19 April 2024, Friday

ആറുമാസത്തിനിടെ ചെറുകിട സംരംഭങ്ങളില്‍ മൂവായിരത്തിലധികം കോടി നിക്ഷേപം

Janayugom Webdesk
കണ്ണൂർ
September 20, 2022 11:36 pm

ഈ സാമ്പത്തിക വർഷം സംരംഭങ്ങളുടെ വർഷമായാണ് നാം മുന്നേറിയതെന്നും 56,137 സംരംഭങ്ങൾ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
3,382 കോടി 61 ലക്ഷം രൂപയുടെ നിക്ഷേപം നടന്നു. 1,23,795 തൊഴിലുകൾ യാഥാർത്ഥ്യമാക്കി. കഴിഞ്ഞ ആറ് വർഷത്തിനിടെ ചെറുകിട ഇടത്തരം വ്യവസായ രംഗത്ത് 8,184 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. 86,993 സംരംഭങ്ങൾ തുടങ്ങി. ഇതുവഴി 3,09,910 തൊഴിലുകൾ യാഥാർത്ഥ്യമാക്കി. ഐ ടി മേഖലയിൽ ആറ് വർഷം കൊണ്ട് 40 ലക്ഷം ചതുരശ്ര അടി ഐടി സ്പേസ് പുതുതായി ഉണ്ടായി. 45,869 തൊഴിൽ അവസരങ്ങളുമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ തൊഴില്‍സഭയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്നുവർഷമായി രാജ്യത്തെ ഒന്നാമത്തെ സ്റ്റാർട്ട് അപ് സൗഹ്യദ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനാണ്. സംരംഭങ്ങൾ തുടങ്ങാൻ അനുയോജ്യമായ ഇടമല്ല കേരളം എന്ന പ്രചാരണം തെറ്റാണ്. അത്തരം പ്രചാരകർ നാടിനെ അപകീർത്തിപ്പെടുത്തുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി നാടിനെയാകെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായങ്ങളെ വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേരളത്തിന്റേത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിവിധ വ്യവസായ ഗ്രൂപ്പുകളുമായി ഒന്നിലധികം തവണ ചർച്ച നടത്താൻ സാധിച്ചു. വ്യവസായിക കേരളാനുഭവത്തെ പറ്റി ചോദിച്ചപ്പോൾ ദുരനുഭവമില്ലെന്നായിരുന്നു മറുപടി. തൊഴിൽ സംഘർഷമോ സമരമോ വ്യവസായന്തരീക്ഷത്തെ കലുഷമാക്കുന്നില്ലെന്ന അനുഭവമാണ് സംരംഭകർ പങ്ക് വച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം നേട്ടങ്ങളിൽ മതിമറന്ന് അവിടെ നിൽക്കുകയല്ല മറിച്ച് ഉല്പാദനോന്മുഖമായ വികസനത്തിന്റെ നേട്ടങ്ങൾ അടിസ്ഥാനതലം വരെ എത്തിക്കുകയാണ് ലക്ഷ്യം. അങ്ങനെ പുരോഗമനോന്മുഖ, വൈജ്ഞാനിക നൂതന സമൂഹനിർമ്മിതിയിലൂടെ നവകേരള സൃഷ്ടിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു. യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പദ്ധതിയാണ് തൊഴില്‍ സഭകള്‍. ജനകീയ ഇടപെടലിലൂടെ ബദല്‍ സൃഷ്ടിക്കുകയെന്ന മറ്റൊരു കേരള മാതൃകയ്ക്കാണ് തൊഴില്‍സഭകളിലൂടെ തുടക്കമായിരിക്കുന്നത്. 

Eng­lish Sum­ma­ry: More than 3000 crore invest­ment in small enter­pris­es in six months

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.