23 January 2025, Thursday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 5, 2024
December 3, 2024
November 10, 2024
November 10, 2024
November 3, 2024
October 30, 2024
October 29, 2024
October 28, 2024
October 18, 2024

കേന്ദ്ര സായുധ സേനയില്‍ ഒരു ലക്ഷത്തിലധികം ഒഴിവുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 5, 2024 10:30 pm

കേന്ദ്രസായുധ സേനയില്‍ ഒഴിഞ്ഞുകിടക്കുന്നത് ഒരു ലക്ഷത്തിലധികം തസ്തികകളെന്ന് കേന്ദ്രസര്‍ക്കാര്‍. അമിത ജോലിഭാരം കാരണം സേനയില്‍ ആത്മഹത്യകൾ വർധിക്കുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യസഭയില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്. മണിക്കൂറുകളോളം നീണ്ട ജോലിയും ഉറക്കക്കുറവും മൂലമുള്ള പ്രശ്നങ്ങള്‍ ജീവനൊടുക്കാൻ മാത്രമല്ല സർവീസ് പൂർത്തിയാവും മുമ്പ് ജവാൻമാരെ വിരമിക്കാൻ പ്രേരിപ്പിക്കുന്നതായും രാജ്യസഭയിൽ സമർപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖയിലുണ്ട്. 

ഒക്ടോബര്‍ 30 വരെ സിഎപിഎഫിലും അസം റൈഫിള്‍സിലുമായി മൊത്തം 9,48,204 ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ രണ്ട് വിഭാഗത്തിലായി 71,231 പുതിയ തസ്തികകള്‍ ഒഴിവ് വന്നിട്ടുണ്ടെന്നും നിത്യാനന്ദ് റായ് പറഞ്ഞു. വിരമിക്കല്‍, രാജി, സ്ഥാനക്കയറ്റം, മരണം, പുതിയ തസ്തികകള്‍ തുടങ്ങിയ കാരണങ്ങളാലാണ് ഒഴിവുകള്‍ ഉണ്ടായിട്ടുള്ളത്.
ആകെ 1,00,204 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സിഎപിഎഫിലും അസം റൈഫിള്‍സിലുമായി 33,730, സിആര്‍പിഎഫ് 31,782, ബിഎസ്എഫ് 12,808, ഐടിബിപി 9,861, എസ്എസ്ബി 8,646, എആറില്‍ 3,377 എന്നിങ്ങനെയാണ് ഒഴിവുകള്‍. യുപിഎസ്‌സി, എസ്‌എസ്‌സി പരീക്ഷകളിലൂടെ ഒഴിവുകൾ വേഗത്തിൽ നികത്താൻ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

അഞ്ച് വര്‍ഷത്തിനിടെ 730 ജവാന്മാർ ആത്മഹത്യ ചെയ്തുവെന്നും 55,000ത്തിലധികം പേർ രാജിവയ്ക്കുകയോ സ്വയം വിരമിക്കുകയോ ചെയ്തിട്ടുണ്ടെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രധാനമായും വ്യക്തിപരമായ പ്രശ്നങ്ങളാലാണ് സിഎപിഎഫ് ഉദ്യോഗസ്ഥർക്കിടയിൽ ആത്മഹത്യ വർധിക്കുന്നതെന്ന് കാരണങ്ങൾ പഠിച്ച ദൗത്യസംഘം പറയുന്നു. ആത്മഹത്യ ചെയ്തവരിൽ 80 ശതമാനത്തിലധികം പേരും അവധിക്ക് വീട്ടിലേക്ക് മടങ്ങിയതിന് ശേഷമാണ് ജീവനൊടുക്കിയതെന്നും രേഖയില്‍ പറയുന്നു.
കേന്ദ്ര സായുധ പൊലീസ് സേനയിലെ ഉദ്യോഗസ്ഥരുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് സർക്കാർ അർഹമായ പ്രാധാന്യം നൽകിയിട്ടുണ്ട്. സിഎപിഎഫ് ഉദ്യോഗസ്ഥർക്ക് വര്‍ഷത്തില്‍ 100 ദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്.
2020 ഒക്ടോബറിനും 24 ഒക്ടോബറിനും ഇടയിൽ 42,797 സിഎപിഎഫ്, അസം റൈഫിള്‍സ് ഉദ്യോഗസ്ഥർ വർഷത്തിൽ 100 ദിവസത്തെ അവധി എടുത്തിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.