പിഎസ്‌സി പരീക്ഷാത്തട്ടിപ്പില്‍ കൂടുതല്‍ പ്രതികള്‍

Web Desk
Posted on September 17, 2019, 10:38 pm

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാത്തട്ടിപ്പില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് അന്വേഷണസംഘം. കോടതിയില്‍ കീഴടങ്ങിയ പ്രതികളായ പ്രണവ്, സഫീര്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യല്‍ ആരംഭിച്ചതോടെയാണ് ക്രൈംബ്രാഞ്ച് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്.
ഈ മാസം ഏഴിന് ഹൈക്കോടതി നിര്‍ദ്ദേശാനുസരണം കീഴടങ്ങിയ രണ്ട് പ്രതികളെയും ഈമാസം 20 ന് രാവിലെ 11 വരെയാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടത്. പരീക്ഷയുടെ ഉത്തരങ്ങള്‍ ലഭ്യമാക്കിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തുന്നതിനും രീതി മനസിലാക്കുന്നതിനും ചോദ്യങ്ങള്‍ എങ്ങനെ ലഭിച്ചെന്ന് അറിയാനും ഇതില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയാനും പ്രതികളെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ അപേക്ഷ. അത് അംഗീകരിച്ചാണ് അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.
ഇവരുടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. പരീക്ഷാത്തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ പ്രണവാണെന്നാണ് കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികളായ ശിവരഞ്ജിത്ത്, നസീം, ഗോകുല്‍ എന്നിവര്‍ മൊഴി നല്‍കിയിരുന്നത്. അതിനാല്‍ പ്രണവിനെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. പ്രണവിന്റെ സുഹൃത്താണ് ചോദ്യങ്ങള്‍ ലഭ്യമാക്കിയതെന്ന് ഗോകുല്‍ മൊഴി നല്‍കിയത്. പരീക്ഷാകേന്ദ്രത്തില്‍ നിന്നും കൂടുതല്‍ പേരുടെ സഹായം ലഭിച്ചോയെന്ന് സ്ഥരീകരിച്ചാല്‍ അവരും പ്രതികളാകും.