കൂടുതല്‍ തീവണ്ടികള്‍ വില്‍പ്പനയ്ക്ക്

Web Desk
Posted on September 30, 2019, 11:03 pm

രാജ്യത്തെ തീവണ്ടിസര്‍വീസുകള്‍ നേരിട്ട് നടത്തുന്നത് ഒഴിവാക്കി സ്വകാര്യ സംരംഭകരെ ഏല്‍പ്പിക്കുകയെന്ന തീരുമാനം നേരത്തേ തന്നെ ഇന്ത്യന്‍ റയില്‍വേ കൈക്കൊണ്ടിരുന്നു. അതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ ലക്‌നൗ — ഡല്‍ഹി തേജസ് എക്‌സ്പ്രസ് നടത്തിപ്പ് ഇന്ത്യന്‍ റയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷ(ഐആര്‍സിടിസി) നെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഐആര്‍സിടിസി എന്നത് റയില്‍വേയുടെ അനുബന്ധ സ്ഥാപനമാണെന്നാണ് ഈ തീരുമാനത്തെ ന്യായീകരിക്കുന്നതിനുള്ള അധികൃതരുടെ വാദം. എന്നാല്‍ അങ്ങനെ തന്നെയാണ് അറിയപ്പെടുന്നതെങ്കിലും സ്വകാര്യ സംരംഭകരുടേതില്‍ നിന്ന് ഒരു വ്യത്യാസവുമില്ലാത്തതാണ് അതിന്റെ പ്രവര്‍ത്തന രീതി.

പലപ്പോഴും സ്വകാര്യമേഖലയെക്കാള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാവുന്ന സ്ഥിതിയുമുണ്ടാകാറുണ്ട്. ഒക്‌ടോബര്‍ നാലിന് ഇതിന്റെ ഉദ്ഘാടനം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭം മാത്രമല്ല ഇന്ത്യന്‍ റയില്‍വേ. അത് രാജ്യത്തെ എല്ലാ വിഭാഗത്തിലുമുള്ളവരുടെ യാത്രാ മാര്‍ഗവും പൊതു ഉടമസ്ഥതയിലുള്ള യാത്രാ സംവിധാനവുമാണ്. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത സംവിധാനവും റയില്‍വേ തന്നെയാണ്. അതുകൊണ്ടുതന്നെ തീവണ്ടി സര്‍വീസുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ വന്‍ പ്രതിഷേധം എല്ലാ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.

എന്നാല്‍ പ്രസ്തുത പ്രതിഷേധം വകവയ്ക്കാതെ കൂടുതല്‍ തീവണ്ടി സര്‍വീസുകള്‍ സ്വകാര്യ സംരംഭകരെ ഏല്‍പ്പിക്കുവാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യന്‍ റയില്‍വേ. 150 തീവണ്ടി സര്‍വീസുകള്‍ സ്വകാര്യസംരംഭകര്‍ക്ക് നല്‍കാനാണ് ഒടുവില്‍ കൈക്കൊണ്ടിരിക്കുന്ന തീരുമാനം. അടുത്ത രണ്ടു മൂന്ന് വര്‍ഷം കൊണ്ട് ഇത്രയും തീവണ്ടി സര്‍വീസുകള്‍ സ്വകാര്യ സംരംഭകര്‍ക്ക് നല്‍കും. ഈ തീവണ്ടികള്‍ക്ക് ഏകദേശം 22,500 കോടി രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. ആദ്യഘട്ടമായി 24 സര്‍വീസുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എറണാകുളം — തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഉള്‍പ്പെടെയാണ് ആദ്യഘട്ടത്തില്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്. മന്ത്രി പീയൂഷ് ഗോയലിന്റെ നിര്‍ദ്ദേശപ്രകാരം റയില്‍വേ ബോര്‍ഡാണ് സ്വകാര്യ സംരംഭകരെ ഏല്‍പ്പിക്കേണ്ട തീവണ്ടി സര്‍വീസുകളുടെ പട്ടിക തയ്യാറാക്കിയത്.

നഷ്ടത്തിലുള്ള റയില്‍വേയെ രക്ഷിക്കുന്നതിനാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ നിലവില്‍ ഏറ്റവും തിരക്കേറിയതും വരുമാനമുള്ളതുമായ സര്‍വീസുകളാണ് സ്വകാര്യവല്‍ക്കരിക്കുന്നതിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഡല്‍ഹി — മുംബൈ, ഡല്‍ഹി — ജമ്മു, ഡല്‍ഹി — ഹൗറ, സെക്കന്തരാബാദ് — ഹൈദരാബാദ്, സെക്കന്തരാബാദ് — ഡല്‍ഹി, ഡല്‍ഹി — ചെന്നൈ, മുംബൈ — ചെന്നൈ, ഹൗറ — ചെന്നൈ ഹൗറ — മുംബൈ, ഡല്‍ഹി — പട്‌ന തുടങ്ങിയ ഏറ്റവുമധികം തിരക്കുള്ളതും യാത്രക്കാരുള്ളതുമായ ദീര്‍ഘദൂര തീവണ്ടികളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്ന വിധത്തില്‍ ലോകോത്തര സൗകര്യങ്ങള്‍ സജ്ജീകരിച്ച് വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും വിശദീകരിക്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുത്തിരിക്കുന്ന സര്‍വീസുകളെല്ലാം തന്നെ അതിന്റെ പരമാവധി യാത്രക്കാരെ ഉള്‍ക്കൊള്ളുന്നവയാണ്. അതോടൊപ്പം തന്നെ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന വിധത്തിലല്ല നിരക്കുകളുടെ നിര്‍ണ്ണയം എന്നു പരിശോധിച്ചാല്‍ വ്യക്തമാകും. ഐആര്‍സിടിസിയെ ഏല്‍പ്പിച്ചിരിക്കുന്ന തേജസിന്റെ യാത്രാ നിരക്കുകള്‍ പരിശോധിച്ചാല്‍ സാധാരണക്കാരെ അകറ്റുന്നതിനാണ് ഇടയാക്കുക. ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് എസി ചെയര്‍ കാറിന് 1,125 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 2,310 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഇതേ റൂട്ടില്‍ മറ്റ് സര്‍വീസുകള്‍ക്ക് യഥാക്രമം 965, 1935 രൂപയാണ് ഇതേ ക്ലാസുകളുടെ നിരക്ക്. എന്ന് മാത്രമല്ല തേജസില്‍ തിരിച്ചുള്ള യാത്രയ്ക്ക് നിരക്ക് വര്‍ധിക്കുന്ന രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇപ്പോള്‍ 120 ദിവസം മുന്‍കൂറായി സീറ്റ് ബുക്ക് ചെയ്യുന്നതിന് യാത്രക്കാര്‍ക്ക് അവസരമുണ്ട്. എന്നാല്‍ തേജസില്‍ ഇത് 60 ദിവസമാക്കി കുറച്ചിരിക്കുകയാണ്. നേരത്തേ ഒരു മാസവും രണ്ടു മാസവുമൊക്കെയായിരുന്നത് വിവിധ ഘട്ടങ്ങളില്‍ ഉയര്‍ത്തിയാണ് 120 ദിവസമാക്കിയത്. എന്നാല്‍ അത് എടുത്തുകളഞ്ഞിരിക്കുകയാണ്. ഇവയെല്ലാം യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് പകരം അകറ്റാനാണ് ഉപകരിക്കുക എന്നതില്‍ സംശയമില്ല. രാജ്യത്തെ സാധാരണക്കാരുടെ ചെലവ് കുറഞ്ഞ യാത്രാ സംവിധാനത്തെയും സ്വകാര്യവല്‍ക്കരിക്കുന്ന നീക്കത്തിനെതിരെ ശക്തമായ പ്രതിരോധങ്ങള്‍ വളര്‍ന്നുവരേണ്ടതുണ്ട്.

എല്ലാ മേഖലയെയുമെന്നതുപോലെ റയില്‍വേ എന്ന രാജ്യത്തെ ഏറ്റവും വലിയ പൊതു യാത്രാ സംവിധാനത്തെ സ്വകാര്യ സംരംഭകരുടെ കയ്യിലേല്‍പ്പിക്കുവാനുള്ള ഗൂഢനീക്കമാണ് ഇത്തരം തീരുമാനങ്ങളുടെ പിന്നിലുള്ളത്. പുതിയ പുതിയ ന്യായീകരണങ്ങളും വിശദീകരണങ്ങളുമായി അത് ഭംഗിയായി നിര്‍വഹിക്കുകയാണ് കേന്ദ്ര ഭരണാധികാരികളും റയില്‍വേ അധികൃതരും.