കര്‍ഷകരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം; റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചു

Web Desk
Posted on June 20, 2019, 9:34 am

തിരുവനന്തപുരം: കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടിയതിന് ആര്‍ബിഐ അനുമതി നിഷേധിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍. അടിയന്തിര യോഗം വിളിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. ബാങ്കേഴ്‌സ് സമിതി അംഗങ്ങളുടെ യോഗം വിളിക്കാനാണ് ആവശ്യപ്പെടുക.

സംസ്ഥാന സര്‍ക്കാറിനും കര്‍ഷകര്‍ക്കും വലിയ തിരിച്ചടിയായിട്ടാണ് കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടിയതിന് ആര്‍ബിഐ അനുമതി നിഷേധിച്ചത്. കര്‍ഷകരെടുത്ത കാര്‍ഷിക കാര്‍ഷികേതര വായ്പകളുടെയെല്ലാം മൊറട്ടോറിയെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടിക്കൊണ്ട് മെയ് 29നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന്റെ വിശദാംശങ്ങള്‍ ബാങ്കേഴ്‌സ് സമിതിക്ക് കൊടുത്തു. എന്നാല്‍, മുൻപ്  പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം നീട്ടിയതാണെന്നും ഇനി സാധ്യമല്ലെന്ന നിലപാട് ആര്‍ബിഐ സ്വീകരിച്ചു.

ഇത് വഴി വീണ്ടും ജപ്തി നടപടികളിലേക്ക് നീങ്ങാനുള്ള അവസരം ബാങ്കുകള്‍ക്ക് വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഇടപെടാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ തേടുന്നത്. ആര്‍ബിഐയെ സര്‍ക്കാര്‍ വീണ്ടും സമീപിച്ചേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഇളവ് കിട്ടുമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. ആര്‍ബിഐ തീരുമാനം മാറാതെ ബാങ്കുകള്‍ക്ക് ജപ്തി നടപടിയില്‍ നിന്ന് പിന്മാറാനും സാധിക്കില്ല.