29 March 2024, Friday

22 അല്ല, താജ്മഹലില്‍ നൂറിലധികം മുറികള്‍, ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളില്ല: ഹിന്ദുത്വ നേതാക്കള്‍ക്ക് മറുപടിയുമായി പുരാവസ്തു ഗവേഷകര്‍

Janayugom Webdesk
ആഗ്ര
May 13, 2022 10:12 pm

താജ്മഹലിനുള്ളില്‍ തുറക്കാത്ത 22 അല്ല നൂറിലധികം അറകളാണ് ഉള്ളതെന്നും അതിനുള്ളില്‍ വിഗ്രഹങ്ങളൊന്നും ഇല്ലെന്നും പുരാവസ്തു ഗവേഷകര്‍. താജ്മഹലില്‍ തുറക്കാത്ത 22 അറകളുണ്ടെന്നും ഇതിനുള്ളില്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഹിന്ദുത്വ നേതാക്കള്‍ വാദം ഉന്നയിച്ചതിനു പിന്നാലെയാണ് വസ്തുത വെളിപ്പെടുത്തി ഗവേഷകര്‍ രംഗത്തുവന്നത്. താജ്മഹല്‍ പണ്ട് തേജോ മഹല്‍ എന്ന ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും നേരത്തെ വാദം ഉന്നയിച്ചിരുന്നു.

താജ്മഹലിലെ തുറക്കാത്ത 22 അറകള്‍ സ്ഥിരമായി പൂട്ടിയിട്ടിരിക്കുന്നവയല്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് മാസങ്ങള്‍ക്കു മുമ്പും ഇവ തുറന്ന് പരിശോധിച്ചിരുന്നു. വര്‍ഷങ്ങളായി താജ്മഹലിലെ അറകളില്‍ സൂക്ഷ്മ പരിശോധന നടത്തിയതിന്റെ രേഖകളുമുണ്ട്. ഇതുവരെ അവിടെയൊന്നും ഒരു വിഗ്രഹവും കാണാനായിട്ടില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാത്ത 100 അറകളാണ് ചരിത്രസ്മാരകത്തിലുള്ളതെന്ന് മറ്റൊരു എഎസ്ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇവ തുറക്കാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചരിത്രകാരനായ പി എന്‍ ഓക്ക് 1989ല്‍ എഴുതി പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് താജ്മഹല്‍ പണ്ട് ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ടിരിക്കുന്നത്. എന്നാല്‍ പിന്നീട് ഈ വാദം നിരവധി ചരിത്രകാരന്മാര്‍ പൊളിച്ചെഴുതി. താജ്മഹല്‍ ഹിന്ദു രാജാവ് നിര്‍മ്മിച്ചതാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഓക് 2000ല്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി.

തുറക്കാത്ത 22 അറകളില്‍ വിഗ്രഹങ്ങളുണ്ടെന്നും ഇവ തുറന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് നല്‍കിയ ഹര്‍ജിയും കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ബിജെപിയുടെ അയോധ്യ മീഡിയ ഇന്‍ചാര്‍ജ് ഡോ. രജനീഷ് സിങ് ആണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരനെ കോടതി ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: more than 100 rooms in Taj Mahal, no idols of Hin­du deities: Archaeologists

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.