പോരുവഴിസര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ്: കൂടുതല്‍ അറസ്റ്റിന് സാധ്യത

Web Desk
Posted on November 03, 2018, 1:39 pm
ശൂരനാട്: പോരുവഴിസര്‍വീസ് സഹകരണ ബാങ്കില്‍ മൂന്നു കോടിയോളം രൂപാ തട്ടിച്ച കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുള്ളതായി സൂചന. അറസ്റ്റിലായ സെക്രട്ടറിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടയിലാണ് കൂടുതല്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചിരിക്കുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മണിക്കൂറുകളോളം ചോദ്യം ചെയ്തു കഴിഞ്ഞു. എന്നാല്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ പോലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല. നൂറിലധികം ഇടപാടുകാരില്‍ നിന്നായി മൂന്നു കോടി രൂപയും തൊണ്ണൂറ് പവന്‍ സ്വര്‍ണ്ണവും തട്ടിയെടുത്ത സംഭവത്തില്‍ ഭരണസമിതി നല്‍കിയ പരാതിയെ തുടര്‍ന്ന് ശൂരനാട് പൊലീസ് കേസെടുത്തിരുന്നു. മേയ് മൂന്നിന് ഒളിവില്‍ പോയ സംഘം സെക്രട്ടറി രാജേഷ് കുമാറിനെ കഴിഞ്ഞ മാസം ഇരുപത്തിനാലിന് പിടികൂടുകയും കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇത്രയും ഭീമമായ തട്ടിപ്പ് ഒറ്റയ്ക്ക് നടത്താന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഇത് ശരി വെയ്ക്കുന്ന മൊഴികളും തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
അഴിമതിയും സാമ്പത്തിക തിരിമറിയും മൂലം പ്രതിസന്ധിയിലായ പോരുവഴി 1132 സര്‍വ്വീസ് സഹകരണ സംഘത്തിലെ യുഡിഎഫ് ഭരണ സമിതിയെ എല്‍ഡിഎഫ് നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് പിരിച്ചു വിടുകയും അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയുമാണ്. പത്ത് വര്‍ഷത്തോളമായി യുഡിഎഫ് ഭരിക്കുന്ന ബാങ്കില്‍ മൂന്നു കോടിയില്‍പരം രൂപയുടെ ക്രമക്കേടുകളാണ് ഭരണസമിതിയും സെക്രട്ടറിയും, ജീവനക്കാരും ചേര്‍ന്ന് നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. 90 പവന്‍ പണയ സ്വര്‍ണ്ണവും കാണാനില്ല. നിക്ഷേപകരറിയാതെ പണം പിന്‍വലിക്കല്‍, വ്യാജ രേഖകള്‍ ചമക്കല്‍ തുടങ്ങിയ വന്‍ ക്രമക്കേടുകളും ഇതില്‍പ്പെടുന്നു.