Monday
18 Feb 2019

സ്റ്റുഡന്‍റ്സ് ബിനാലെയില്‍ 200 കലാകാരന്മാര്‍, സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നും പ്രാതിനിധ്യം

By: Web Desk | Wednesday 21 November 2018 5:25 PM IST

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തോടനുബന്ധിച്ച് നടത്തുന്ന സ്റ്റുഡന്‍റ്സ് ബിനാലെയില്‍ സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 200 വിദ്യാര്‍ത്ഥി കലാകാരന്മാർ   പങ്കെടുക്കും.
സമകാലീന കലയില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ആഗോളതലത്തിലെ മികവുറ്റ കലാകാരന്മാരുടെ പക്കല്‍ നിന്നും വിദഗ്ധോപദേശം ലഭിക്കുന്നതിനും വേണ്ടിയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍  2014 ല്‍ സ്റ്റുഡന്‍റ്സ് ബിനാലെയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ അന്താരാഷ്ട്ര വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതു വഴി ആഗോളതലത്തിലുള്ള വീക്ഷണവും പരിചയവും ലഭിക്കും.
 
ഇന്ത്യയ്ക്കകത്തു നിന്നും ദക്ഷിണേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമായി 80 വിദ്യാലയങ്ങളില്‍ നിന്നുമാണ് സ്റ്റുഡന്‍റ്സ് ബിനാലെയില്‍ പ്രാതിനിധ്യമുണ്ടാകുന്നത്. ചെറു സംഘങ്ങളായി തിരിഞ്ഞ് 100 പ്രതിഷ്ഠാപനങ്ങളാണ് ഇവര്‍ തയ്യാറാക്കുന്നത്. കഴിഞ്ഞ നാലു മാസങ്ങള്‍ കൊണ്ട് 1500 അപേക്ഷകള്‍ പരിശോധിച്ചതിനു ശേഷമാണ് വിദ്യാര്‍ത്ഥികളെ ഇതിലേക്ക് തെരഞ്ഞെടുത്തത്.
 
പ്രതിഭാധനരായ കലാകാന്മാരെ  പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഇദം പ്രഥമമായി സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സൃഷ്ടികള്‍ സ്റ്റുഡന്‍റ്സ് ബിനാലെയില്‍ അവതരിപ്പിക്കുന്നുണ്ട്. ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നായി 27 കലാകാരډാരാണ് പങ്കെടുക്കുന്നത്. ആകെ 10 പ്രതിഷ്ഠാപനങ്ങളാണ് ഇവര്‍ സ്റ്റുഡന്‍റ്സ് ബിനാലെയില്‍ ഒരുക്കുന്നത്.
 
ബഹുമുഖമായാണ് സ്റ്റുഡന്‍റ്സ് ബിനാലെയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കലാസൃഷ്ടി പ്രദര്‍ശനം, സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുള്ള ഗവേഷണം, തുടങ്ങിയവ ഇതിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
 
രണ്ട് ഭാഗങ്ങളാണ് ഇക്കുറി സ്റ്റുഡന്‍റ്സ് ബിനാലെയ്ക്കുള്ളതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ആറ് ക്യൂറേറ്റര്‍മാര്‍ ചേര്‍ന്നൊരുക്കുന്ന പ്രദര്‍ശനമാണ് ആദ്യത്തെ വിഭാഗം. തങ്ങളുടെ സൃഷ്ടി ഒരുക്കുന്നതിലും അത് പ്രദര്‍ശിപ്പിക്കുന്നതിലും ക്യൂറേറ്റര്‍മാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. സമകാലീന കലയിലെ അധ്യാപകര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശമാണ് രണ്ടാമാത്തെ ഭാഗം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തിന്‍റെ ഭാഗമായി ലഭിക്കാത്ത സംഗതിയാണിതെന്നും ബോസ് കൃഷ്ണമാചാരി പറഞ്ഞു.
 
സഞ്ജയന്‍ ഘോഷ്(വിശ്വഭാരതി സര്‍വകലാശാല, ശാന്തിനികേതന്‍), ശുക്ല സാവന്ത്(ജെ എന്‍ യു ഡല്‍ഹി), ശ്രുതി രാമലിംഗയ്യ, സി പി കൃഷ്ണപ്രിയ, കെ പി റെജി, എം പി നിഷാദ് എന്നിവരാണ് സ്റ്റുഡന്‍റ്സ് ബിനാലെയുടെ ക്യൂറേറ്റര്‍മാര്‍.
 
2014 ല്‍ സ്റ്റുഡന്‍റ്സ് ബിനാലെയുടെ തുടക്കം മുതല്‍ അതിനോടൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് ശുക്ല സാവന്ത്,  മുന്‍കാലങ്ങളില്‍ പൊതു വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സ്റ്റുഡന്‍റ്സ് ബിനാലെയിലെ പങ്കാളിത്തമെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഇക്കുറി സമാന്തരമായി മറ്റ് വിദ്യാലയങ്ങളിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിച്ചു. കലാകാരډാരുടെ സൃഷ്ടികളില്‍ പ്രാദേശിക സ്വാധീനം ഏറെയുണ്ട്. പക്ഷെ അവയുടെ അര്‍ത്ഥതലം വളരെ വിശാലമാണ്. ഇത്തരം ചര്‍ച്ചകള്‍ കൊച്ചി ബിനാലെ എന്ന അന്താരാഷ്ട്ര വേദിയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
 
മേക്കിംഗ് ആസ് തിങ്കിംഗ് എന്ന ആശയം അടിസ്ഥാനമാക്കിയാണ് സ്റ്റുഡന്‍റ്സ് ബിനാലെയുടെ ചുമതല വഹിക്കുന്ന ബിനാലെ ഫൗണ്ടേഷന്‍റെ എജ്യൂക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫൈസ ഹസന്‍ പറഞ്ഞു. ഇതു വഴി എങ്ങിനെയാണ് ഒരു സ്ഥാപനത്തിന്‍റെ കീഴില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്നും കലാസൃഷ്ടി സ്വന്തം ആശയത്തിന്‍റെ പ്രതിഫലനമാകുന്നതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാക്കി കൊടുക്കുന്നു. 
 
ഇക്കുറി പ്രദേശ കേന്ദ്രീകൃതമായ സൃഷ്ടികളാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലും തെരഞ്ഞെടുത്തതെന്ന് അവര്‍ പറഞ്ഞു. കൊച്ചി പോലെ പ്രാദേശികമായ സ്ഥലങ്ങളും ഇടങ്ങളുമായി അവര്‍ക്ക് നേരിട്ട് സംവദിക്കാനാകുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
 
മട്ടാഞ്ചേരി, പശ്ചിമ കൊച്ചി എന്നിവിടങ്ങളിലെ വിവിധ വേദികളിലാണ് സ്റ്റുഡന്‍റ്സ് ബിനാലെ പ്രദര്‍ശനം ഒരുക്കുന്നത്. വെയര്‍ഹൗസുകള്‍, ക്ഷേത്ര സമുച്ചയങ്ങല്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയടങ്ങുന്നതാണ് വേദികള്‍.
 
സ്റ്റുഡന്‍റ്സ് ബിനാലെയില്‍ ആദ്യമായാണ് എക്സ്പാന്‍ഡഡ് എജ്യൂക്കേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. അധ്യയന വിഷയങ്ങളെ ആധാരമാക്കി രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള 9 അധ്യാപകര്‍ പരിശീലന കളരിയും മറ്റു പരിപാടികളും നടത്തും.  രാജ്യത്തെ തെരഞ്ഞെടുത്ത സമകാലീനകലാ വിദ്യാലയങ്ങളിലാണ് ഇത് നടത്തുന്നത്.ബി വി സുരേഷ്, കൗശിക് മുകോപാധ്യായ്, മൃഗാംഗ മധുകാലിയ, സന്തോഷ് സദാനന്ദന്‍, ശാരദ നടരാജന്‍, താമോതരന്‍പിള്ളൈ ശനാതനന്‍, ഫെഡറിക്ക മാര്‍ട്ടീനി, ഇഗാല്‍ മേര്‍ടെന്‍ബോം, റംഗോട്ടോ ഹ്ലാസേന്‍ എന്നിവരാണ് ഇതില്‍ സഹകരിക്കുന്നത്.