Friday
18 Oct 2019

കേരളത്തിലേക്ക് കൂടുതല്‍വിദേശ വിമാന സര്‍വീസുകള്‍

By: Web Desk | Wednesday 10 July 2019 10:32 PM IST


കെ രംഗനാഥ്

ദുബായ്: ഉത്തരകേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ യാത്രാദുരിതത്തിന് ഒരളവുവരെ ശമനമുണ്ടാകുമെന്ന പ്രത്യാശ നല്‍കി വിമാനകമ്പനികള്‍ കരിപ്പൂരില്‍ നിന്നും സര്‍വീസുകള്‍ തുടങ്ങുന്നു.
കഴിഞ്ഞ നാലുവര്‍ഷത്തോളമായി കരിപ്പൂരില്‍ റണ്‍വേ വികസനത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ഈയടുത്ത് പിന്‍വലിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സൗദി അറേബ്യന്‍ എയര്‍വേയ്‌സ് ആയ സൗദിയ കഴിഞ്ഞദിവസം ഹജ്ജ്തീര്‍ത്ഥാടകരുമായി ആദ്യ സര്‍വീസ് ജിദ്ദയിലേയ്ക്കു തുടങ്ങി. എയര്‍ഇന്ത്യ , ദുബായുടെ എമിറേറ്റ്‌സ്, ഫ്‌ളൈദുബായ്, എത്തിഹാദ് എയര്‍വേയ്‌സ്, ഷാര്‍ജയുടെ എയര്‍അറേബ്യ, ഖത്തര്‍എയര്‍വേയ്‌സ് എന്നിവ കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് നടത്താന്‍ കേന്ദ്ര സിവില്‍ വ്യോമയാന വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ വിമാനകമ്പനികളെല്ലാം കരിപ്പൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് സൂചന. ഇന്ത്യന്‍ വിമാന കമ്പനിയായ ഗോ എയര്‍ കഴിഞ്ഞ ദിവസം മുതല്‍ കണ്ണൂരില്‍ നിന്നും കുവൈറ്റിലേയ്ക്ക് സര്‍വീസുകള്‍ ആരംഭിച്ചിരുന്നു.

വിമാന കമ്പനികളുടെ ഉത്തര കേരളത്തിലേയ്ക്കുള്ള ആകാശക്കൊള്ളയില്‍ നിന്നു രക്ഷപ്പെടാന്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്രവാസികള്‍ ഗള്‍ഫില്‍ നിന്നും കര്‍ണ്ണാടകയിലെ മംഗലാപുരത്തു വിമാനമിറങ്ങിയാണ് കാര്‍മാര്‍ഗ്ഗം വീടുകളിലെത്തുന്നത്. കൂടുതല്‍ വിമാനസര്‍വീസുകള്‍ ഗള്‍ഫ് മേഖലയില്‍ നിന്നും ഉത്തരകേരളത്തിലേയ്ക്ക് എത്തുന്നതോടെ യാത്രക്കൂലിയില്‍ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഷാര്‍ജയില്‍ പണിയെടുക്കുന്ന കാസര്‍കോട് ഉപ്പളസ്വദേശി അബ്ദുല്‍ അസീസ് പറയുന്നു. അബുദാബിയിലെ ഒരു ഗിഫ്റ്റ് മാര്‍ട്ടില്‍ ജോലിചെയ്യുന്ന കാസര്‍ഗോട്ടുകാരായ ഹംസയ്ക്കും റസാഖിനും ഇതുതന്നെയാണ് അഭിപ്രായം.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള വിലക്കു നീക്കിയെങ്കിലും, ഇവയുടെ സര്‍വീസുകള്‍ തല്‍ക്കാലം പകല്‍ നേരത്തേയ്ക്കു മാത്രമായി പരിമിതപ്പെടുത്തുമെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആദ്യമാസത്തിനു ശേഷമാകും ഇവിടെ നിന്നും രാപകല്‍ സര്‍വീസുകള്‍ പൂര്‍ണതോതില്‍ നടത്തുക.

തിരുവനന്തപുരത്തിന് ‘തന്ത്രപരമായ’ അവഗണന

ദുബായ്: കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലേയ്ക്കും എയര്‍ ഇന്ത്യയും മറ്റു വിദേശ വിമാനകമ്പനികളും സര്‍വീസ് നടത്താനിരിക്കേ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു മാത്രം അവഗണന.

മോഡിയുടെ മാനസപുത്രനായ ഗൗതം അഡാനിയുടെ കോര്‍പ്പറേറ്റ് സാമ്രാജ്യത്തിന് തിരുവനന്തപുരം വിമാനത്താവളം പതിച്ചുകൊടുക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിനു മുന്നോടിയായി കേന്ദ്രസിവില്‍ വ്യോമയാന വകുപ്പ് മെനഞ്ഞ ‘തന്ത്രപരമായ അവഗണന’ യാണ് ഇതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ഈ അഡാനി സഹായ പദ്ധതിയുടെ ഭാഗമായി ഇപ്പോഴത്തെ സര്‍വീസുകളില്‍ ഗള്‍ഫില്‍ നിന്ന് ഇങ്ങോട്ടും തിരിച്ചുമായി ഒരു സര്‍വീസില്‍ 112 സീറ്റുകള്‍ വെട്ടിക്കുറച്ചത് ‘ജനയുഗം’ റിപ്പോര്‍ട്ടു ചെയ്തിരുന്നു. വലിയ വിമാനങ്ങളുടെ സര്‍വീസ് പരിമിതപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഗള്‍ഫ് വിമാനകമ്പനികള്‍ക്ക് തിരുവനന്തപുരത്തേയ്ക്കുമാത്രം പുതിയ സര്‍വീസുകള്‍ക്ക് അനുമതി നല്‍കാതിരിക്കുകയാണ് മറ്റൊരു തന്ത്രം, ഗള്‍ഫ് എയര്‍വേയ്‌സുകള്‍ക്ക് ഇന്ത്യയിലേയ്ക്ക് പ്രതിവാരം 1.1 ലക്ഷം സീറ്റുകള്‍ അനുവദിക്കേണ്ടതുണ്ട്. എമിറേറ്റ്‌സ് എയര്‍മാത്രം ആവശ്യപ്പെട്ടത് അരലക്ഷം സീറ്റുകളാണ്, എന്നാല്‍ തിരുവനന്തപുരത്തേയ്ക്കുള്ള സീറ്റുകള്‍ വെട്ടിക്കുറച്ചും പുതിയ സര്‍വീസുകള്‍ നിഷേധിച്ചും ഈ വിമാനത്താവളം നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നു വരുത്തിത്തീര്‍ക്കാനുള്ള കുതന്ത്രമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നഷ്ടത്തിലോടുന്ന വിമാനത്താവളമാണ് അഡാനിക്ക് അരനൂറ്റാണ്ടു കാലത്തേയ്ക്കു പാട്ടത്തില്‍ നല്‍കുന്നതെന്ന് ന്യായം പറയാനുള്ള തന്ത്രപരമായ അവഗണനയാണിതെന്നും വ്യക്തം.