കശുഅണ്ടി വ്യവസായികളുടെ വായ്പ കുടിശ്ശികയ്ക്ക് ഒരു വർഷത്തെ മൊറോട്ടോറിയം കൊടുക്കുന്ന കാര്യം ബാങ്കുകൾ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വ്യവസായികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജുമായി ബന്ധപ്പെട്ട് സംസ്ഥാനതല ബാങ്കേഴ്സ് സമിതി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അർഹതയുള്ള എല്ലാ കശുഅണ്ടി വ്യവസായങ്ങൾക്കും അധിക വായ്പ അനുവദിക്കണം.
അനുവദിക്കുന്ന വായ്പ പലിശയിൽ തട്ടിക്കിഴിക്കുന്നത് ഒഴിവാക്കണം. അധിക വായ്പ അനുവദിക്കുമ്പോഴും വായ്പ പുനഃക്രമീകരിക്കുമ്പോഴും പിഴപ്പലിശ പൂർണമായും ഒഴിവാക്കാനാകണം. ഒറ്റത്തവണ തീർപ്പാക്കുമ്പോൾ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കി മുതലിന്റെ നിശ്ചിത ശതമാനം തവണകളായി അടച്ചുതീർക്കാൻ സൗകര്യം ചെയ്യാവുന്നതാണ്. ഒരു വർഷത്തെ സാവകാശം നൽകിയാൽ പലരും ഒറ്റത്തവണ തീർപ്പാക്കാൻ സന്നദ്ധരാകും. അക്കാര്യത്തിൽ നടപടിയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ എടുത്ത തീരുമാനങ്ങൾ നടപ്പിൽ വരുത്താൻ ബാങ്കുകൾ ക്രിയാത്മകമായി കശുഅണ്ടി വ്യവസായികളുമായി സഹകരിക്കണമെന്ന് കശുഅണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ ആവശ്യപ്പെട്ടു.
സ്വകാര്യ കശുഅണ്ടി വ്യവസായം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ പുനഃരുദ്ധാരണ പാക്കേജ് സർക്കാർ തയ്യാറാക്കിയിരുന്നു. എന്നാൽ വ്യവസ്ഥയനുസരിച്ച് വായ്പകൾ നൽകാൻ ബാങ്കുകൾ തയ്യാറായില്ല. സമയബന്ധിതമായി വായ്പ കൊടുക്കാതെ തടസങ്ങൾ പറയുന്നത് വ്യവസായത്തെ തളർത്തുകയാണ്. വ്യവസായികൾ മാത്രമല്ല, തൊഴിലാളികളും ഈ മേഖലയിലെ പ്രശ്നങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി സംസ്ഥാനതല ബാങ്കേഴ്സ് സമിതി പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തത്. ആസൂത്രണ‑സാമ്പത്തികകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ ജയതിലക് കശുഅണ്ടി വ്യവസായ വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണ ഭട്ട്, കേരള കാഷ്യൂ ബോർഡ് സിഎംഡി മാരപാണ്ഡ്യൻ, സംസ്ഥാനതല ബാങ്കേഴ്സ് സമിതി ജനറൽ മാനേജർ അജിത് കൃഷ്ണൻ, വിവിധ ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.