മോസ്‌കോ തെരഞ്ഞെടുപ്പ്: റഷ്യയിലെ ഭരണകക്ഷിക്ക് വന്‍ തിരിച്ചടി

Web Desk
Posted on September 09, 2019, 7:40 pm

മോസ്‌കോ: കഴിഞ്ഞ ദിവസം നടന്ന മോസ്‌കോസിറ്റി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഭരണകക്ഷിയായ യൂണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. 45 അംഗ പാര്‍ലമെന്റില്‍ മുക്കാല്‍ഭാഗം സീറ്റും ഇവര്‍ക്ക് നഷ്ടമായി.
പ്രതിപക്ഷ സ്ഥാനാര്‍ഥികളില്‍ പലരും അയോഗ്യരായതോടെ കമ്മ്യൂണിസ്റ്റുകാരും സ്വതന്ത്രരും മറ്റുള്ളവരും ചില സീറ്റുകളില്‍ വിജയിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ഥികളെ അയോഗ്യരാക്കിയത് വന്‍ പ്രതിഷേധത്തിന് വഴി വച്ചു. ആയിരക്കണക്കിന് പേര്‍ തടവിലായി. യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ മോസ്‌കോയിലെ നേതാവ് ആന്ദ്രെ മെറ്റെല്‍സ്‌കിയും തോറ്റ പ്രമുഖരുടെ പട്ടികയിലുണ്ട്.

പതിമൂന്ന് സീറ്റാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതീക്ഷിച്ചത്. ലിബറല്‍ യാബ്ലോക്കോ പാര്‍ട്ടിയ്ക്ക് മൂന്ന് സീറ്റ് ലഭിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് ഫലം ഭരണകക്ഷിയുടെ വിജയമാണെന്നാണ് റഷ്യയുടെ ഔദ്യോഗിക മാധ്യമം പ്രചരിപ്പിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ച് വരികയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മോസ്‌കോയിലെ നാട്ടുകാരുടെ പൊതുചിന്തയെക്കുറിച്ചാണ് പ്രധാനമായും പരിശോധിക്കുന്നത്. 22ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.

അതേസമയം തലസ്ഥാനത്തിന് പുറത്ത് ഭരണകക്ഷിയാണ് മികച്ച നേട്ടം കൊയ്തത്. പതിനാറ് മേഖലയില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു.

2001ലാണ് യുണൈറ്റഡ് റഷ്യാപാര്‍ട്ടി രൂപീകൃതമായത്. പ്രസിഡന്റ് വ്‌ലാഡിമര്‍ പുട്ടിനെ പിന്തുണയ്ക്കാനായാണ് പാര്‍ട്ടി രൂപീകരിച്ചത്. മികച്ച പ്രകടനമാണ് പാര്‍ട്ടി കാഴ്ച വച്ചതെന്നാണ് പുട്ടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചത്. ചിലയിടങ്ങളില്‍ പാര്‍ട്ടി വന്‍ വിജയം കൊയ്തപ്പോള്‍ ചിലയിടങ്ങളില്‍ വിജയത്തിന്റെ മാറ്റ് കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. രാജ്യത്താകമാനം രാഷ്ട്രീയ നേതൃത്വം പ്രകടിപ്പിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.