ന്യൂഡൽഹി: ജനവിരുദ്ധ നയങ്ങളിൽ പൊറുതി മുട്ടിയ ജനത ഒന്നിച്ചണിനിരന്ന പൊതുപണിമുടക്കും ഗ്രാമീണഹർത്താലും രാജ്യത്തെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കി. ഗ്രാമീണ മേഖല, നഗരങ്ങൾ, ചെറുകിട നഗരങ്ങൾ, ഫാക്ടറികൾ, കൃഷിയിടങ്ങൾ, തെരുവുകൾ, ദേശീയ പാതകൾ എന്നിവിടങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളാണ് നടന്നത്. ജീവിതദുരിതം വർധിപ്പിക്കുന്ന നയങ്ങളോടൊപ്പം വിഭജന തന്ത്രമാവിഷ്കരിക്കുന്ന മോഡി സർക്കാരിന്റെ നെറികെട്ട ഭരണത്തിനെതിരായ രോഷവും അസംതൃപ്തിയും ആസേതു ഹിമാചലം ദൃശ്യമായിരുന്നു. അസം, മണിപ്പൂർ, കേരളം, ഒഡിഷ, മഹാരാഷ്ട്ര, തമിഴ്നാട്, പുതുച്ചേരി, ഗോവ, ബിഹാർ, തെലങ്കാന, ഝാർഖണ്ഡ്, മേഘാലയ, ഹരിയാന, ത്രിപുര, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾ പണിമുടക്കും ഗ്രാമീണ ഹർത്താലും മൂലം സ്തംഭിച്ചു. കർണാടക, ഛത്തീസ്ഗഡ്, പഞ്ചാബ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വ്യവസായ മേഖല പൂർണമായും നിശ്ചലമായി. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ വൻജനപങ്കാളിത്തത്തോടെ പ്രതിഷേധ ധർണകളും ജാഥകളും സംഘടിപ്പിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ റയിൽ, റോഡ് ഗതാഗതം സ്തംഭിപ്പിച്ചു. ചെന്നൈയിൽ 2000, അസം 1500, ഭുവനേശ്വർ 500 പേരെ വീതം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് പ്രകടനങ്ങൾ നടത്താൻ അനുവദിച്ചില്ല. ആർബിഐ ഉൾപ്പെടെയുള്ള ബാങ്കിംഗ് മേഖല, ഇൻഷുറൻസ്, തേയില തോട്ടങ്ങൾ, ഇന്ധന വിപണനം, എണ്ണ ശുദ്ധീകരണശാലകൾ, ചെമ്പ്, വൈദ്യുതി, പ്രതിരോധ ഉൽപ്പാദന യൂണിറ്റുകൾ, റയിൽവേ ഉൽപ്പാദന യൂണിറ്റുകൾ,വാട്ടർ ഡിപ്പോകൾ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകൾ പൂർണമായും സ്തംഭിച്ചു. കൽക്കരി മേഖല ചിലസ്ഥലങ്ങളിൽ പൂർണമായും മറ്റിടങ്ങളിൽ ഭാഗികമായും സ്തംഭിച്ചു. വിസാഗ് സ്റ്റീൽ പ്ലാന്റിലെ 98 ശതമാനം, ബാൽകോ 100 ശതമാനം, ഭെൽ 80 ശതമാനം തൊഴിലാളികളും പണിമുടക്കി. മുൻസിപ്പൽ തൊഴിലാളികൾ, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ 100 ശതമാനവും സർക്കാർ, പൊതുമേഖലാ, ട്രാൻസ്പോർട്ട് തൊഴിലാളികളും സമരത്തിൽ പങ്കെടുത്തു. അസംഘടിതമേഖലയിലെ തൊഴിലാളികളും സമരത്തിൽ ചേർന്നു. തൊഴിലാളികളെ പിന്തുണച്ച് രാജ്യത്തെ അധ്യാപകരും വിദ്യാർത്ഥികളും തെരുവിലിറങ്ങി.
സർവകലാശാലകളിലെ ഫീസ് വർധനയ്ക്കെതിരെയും വിദ്യാർത്ഥികളും അധ്യാപകരും പ്രതിഷേധിച്ചു. വിദ്യാഭ്യാസ മേഖലയുടെ വാണിജ്യവൽക്കരണം അവസാനിപ്പിക്കുക, വിദ്യാർത്ഥികൾക്കെതിരെ പൊലീസും ഗുണ്ടകളും നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് അധ്യാപകരും വിദ്യാർത്ഥികളും പ്രതിഷേധിച്ചത്. അങ്കണവാടി, ആശ, ഉച്ചഭക്ഷണ തൊഴിലാളികൾ തുടങ്ങിയവർ പണിമുടക്കിന്റെ ഭാഗമായി തെരുവിലിറങ്ങി പ്രതിഷേധിച്ചു. വഴിയോര വിൽപ്പനക്കാർ, കച്ചവടക്കാർ, ബീഡി തൊഴിലാളികൾ,ഗാർഹിക തൊഴിലാളികൾ തുടങ്ങിയവരും സമരത്തിൽ പങ്കെടുത്തു. ഭൂരിഭാഗം സംസ്ഥാനങ്ങളിലും വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മാർച്ചുകൾ നടന്നു. ഡൽഹിയിലെ വ്യവസായ മേഖല പൂർണമായും സ്തംഭിച്ചു. ഡൽഹി ജുമാമസ്ജിദ് പരിസരത്തടക്കം വഴിയോര വാണിഭമുൾപ്പെടെ കച്ചവട സ്ഥാപനങ്ങൾ തുറന്നില്ല. ഐപി ഡിപ്പോ ജംങ്ഷനിൽ തൊഴിലാളികൾ യോഗം സംഘടിപ്പിച്ചു.
Hubbali: Members of various trade unions take part in a protest rally in support of the nationwide strike, in Hubballi, Wednesday, Jan. 8, 2020. (PTI Photo) (PTI1_8_2020_000155B)
ഷഹീദ് പാർക്കിൽ നിന്നും ആരംഭിച്ച റാലി ഐടിഒ ജങ്ഷനിൽ പൊലീസ് തടഞ്ഞു. എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ, സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം, തപൻസെൻ (സിഐടിയു), അശോക് സിങ് (ഐഎൻടിയുസി), ഹർഭജൻ സിദ്ദു (എച്ച് എംഎസ്), രാജീവ് ധിംറി (എഐസിസിടിയു), ദേവരാജൻ (ടിയുസിസി), ആർ കെ ശർമ്മ (എഐയുടിയുസി), മണാലി ഷാ (സേവ), ആർ എസ് ദാഗർ (യുടിയുസി), എന്നിവർ റാലിയെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 20 വർഷത്തിനിടെയുള്ള ഐതിഹാസിക സമരത്തിൽ രാജ്യത്തെ 25 കോടിയിലധികം തൊഴിലാളികളാണ് പങ്കെടുത്തത്. ഇതിന്റെ കൂടെ ലക്ഷക്കണക്കിന് കർഷകർ, ഭൂരഹിതരായ തൊഴിലാളികൾ എന്നിവർ ഗ്രാമീൺ ബന്ദിൽ ചേർന്നപ്പോൾ അക്ഷരാർഥത്തിൽ ഇന്ത്യയിലെ മഹാഭൂരിപക്ഷവും പങ്കെടുത്ത ഐതിഹാസിക പ്രക്ഷോഭമായി ഇന്നലത്തെ പൊതുപണിമുടക്കും ഗ്രാമീണ ബന്ദും മാറി.
English Summary: more than 25 crore people participate in the national strike
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.