കാര്‍ഷിക വായ്പകളുടെ തിരിച്ചടവില്‍ ഡിസംബര്‍ 31 വരെ മൊറട്ടോറിയം

Web Desk
Posted on August 07, 2019, 9:57 pm

*പുനഃക്രമീകരിക്കപ്പെട്ടിട്ടില്ലാത്ത വായ്പകള്‍ക്ക് ജപ്തി നടപടികള്‍ ഉണ്ടാകില്ല
*പുതിയ വായ്പകള്‍ ലഭ്യമാക്കും

തിരുവനന്തപുരം: കര്‍ഷകര്‍ ബാങ്കുകളില്‍ നിന്നും എടുത്ത എല്ലാവിധ വായ്പകളുടെയും തിരിച്ചടവില്‍ 2019 ഡിസംബര്‍ 31 വരെ മൊറട്ടോറിയം ബാധകമാക്കാന്‍ എസ്എല്‍ബിസി യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പുനഃക്രമീകരിക്കപ്പെട്ടിട്ടില്ലാത്ത വായ്പകള്‍ക്ക് മേല്‍ യാതൊരു വിധ ജപ്തി നടപടികളും ഉണ്ടാകില്ലെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാറും അറിയിച്ചു.
പുന:ക്രമീകരിക്കാത്ത വായ്പകള്‍ എന്‍പി പട്ടികയില്‍ നിന്ന് മാറ്റുന്നതിന് നടപടികള്‍ സ്വീകരിച്ച് കര്‍ഷകര്‍ക്ക് പുതിയ വായ്പകള്‍ ലഭ്യമാക്കാനും തീരുമാനമായതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുത്തിട്ടുള്ള വായ്പയുടെ പലിശ അടച്ചാല്‍ പുനര്‍വായ്പ നല്‍കാമെന്ന് ബാങ്കുകള്‍ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുന്‍പ് പുനഃക്രമീകരിക്കപ്പെട്ടിട്ടുളള വായ്പകള്‍ സ്റ്റാന്‍ഡേര്‍ഡ് കാറ്റഗറിയില്‍ നിര്‍ത്തുന്നതിനും അവയ്ക്ക് മൊറട്ടോറിയം നീട്ടുന്നതിനുമാണ് റിസര്‍വ് ബാങ്ക് അനുമതി ലഭിച്ചിട്ടുളളതെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുനഃക്രമീകരിക്കപ്പെട്ടിട്ടില്ലാത്ത വായ്പകള്‍ക്കുമേല്‍ ജപ്തി നടപടികള്‍ ഒഴിവാക്കിക്കൊണ്ട് അതാതു ബാങ്കുകള്‍ക്ക് കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കാനാകും. ഇതിനായി ജില്ലാതലങ്ങളില്‍ സബ്കമ്മറ്റികള്‍ രൂപീകരിക്കുന്നതിന് തീരുമാനമായിട്ടുളളതായും മന്ത്രി പറഞ്ഞു.
ഇടുക്കി, വയനാട് ജില്ലകളില്‍ നിലവിലുളള കമ്മിറ്റികള്‍ മറ്റു ജില്ലകളില്‍ കൂടി ആരംഭിക്കുകയും കുടിശിക വന്നിട്ടുളള കര്‍ഷകരുടെ വായ്പകള്‍ക്കുമേലുളള നടപടി ഇനി മുതല്‍ കമ്മിറ്റി തീരുമാനപ്രകാരം നിശ്ചയിക്കുമെന്നും മന്ത്രി അറിയിച്ചു.
റിസര്‍വ് ബാങ്കിന്റെ മേഖല ഡയറക്ടറും മറ്റ് ഉദ്യോഗസ്ഥരും മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ഡോ. തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, നബാര്‍ഡ് പ്രതിനിധികള്‍, സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി അംഗങ്ങളും വകുപ്പ് മേധാവികളും പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

you may also like this video