കൊറോണയും പക്ഷിപ്പനിയും; ചക്കയ്ക്ക് ചിക്കനേക്കാളും ഡിമാന്‍ഡ്

Web Desk

കൊല്ലം

Posted on March 12, 2020, 10:18 pm

കൊറോണയും പക്ഷിപ്പനിയും അനുഗ്രഹമായത് പച്ചക്കറികള്‍ക്കും കാര്‍ഷിക വിഭവങ്ങള്‍ക്കും. തമിഴ്‌നാട്ടില്‍ ചക്കയ്ക്ക് ഡിമാന്റ് ഏറിവരുകയാണ്. കിലോക്ക് 120 രൂപയാണ് വില. അതേസമയം ചിക്കന്‍ കിലോഗ്രാമിന് 80 രൂപയില്‍ താഴെയാണ്. ഓണ്‍ലൈനിലൂടെയുള്ള ഭക്ഷ്യവില്‍പ്പനയേയും പകര്‍ച്ചവ്യാധിപ്പേടി പിടികൂടിയിട്ടുണ്ട്. സ്വിഗ്വി, സൊമാറ്റോ തുടങ്ങിയ വന്‍കിട കമ്പനികള്‍ ഹോട്ടലില്‍ നിന്നുള്ളവയ്ക്ക് പകരം നാടന്‍ ഉല്‍പ്പന്നങ്ങളിലേയ്ക്കും ജൈവഭക്ഷ്യവസ്തുക്കളിലേയ്ക്കും ശ്രദ്ധ തിരിച്ചു കഴിഞ്ഞു. ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന ബ്രാന്‍ഡുകളിലേയ്ക്ക് പാക്കേജ്ഡ് ഫു‍ഡ് സെഗ്‌മെന്റും മാറിക്കഴിഞ്ഞു.

കൊറോണ വൈറസ് ബാധ ഏറ്റവും പ്രതികൂലമായി ബാധിച്ചിട്ടുള്ളത് പൗള്‍ട്രി മേഖലയേയാണ്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യാത്ത ഉത്തരേന്ത്യയില്‍ പോലും കോഴി ഇറച്ചിയുടെ വിലയിടിഞ്ഞു. ഉപഭോക്താക്കളുടെ ആശങ്ക ദൂരീകരിക്കാനായി പൗള്‍ട്രിഫാം അസോസിയേഷന്‍ ഗോരഖ്പൂരില്‍ അടുത്തിടെ ചിക്കന്‍മേള സംഘടിപ്പിക്കുകപോലുമുണ്ടായി. കമ്പനി ഉല്‍പ്പന്നങ്ങളേക്കാളും ഉപഭോക്താക്കള്‍ താല്പര്യം കാട്ടുന്നത് നാടന്‍ ഭക്ഷ്യവിഭവങ്ങള്‍ക്കാണെന്ന് ഫുഡ് ചെയിന്‍ കമ്പനികള്‍ സാക്ഷ്യപ്പെടുത്തുന്നു.

ബംഗളൂരുവില്‍ സഹകരണ മേഖലയിലുള്ള ‘നന്ദിനി’ മില്‍ക്കിന് 500 മില്ലി ലിറ്ററിന് 22 രൂപയാണെങ്കില്‍ ‘അക്ഷയകല്‍പ്പ’ എന്ന പേരില്‍ ഓര്‍ഗാനിക് ഡയറി പുറത്തിറക്കുന്ന പാല്‍ വിറ്റഴിക്കുന്നത് 40 രൂപയ്ക്കാണ്. എന്നിട്ടും ‘നന്ദിനി‘യേക്കാള്‍ കടുത്ത ഡിമാന്റാണ് ഇതിന്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഓണ്‍ലൈനിലൂടെ വിറ്റഴിക്കുന്നതിനായി ഭക്ഷ്യവിതരണ ശൃംഖലയായ സൊമാറ്റോ പ്രത്യേക ആപ് പുറത്തിറക്കി. ‘സൊമാറ്റോ ഹെല്‍ത്തി’ എന്നാണ് ഇതിന്റെ പേര്. ‘ഹോംലി’ എന്ന പേരില്‍ സ്വിഗ്വിയും പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ‘വീട്ടിലെ ഊണ്’ ഓണ്‍ലൈനിലൂടെ എത്തുന്ന കാലം വളരെ വിദൂരമല്ല.

Eng­lish Sum­ma­ry: more demand for jack fruit

You may also like this video