ലോകത്ത് കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒന്നര ലക്ഷം(156588) കവിഞ്ഞു. അതില്‍ 80,824 രോഗികളും ചൈനയിലാണ്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 5836 ആയി. ഇറ്റലിയില്‍ മരണസംഖ്യ 1441 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 21,157 ആയി. സ്‌പെയിനില്‍ ആകെ മരണസംഖ്യ 191ഉം ഫ്രാന്‍സില്‍ 91ഉം ആയി.
ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. രാജ്യത്ത് രണ്ട് പേരാണ് രോഗം ബാധിച്ച് മരിച്ചത്. അതേസമയം, കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആദ്യം ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. എന്നാല്‍, കൊറോണ ബാധിതരുടെ ചികിത്സ, താമസം, ആഹാരം തുടങ്ങിയ ചെലവുകള്‍ ഈ ഫണ്ടില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിലുണ്ട്.
ബ്രിട്ടനിൽ നിന്നെത്തിയ വിനോദസഞ്ചാരിയ്ക്ക് കൊറോണ; വിമാനത്തിലെ യാത്രക്കാരെ തിരിച്ചിറക്കി
കേരളത്തിൽ ബ്രിട്ടനിൽ നിന്ന് എത്തിയ വിദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിമാനത്തിൽ കയറിയ ഇയാൾ അടങ്ങുന്ന സംഘത്തെ തിരിച്ചിറക്കി. 19 അംഗ സംഘമാണ് രോഗിക്കൊപ്പം ഉണ്ടായിരുന്നത്. മൂന്നാറിൽ എത്തിയ ഇയാൾ ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്നു. ഇയാൾ കയറിയ വിമാനത്തിലെ 270 പേരെയും പുറത്തിറക്കി പരിശോധിക്കും. എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചാണ് പരിശോധിക്കുക.
പത്തനംതിട്ടയിൽ ഒരാൾക്ക് കൂടെ രോഗ ലക്ഷണം.
ഇറ്റലിയിൽ നിന്നെത്തിയയാൾക്കാണ് രോഗലക്ഷണം ഇയാളെ ഐസൊലേറ് ചെയ്തു.
മെഡിക്കൽ വിദ്യാർത്ഥി തൃശ്ശൂരിൽ ഐസൊലേഷനിൽ
കൂടാതെ കർണാടകയിലെ കൽബുർഗിയിൽ കൊറോണ കൊവിഡ് 19 ബാധിച്ച് മരിച്ചയാളുമായി അടുത്തിടപഴകിയ മെഡിക്കൽ വിദ്യാർത്ഥിയെ തൃശ്ശൂരിലെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലാക്കി. പനി ലക്ഷണം കണ്ടതിനെ തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് ഇവർ തൃശ്ശൂരിൽ എത്തിയത്.കൽബുർഗിയിൽ കൊറോണ ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച 11 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് തൃശൂരിലെത്തിയത്. ഇവർ എത്തുന്ന വിവരം നേരത്തെ ആരോഗ്യ വകുപ്പ് അധികൃതർക്ക് ലഭിച്ചിരുന്നു. ഇതനുസരിച്ച് രാവിലെ 2: 15ന് തന്നെ സ്റ്റേഷനിലെത്തിയ ആരോഗ്യവകുപ്പ് അധികൃർ നടത്തിയ പരിശോധനയിലാണ് ഒരാൾക്ക് നേരിയ പനി ലക്ഷണങ്ങൾ കണ്ടെത്തിയത്. കുട്ടിയെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തിച്ച് ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൂടെയുള്ള മറ്റ് പത്ത് വിദ്യാർത്ഥികളെയും ആംബുലൻസിൽ തന്നെ വീടുകളിലെത്തിച്ചു. 76കാരനായ മുഹമ്മദ് ഹുസൈൻ സിദ്ദിഖിയാണ് കർണാടകത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഫെബ്രുവരി 29 നാണ് ഇദ്ദേഹം സൗദി അറേബ്യയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയത്. അതിനിടെ, പത്തനംതിട്ടയിലും ഒരാൾക്ക് കോവിഡ് ലക്ഷണം. ഇറ്റലിയില്‍ നിന്നെത്തിയ ആളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരിൽ ഡോക്ടറെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് കണ്ണൂർ പെരിങ്ങോം സ്വദേശിയെ പരിശോധിച്ച കാങ്കോലിലെ ഡോക്ടറെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ഡോക്ടറെ കണ്ണൂർ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഡോക്ടർക്ക് രോഗലക്ഷണങ്ങൾ ഒന്നിമില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം വ്യാപകമായതോടെയാണ് നടപടി. ഡോക്ടറുടെ സ്രവം പരിശോധിച്ച് ഇന്ന് തന്നെ ഫലം ലഭ്യമാക്കി ആശങ്കയകറ്റുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
അതീവ ജാഗ്രതയിൽ കേരളം
സംസ്ഥാനത്ത് കൊറോണ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി പരിശോധനകള്‍ ശ്കതമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്ന് മുതല്‍ റെയില്‍വെ സ്‌റ്റേഷനുകളിലും റോഡുകളിലുമെല്ലാം പരിശോധനകള്‍ ആരംഭിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് 19 വ്യാപകമായ പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങളിലെ സ്‌ക്രീനിംഗിനൊപ്പം റെയില്‍വെ സ്‌റ്റേഷനുകളിലും റോഡുകളിലുമെല്ലാം പരിശോധന ശക്തമാക്കുന്നത്.അതിര്‍ത്തി കടന്നെത്തുന്ന ട്രെയിനുകളും വാഹനങ്ങളും പരിശോധിക്കും. ട്രെയിന്‍ സംസ്ഥാനത്ത് ആദ്യമെത്തുന്ന സ്‌റ്റേഷനിലാകും പരിശോധന. അതത് പ്രദേശത്തെ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍, ഒരു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍, ഒരു ഹെല്‍ത്ത് വോളന്റിയര്‍ എന്നിവരടങ്ങുന്ന ടീമാണ് പരിശോധന നടത്തുക.
ട്രംപിന്റെ പരിശോധന ഫലം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊറോണ വൈറസ് ബാധയില്ലെന്ന് പരിശോധനാഫലം. റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടു.തനിക്ക് രോഗലക്ഷണങ്ങളില്ലെന്ന് ട്രംപ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.ട്രംപിനൊപ്പം കഴിഞ്ഞദിവസം ഫ്‌ളോറിഡയില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത ബ്രസീലിയന്‍ പ്രസിഡന്റിന്റെ മാധ്യമവിഭാഗം മേധാവി ഫാബിയോ വജ്ഗാര്‍ടന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ വൈറ്റ് ഹൗസിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ട്രംപ് കൊറോണ വൈറസ് പരിശോധനയ്ക്ക് തയ്യാറായത്.അമേരിക്കയില്‍ 57 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 2836 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഇറ്റലിയിലും ഇറാനിലും കുടുങ്ങിക്കിടന്ന 454 പേര്‍ ഡല്‍ഹിയിലെത്തി
കൊവിഡ് 19 വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് ഇറ്റലിയിലും ഇറാനിലും കുടുങ്ങിക്കിടന്ന 454 പേര്‍ ഡല്‍ഹിയിലെത്തി. ഇന്ന് രാവിലെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ഡല്‍ഹിയില്‍ എത്തിച്ചത്. ഇറ്റലിയില്‍ നിന്ന് 220 പേരെയും ഇറാനിന്‍ നിന്ന് 234 പേരെയുമാണ് തിരികെ എത്തിച്ചത്. തിരിച്ചെത്തിവരില്‍ ഭൂരിഭാഗം പേരും വിദ്യാര്‍ത്ഥികളാണ്.
ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാം; വി എസ് അച്യുതാനന്ദന്‍
സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍. കൂട്ടു ചേരലിലും സന്ദര്‍ശനങ്ങളിലും മിതത്വം പാലിക്കുക, വ്യക്തി ശുചിത്രം പരമാവധി പാലിക്കുക എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാനാവുമെന്നും വി എസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.