം,

താളും തകരയുംമുമ്മാസം, ചേനയും ചേമ്പുംമുമ്മാസം, അങ്ങനെയിങ്ങനെ മുമ്മാസം” എന്ന നാടൻ പാട്ടിലധിഷ്ഠിതമായിരുന്നു അവരുടെ ജീവിതം. അതിൽ നിന്നു നമ്മൾ തിരിച്ചു പോയത് ആണ് നമ്മുടെ നാടിനെ ജീവിത ശൈലി രോഗങ്ങളുടെ സ്വന്തം നാടാക്കി മാറ്റിയത്. ഈ നാടിനെ ആരോഗ്യ കേരളമാക്കി മാറ്റാൻ ഈ സംരംഭത്തിന് തീർച്ചയായും കഴിയും.

പാചകം ചെയ്യുമ്പോഴുള്ള രുചി നഷ്ടം പരിഹരിക്കപ്പെടുന്നു എന്നതും സ്വാഭാവികമായ രുചി എന്നതും ഇവിടുത്തെ വിഭവങ്ങളെ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിർത്തുന്നു.

പാചകം ചെയ്യാത്ത വിഭവങ്ങളാണിവിടെ നൽകുന്നത്. അവിൽ ബിരിയാണി, നെല്ലിക്കാ ചമ്മന്തി, ഫ്രൂട്ട് സാലഡ്, പൈനാപ്പിൾ പീസ്, തേങ്ങാപ്പൂള്, ഉണക്ക നെല്ലിക്ക വെള്ളം, അവിയൽ, ചീര തോരൻ, മൊളോ ഷ്യം, ബീറ്റ്റൂട്ട് പായസം, വിവിധ തരം ജ്യൂസുകൾ എന്നിവയൊക്കെ വിഭവങ്ങളിൽ പെടുന്നു.

സീറോ വേസ്റ്റടുക്കള

വേസ്റ്റില്ലാത്ത അടുക്കള ( സീറോ വേസ്റ്റ് അടുക്കള ) എന്ന പ്രത്യേകതയും ഇതിനുണ്ട്. പച്ചക്കറിയുടെ എല്ലാ ഭാഗങ്ങളും ഇവിടെ ഉപയോഗിക്കപ്പെടുന്നു. മാത്രമല്ല ഉപഭോക്താക്കളുടെ ആവശ്യപ്രകാരം മാത്രം ആഹാരം തയ്യാറാക്കുന്നതിനാൽ അധികം വരാനുള്ള ഒരു സാധ്യതയുമില്ല എന്ന പ്രത്യേക തയും ഈ അടുക്കളക്കുണ്ട്. ഇനി എന്തെങ്കിലും അധികം വന്നാൽ ഭൂമിയിലേക്ക് ചേരുകയാണ്. തുറസായ സ്ഥലത്ത് ഭക്ഷണ അവശിഷ്ടങ്ങളിടുമ്പോൾ ഗ്രീൻ ഹൗസ് വാതകങ്ങളായ മീഥേൻ തുടങ്ങിയവ ഉണ്ടാകുന്നു. ഭൂമിക്കടിയിൽ കുഴിച്ചിടുന്നതിലൂടെ ഇത്തരം വാതകങ്ങൾ ഉണ്ടാകാനുള്ള സാഹചര്യവും ഒഴിവാകുന്നു.

ഉപ്പിനു പകരം ഇന്ദുപ്പാണ് ഉപയോഗിക്കുന്നത്. സാധാരണ അയഡിൻ കലർന്ന ഉപ്പുകൾ നിരവധി രോഗത്തിനു കാരണമാകുന്നുവെന്ന തിരിച്ചറിവാണ് ഇന്ദുപ്പുപയോഗിക്കുന്നതിന്റെ കാരണം. 2020 സെപ്തംബർ 17 (കന്നി 1) നാരംഭിച്ച താണ് ഈ അടുക്കള. പാറക്കടവ് പഞ്ചായത്തിനെ പൂർണമായും കാർബൺ ന്യൂട്രൽ ആക്കുന്നതിനുള്ള ശ്രമത്തിലാണ് മൂഴിക്കുളം ജൈവ കാമ്പസ്.

നാട്ടറിവ് പ0നക്കളരി

ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ആരംഭിച്ച നാട്ടറിവ് പ0നക്കളരിയും ഇവിടെ പ്രവർത്തിക്കുന്നു. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുക, ഓരോ പ്രവർത്തിയും കാർബൺ ന്യൂട്രലാക്കുക, ഞാറ്റുവേലകളുടെ പഠനം, ഓരോ വീടും ഓരോ ഉല്പാദന കേന്ദ്രമാക്കുക, എന്നിവ നാട്ടറിവു പ0നക്കളരിയുടെ ലക്ഷ്യങ്ങളിൽ ചിലതാണ്. ഈ പാഠശാലയെ അനൗപചാരിക സർവ്വകലാശാലയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇതിന്റെ സംഘാടകർ. തിങ്കളാഴ്ച തോറും പ്രസിദ്ധീകരിക്കുന്ന ശ്രദ്ധ ചുമർചിത്രവും ഇവിടെയുണ്ട്.

ഇത്തരം പ0നങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഇവിടെ നിന്ന് പ്രവഹിക്കുന്ന സന്ദേശം മറ്റൊരു ലോകവും ജീവിതവും സാധ്യമാണ് എന്നു തന്നെയാണ്. ആഗോള താപനമുൾപ്പടെയുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുന്ന ആരോഗ്യമുള്ള ഒരു കേരളമെന്ന സ്വപ്നം. ഈ സ്വപ്നത്തിലേക്കുള്ള യാത്രയുടെ ഭാഗമാണ് മൂഴിക്കുളം ജൈവ കാമ്പസും, അവിടുത്തെ കാർബൺ ന്യൂട്രൽ അടുക്കളയും, നാട്ടറിവു പ0നക്കളരിയും.. ചുരുക്കത്തിൽ പ0നത്തിലൂടെയും പ്രവർത്തനത്തിലൂടെയും പ്രതിരോധം തീർക്കുന്ന ഒരു കാമ്പസ്. അതാണ് മൂഴിക്കുളം ജൈവ കാമ്പസ് എന്ന് നിസംശയം പറയാം…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.