Wednesday
20 Mar 2019

ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ 49 മരണം

By: Web Desk | Friday 15 March 2019 10:43 PM IST


ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്‌ലിം പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ 49 മരണം. നിരവധിപ്പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദിലും സമീപത്തെ മറ്റൊരു പള്ളയിലുമാണ് വെടിവയ്പ്പ് നടന്നത്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി ആളുകള്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരങ്ങള്‍. ടീമംഗങ്ങള്‍ പള്ളിയിലേക്ക് എത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ്-ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റ് മത്സരം റദ്ദാക്കി.
വെടിവയ്പ്പില്‍ ഇന്ത്യാക്കാരും മരിച്ചതായി സൂചനയുണ്ട്. സംഭവത്തിന് ശേഷം ഒന്‍പത് ഇന്ത്യക്കാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ന്യൂസിലന്‍ഡ് അധികൃതരുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ ഇരയായവരുടെ പേരുവിവരങ്ങളോ മറ്റ് വിശദാംശങ്ങളോ നല്‍കാനാവില്ലെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം രണ്ട് ഇന്ത്യക്കാര്‍ മരിച്ചതായും ഒരാള്‍ ഗുരുതരാവസ്ഥയിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.
ബ്രണ്ടന്‍ ടാറന്റ് (28) എന്ന ഓസ്‌ട്രേലിയന്‍ പൗരനാണ് നരനായാട്ടിന് പിന്നിലെന്നാണ് പ്രാഥമികവിവരം. ഇയാളുടെ തീവ്ര നിലപാടുകള്‍ വ്യക്തമാക്കുന്ന 73 പേജുള്ള കുറിപ്പും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രതി ലൈവായി ഫെയ്‌സ്ബുക്കില്‍ സ്ട്രീം ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോ പങ്കുവയ്ക്കുന്നതിനെതിരേ ന്യൂസിലന്‍ഡ് പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് ന്യൂസിലന്‍ഡ് പൊലീസ് അറിയിച്ചു.
മധ്യ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലാണ് ആദ്യം വെടിവയ്പ്പ് ഉണ്ടായത്. പിന്നീടാണ് ലിന്‍ഡുവിലെ രണ്ടാമത്തെ പള്ളിയില്‍ ആക്രമണം ഉണ്ടാകുന്നത്. സൈനികന്റെ വേഷത്തിലാണ് അക്രമി എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.ഓട്ടോമാറ്റിക് റൈഫിളുമായെത്തിയ ഇയാള്‍ പ്രാര്‍ത്ഥനക്കെത്തിയ ആളുകളുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പള്ളികളിലേക്ക് ഉടനെ ആളുകള്‍ വരരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാന കെട്ടിടങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ പൂട്ടണമെന്നും പൊലീസ് നിര്‍ദ്ദേശമുണ്ട്.

Related News