Saturday
16 Feb 2019

എന്‍ഡിഎയില്‍ നിന്ന് കൂടുതല്‍ കക്ഷികള്‍ കൊഴിയുന്നു

By: Web Desk | Thursday 13 December 2018 11:52 PM IST

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ തിരിച്ചടിയുടെ ഫലമായി കൂടുതല്‍ കക്ഷികള്‍ എന്‍ഡിഎ വിടുന്നതിനെ കുറിച്ചാലോചിക്കുന്നു. കഴിഞ്ഞ ദിവസം രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി) യുടെ പ്രസിഡന്റ് ഉപേന്ദ്ര കുശ്വാഹ മോഡി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്നു. ഇതിന് പിന്നാലെ അപ്‌നാദള്‍ നേതാവ് അനുപ്രിയ പട്ടേല്‍ മന്ത്രിസഭയില്‍ നിന്ന് ഉടന്‍ രാജിവയ്ക്കുമെന്നും ഇവരുടെ പാര്‍ട്ടി മുന്നണി വിടുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. മുതിര്‍ന്ന നേതാക്കളുമായി ഇക്കാര്യം അനുപ്രിയ പട്ടേല്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു.
അതിനിടെ ലോക്ജനശക്തി പാര്‍ട്ടി (എല്‍ജെപി) പ്രസിഡന്റ് ചിരാഗ് പസ്‌വാന്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ബിഹാര്‍ രാഷ്ട്രീയ സംഭവവികാസങ്ങളെ അത് വ്യക്തമായും ബാധിക്കുന്നതായിരിക്കുമെന്നും പ്രസ്താവിക്കുകയുണ്ടായി. ഉടന്‍തന്നെ യോഗം ചേരുമെന്നും ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും ശിവസേനയും വ്യക്തമാക്കുന്നുണ്ട്. എന്‍ഡിഎയില്‍ തന്നെ തുടരണമോ എന്ന കാര്യവും ആലോചനാ വിഷയമാണെന്ന് ശിവസേനാ വക്താവ് സൂചന നല്‍കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് മത്സരിച്ച സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) യും ബിജെപി ബന്ധം വിടുമെന്നതിന്റെ സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് നിയമസഭയില്‍ ഇവര്‍ക്ക് നാല് അംഗങ്ങളാണുള്ളത്.
വിവിധ ഉപതെരഞ്ഞെടുപ്പുകളില്‍ നേരിട്ട പരാജയം ബിജെപിയുടെ കയ്യിലിരിപ്പുകൊണ്ടുണ്ടായതാണെന്ന് ഘടകകക്ഷികളില്‍ ചിലര്‍ നേരത്തേ തന്നെ അടക്കം പറഞ്ഞിരുന്നു. ഇപ്പോള്‍ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പരാജയം നേരിട്ടതോടെ തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിന് അപകടം ചെയ്യുമെന്ന തിരിച്ചറിവാണ് ഘടകകക്ഷികളെ മാറ്റിച്ചിന്തിപ്പിക്കുന്നതിന് പ്രേരണയാകുന്നത്.