Web Desk

കൊച്ചി

March 25, 2020, 3:25 pm

ഒരാഴ്ചക്കകം സഞ്ചരിക്കുന്ന 1 കോടിയിലേറെ ഐസൊലേഷൻ ബെഡുകൾ: ആശയം മുന്നോട്ടു വെച്ച് അസറ്റ് ഹോംസ്

Janayugom Online

പലരും ഭയപ്പെടുന്നതുപോലെ കോവിഡ് 19 സമൂഹവ്യാപനത്തിലൂടെ ഇന്ത്യയിൽ പടർന്നു പിടിയ്ക്കുകയാണെങ്കിൽ ഒരാഴ്ചക്കകം തന്നെ ഒരു കോടിയിലേറെ ഐസൊലേഷൻ ബെഡുകൾ തയ്യാറാക്കാനുള്ള ആശയവുമായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യയിലെ മുൻനിര ബിൽഡറായ അസറ്റ് ഹോംസ്. ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള റെയിൽവേ കോച്ചുകൾ ഉപയോഗിച്ച് സഞ്ചരിക്കുന്ന ഐസൊലേഷൻ ബെഡുകളും ചികിത്സാകേന്ദ്രങ്ങളും സജ്ജമാക്കാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡിസാസ്റ്റർ മാനേജ്മെന്റ് അധികൃതർക്കും സമർപ്പിച്ചിരിക്കുന്ന ആശയത്തിൽ അസറ്റ് ഹോംസ് ഉന്നയിച്ചിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ സുനിൽ കുമാർ വി പറഞ്ഞു.

ശരാശരി 23–30 കോച്ചുകളുള്ള 12,617 ട്രെയിനുകൾ ഇന്ത്യയിലുണ്ട്. ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഇവ ഹോസ്പിറ്റലുകളാക്കി മാറ്റാൻ വലിയ പ്രയാസമില്ല. ഓരോ ട്രെയിനിലും ഒരു കൺസൾട്ടേഷൻ റൂം, മെഡിക്കൽ സ്റ്റോർ, ചുരുങ്ങിയത് ആയിരം ബെഡ്, ഒരു ഐസിയു, പാൻട്രി എന്നിവ ഒരുക്കാം. ടോയ്‌ലറ്റ് സൗകര്യമാകട്ടെ അവയിൽ നേരത്തെ തന്നെയുണ്ട്.

ഇന്ത്യയിലെമ്പാടുമായുള്ള 7500‑ലേറെ വരുന്ന വലുതും ചെറുതുമായ റെയിൽവേ സ്റ്റേഷനുകൾ വഴി ഈ സേവനത്തിലേയ്ക്കുള്ള പ്രവേശനം നൽകാമെന്നും രാജ്യത്തെ ഒരു കോടി കിമീ ദൈർഘ്യമുള്ള റെയിൽവെ ശൃംഖല മുഴുവൻ ഈ സേവനം ലഭ്യമാക്കാമെന്നും സുനിൽ കുമാർ ചൂണ്ടിക്കാണിച്ചു. രോഗബാധയുള്ള സ്ഥലങ്ങളിലേയ്ക്ക് പെട്ടെന്നു തന്നെ ഈ കോച്ചുകൾ എത്തിക്കാൻ കഴിയും. ഓരോ റെയിൽവേ സ്റ്റേഷനിലും ചുരുങ്ങിയത് ആയിരം ബെഡുള്ള രണ്ട് ട്രെയിനുകൾ വിന്യസിച്ച് ദിവസം രണ്ടായിരം പേർക്ക് സേവനമെത്തിക്കാമെന്നാണ് നിർദേശം.

YOU MAY ALSO LIKE THIS VIDEO