സംഘര്‍ഷ സാധ്യത : കാശ്മീരില്‍ കൂടുതല്‍ സേന എത്തുന്നു

Web Desk
Posted on August 05, 2019, 3:11 pm

ന്യൂഡല്‍ഹി : കശ്മീരിലേയ്ക്ക് 8000 അര്‍ധസൈനികരെ കൂടി വിന്യസിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ സംഘര്‍ഷ സാധ്യത പരിഗണിച്ചാണ്  കൂടുതല്‍ സൈനികരെ കശ്മീരിലേക്ക് കേന്ദ്രം അയച്ചിരിക്കുന്നത്. യുദ്ധസമാനമായ അന്തരീക്ഷം ആണ് നിലനില്‍ക്കുന്നത്.
ഉത്തര്‍പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളില്‍ നിന്ന് എണ്ണായിരത്തോളം അര്‍ധസൈനികരെയാണ് അടിയന്തരമായി കശ്മീര്‍ താഴ്വരയില്‍ വിന്യസിപ്പിക്കാന്‍ കൊണ്ടുപോയത്.ശ്രീനഗറില്‍നിന്നു സൈന്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്.

. ഇന്നലെ രാത്രിയില്‍ കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കഴിഞ്ഞയാഴ്ച 25,000 സൈനികരെ കശ്മീര്‍ താഴ്വരയില്‍ വിന്യസിപ്പിച്ചിരുന്നു. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ്, ആര്‍ട്ടിക്കിള്‍ 35 എ കേന്ദ്ര സര്‍ക്കാര്‍ എടുത്ത് കളയുമെന്ന അഭ്യൂഹം നിലനില്‍ക്കേയാണ് കൂടുതല്‍ സൈനീകരെ വിന്യസിച്ചത്.

അതിന് ഒരാഴ്ച മുമ്പും 100 കമ്പനി സൈനികരെ കേന്ദ്രം വിന്യസിപ്പിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് കേന്ദ്രം സൈനിക വിന്യാസം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരവകുപ്പുമന്ത്രി അമിത്ഷാ,പ്രധാന് ഉദ്യോഗസ്ഥര്‍എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു.

കശ്മീരിലെ സ്ഥിതി വിശേഷങ്ങള്‍ കണക്കിലെടുത്ത് അമര്‍നാഥ് തീര്‍ഥാടനത്തില്‍ ഏര്‍പ്പെട്ടവരോട് യാത്ര നിര്‍ത്തി വെച്ച് തിരിച്ചു പോകാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തിനു വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചത് എന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അമര്‍നാഥ് യാത്രയ്‌ക്കെതിരായ ഭീകരാക്രമണ ഭീഷണിയെക്കുറിച്ച് രഹസ്യാന്വേഷണവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സംസ്ഥാന അധികൃതര്‍ നല്‍കുന്ന വിശദീകരണം.

യാത്രയുടെ സുരക്ഷയ്ക്കായി എത്തിച്ച നാല്‍പതിനായിരത്തോളം അര്‍ധസൈനികരെ മറ്റു ക്രമസമാധാന ചുമതല ഏല്‍പ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ തയാറായിരിക്കാനാണ് സേനയ്ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം