28 March 2024, Thursday

നട്ടംതിരിഞ്ഞ് അന്നദാതാക്കള്‍: രാജ്യത്തെ പകുതിയിലധികം കര്‍ഷക കുടുംബങ്ങളും കടക്കെണിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 11, 2021 6:16 pm

രാജ്യത്തെ പകുതിയിലധികം കര്‍ഷകകുടുംബങ്ങളും കടക്കെണിയിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്(എന്‍എസ്ഒ) നടത്തിയ ഒരു പഠനത്തിലാണ് കര്‍ഷകരുടെ ജീവിതസാഹചര്യം വ്യക്തമാകുന്നത്. 2019ല്‍ ശരാശരി 74,121 രൂപയുടെ കടബാധ്യതയാണ് ഓരോ കര്‍ഷകകുടുംബത്തിനുമുള്ളതെന്നാണ് കണക്കുകള്‍.
കുടിശ്ശികയായ വായ്പകളില്‍ 69.6 ശതമാനവും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതും അല്ലാത്തതുമായ ബാങ്കുകളും സഹകരണസ്ഥാപനങ്ങളും സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവയില്‍ നിന്നുള്ളതാണെന്നും 20.5 ശതമാനം സ്വകാര്യ ഫൈനാന്‍സിങ് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നുമാണെന്നും സര്‍വെ കണ്ടെത്തുന്നു.
ആകെയുള്ള വായ്പകളില്‍ 57.5 ശതമാനം മാത്രമാണ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി എടുത്തിരിക്കുന്നത്. കാര്‍ഷിക കുടുംബങ്ങളുടെ കൈവശമുള്ള ഭൂമിയും വളര്‍ത്തുമൃഗങ്ങളും കണക്കാക്കുന്നതിനും കര്‍ഷകരുടെ ജീവിതസാഹചര്യം മനസിലാക്കുന്നതിനുമായാണ് 2019 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ എന്‍എസ്ഒ സര്‍വേ നടത്തിയത്.

രാജ്യത്ത് കര്‍ഷകകുടുംബത്തിന് ലഭിക്കുന്ന ശരാശരി മാസവരുമാനം 10,218 രൂപയാണെന്നും സര്‍വേയിലൂടെ കണ്ടെത്തി. വേതനമായി 4,063 രൂപ, കൃഷിയിലൂടെ 3,798 രൂപ, വളര്‍ത്തുമൃഗങ്ങളിലൂടെയുള്ള വരുമാനമായി 1,582 രൂപ, കാര്‍ഷികേതര പ്രവര്‍ത്തനങ്ങളിലൂടെ 641 രൂപ, ഭൂമി പാട്ടത്തിന് നല്‍കുന്നതിലൂടെ 134 രൂപ എന്നിങ്ങനെയാണ് വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കാര്‍ഷിക കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന ശരാശരി വരുമാനം.
9.3 കോടി കുടുംബങ്ങളാണ് കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നതെന്നാണ് എന്‍എസ്ഒ വ്യക്തമാക്കുന്നത്. ഇവയില്‍ മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍പെട്ടവരാണ് കൂടുതല്‍, 45.8 ശതമാനം. പട്ടികജാതി 15.9 ശതമാനവും പട്ടികവര്‍ഗം 14.2 ശതമാനവുമാണുള്ളത്.

 

Eng­lish Sum­ma­ry: More than half of the coun­try’s farm­ing fam­i­lies are in debt: Rs 74,121 debt per farmer

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.