ഗർഭച്ഛിദ്രം നിയമപരമാക്കിയ നടപടി: പുനഃപരിശോധിക്കണമെന്ന് പാർലമെന്റംഗങ്ങൾ

Web Desk
Posted on January 03, 2020, 2:41 pm

വാഷിങ്ടൺ: രാജ്യത്ത് ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി 200ലേറെ അമേരിക്കൻ പാർലമെന്റംഗങ്ങൾ രംഗത്ത്. 1973ലെ റോയ് ‑വെയ്ഡ് കേസിലാണ് ദേശവ്യാപകമായി ഗർഭച്ഛിദ്രം നിയമവിധേയമാക്കിയത്.
ലൂസിയാനയിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ഗർഭച്ഛിദ്ര നിയമം പുനഃപരിശോധിക്കണമെന്ന് പാർലമെന്റംഗങ്ങൾ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. 205 റിപ്പബ്ലിക്കൻ അംഗങ്ങളും രണ്ട് ഡെമോക്രാറ്റുകളും ഈ ആവശ്യവുമായി സമർപ്പിച്ച ഹർജിയിൽ ഒപ്പ് വച്ചിട്ടുണ്ട്. നിലവിലെ നിയമപ്രകാരം സുരക്ഷിത ഗർഭച്ഛിദ്രം ഭരണഘടനാവകാശമാണ്.
രാജ്യത്തെ ഗർഭച്ഛിദ്ര നിയമങ്ങൾ കനത്ത ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉയർന്നിരിക്കുന്നത്. ഇക്കൊല്ലം നടക്കാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിലും ഇത് വലിയ ചർച്ചാവിഷയമാകുമെന്നാണ് കരുതുന്നത്.
റോയി കേസ് 46 വർഷം മുമ്പ് തീർപ്പാക്കിയെങ്കിലും ഇത് ഇപ്പോഴും എങ്ങുമെത്താത്ത സ്ഥിതിയാണ്. നിയമം പുനഃപരിശോധിച്ച് കോടതി വേണ്ട നടപടികൾ എടുക്കുമെന്ന പ്രതീക്ഷ എംപിമാർ പങ്കുവച്ചു.
ഗർഭച്ഛിദ്രവിരോധികളായ ചില രാഷ്ട്രീയക്കാർ ഇത് നിരോധിക്കാൻ പല കളികളും നടത്തുന്നുണ്ടെന്ന് പ്ലാൻഡ് പാരന്റ്ഹുഡ് സിഇഒയും പ്രസിഡന്റുമായ അലക്സിസ് മക്ഗിൽ ജോൺസൺ ട്വീറ്റ് ചെയ്തു. ഇത്തരത്തിലുള്ള നീക്കം ഭരണഘടന ഉറപ്പ് നൽകുന്ന അടിസ്ഥാന അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗർഭച്ഛിദ്രം സുരക്ഷിതവും നിയമവിധേയവുമാണ്. ഇത് നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുതായി റിപ്പബ്ലിക്കൻ പാർട്ടി കൊണ്ടുവന്ന ചില നിയമങ്ങൾ ഗർഭച്ഛിദ്രത്തെ വിലക്കാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ കൊല്ലം അലബാമയിൽ ഗർഭച്ഛിദ്രം നിരോധിച്ച് കൊണ്ട് നിയമം പാസാക്കിയിരുന്നു. ബലാത്സംഗത്തിന്റെ ഫലമായുണ്ടാകുന്ന ഗർഭം പോലും അലസിപ്പിക്കുന്നതിന് ഇതിലൂടെ വിലക്ക് ഏർപ്പെടുത്തി. സ്ത്രീയുടെ ജീവൻ അപകടത്തിലാകുന്ന ഘട്ടത്തിൽ മാത്രം ഗർഭച്ഛിദ്രം അനുവദനീയമാക്കുകയും ചെയ്തു.