Web Desk

ന്യൂഡൽഹി

October 05, 2020, 10:58 pm

മൊറട്ടോറിയം: കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതി; ഒളിച്ചുകളി വേണ്ട: പ്രേശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ സത്യവാങ്മൂലം പരാജയപ്പെട്ടു

Janayugom Online

വായ്പാ മൊറട്ടോറിയം കാലയളവിലെ പലിശയും പിഴപ്പലിശയും സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളിക്കെതിരെ സുപ്രീം കോടതി. രണ്ടു കോടി രൂപവരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാമെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം അപൂര്‍ണ്ണമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. സർക്കാരിന്റെ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് കോടതി നിരീക്ഷിച്ചു.

മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുന്നതു സംബന്ധിച്ച ഹർജികളിൽ വാദം കേൾക്കുന്നത് ഒക്ടോബർ 13ലേയ്ക്ക് നീട്ടി. മറ്റൊരു സത്യവാങ്മൂലംകൂടി നൽകാൻ സർക്കാരിനോടും റിസർവ് ബാങ്കിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കെ വി കമത്ത് സമിതിയുടെ ശുപാർശയുമായി ബന്ധപ്പെട്ട് എന്താണ് ചെയ്തതെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാർ ഉന്നയിച്ച നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ സത്യവാങ്മൂലം പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. റിയൽ എസ്റ്റേറ്റ്, വൈദ്യുതി മേഖലകളിലുള്ളവരുടെ ആശങ്കകൾ പരിഗണിക്കാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനങ്ങൾ നടപ്പാക്കുന്നതിനായി സർക്കാരോ റിസർവ് ബാങ്കോ ഉത്തരവുകളോ സർക്കുലറുകളോ പുറപ്പെടുവിച്ചിട്ടില്ല.

അനന്തരഫലങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുമില്ല‑കോടതി നിരീക്ഷിച്ചു. ഹർജിയുമായി ബന്ധപ്പെട്ട എല്ലാ സത്യവാങ്മൂലങ്ങളും 12നകം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുകോടി രൂപവരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാം എന്നുവ്യക്തമാക്കുന്ന സത്യവാങ്മൂലം കേന്ദ്ര സർക്കാർ നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. ബാങ്ക് വായ്പ തിരിച്ചടവുകൾക്കുള്ള മൊറട്ടോറിയത്തിന്റെ പലിശ ഒഴിവാക്കുന്നതിൽ കോടതി ഇതിനോടകം ചോദിച്ച നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. റിയൽ എസ്റ്റേറ്റ് വായ്പ ക്രമീകരിക്കുന്നതിൽ തീരുമാനം അറിയിക്കണമെന്നാണ് കോടതി പ്രധാനമായും വ്യക്തമാക്കിയത്. ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശിക, വാഹന വായ്പ, പേഴ്സണൽ വായ്പ, ഗൃഹോപകരണങ്ങൾ വാങ്ങാനെടുത്ത വായ്പ എന്നിവയ്ക്കാണ് ഇളവുകൾ ലഭിക്കുക. അതേസമയം രണ്ടു കോടി രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നും സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ആറ് മാസത്തെ മൊറട്ടോറിയം കാലാവധിക്കാലത്തെ പിഴപ്പലിശയാണ് ഒഴിവാക്കുക. എന്നാൽ റിയൽ എസ്റ്റേറ്റ് ബിൽഡർമാർ അടക്കമുള്ളവരുടെ പിഴപ്പലിശ ഇതിൽ നിന്ന് ഒഴിവാക്കില്ലെന്ന് വ്യക്തമായതോടെ നിർമ്മാണമേഖലയിലെ പ്രമുഖർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇനി കേസ് പരിഗണിക്കുമ്പോൾ, അവരുടെ മറുപടി കൂടി കോടതിയുടെ പരിഗണനയ്ക്ക് വരും.

you may also like this video