ഏറ്റവുമധികം പരാതികള്‍ കെട്ടിക്കിടക്കുന്നത് ആരോഗ്യ മന്ത്രാലയത്തിലെന്ന് റിപ്പോര്‍ട്ട്. പരാതി തീർപ്പാക്കൽ വിലയിരുത്തുന്നതിനുള്ള ‘ഇടക്കാല പരാതി പരിഹാര സൂചിക’യിൽ ആരോഗ്യ മന്ത്രാലയവും പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയവും ഏറ്റവും പിന്നിലാണ്. അതേസമയം പരാതി പരിഹരിക്കുന്നതിനുള്ള കാലതാമസത്തിലാകട്ടെ ഇരുവകുപ്പുകളും മുന്നിലുണ്ട്. ഓരോ വർഷവും ശരാശരി 30 ലക്ഷം പൊതുജന പരാതികളാണ് കേന്ദ്രത്തിന് ലഭിക്കുന്നത്. ഈ വർഷം ഇതുവരെ സാമ്പത്തിക സേവന വകുപ്പ് (ബാങ്കിങ് വിഭാഗം), തൊഴിൽ മന്ത്രാലയം, സിബിഡിടി, റെയിൽവേ മന്ത്രാലയം, സഹകരണ മന്ത്രാലയം എന്നിവയിലാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചിട്ടുള്ളത്.
ആരോഗ്യ മന്ത്രാലയത്തിന് പുറമെ റവന്യൂ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, പ്രതിരോധ വകുപ്പ് എന്നിവിടങ്ങളിലും പൊതുജന പരാതികള്‍ കൂടുതലായി കെട്ടിക്കിടക്കുന്നുണ്ട്. ആരോഗ്യ കാർഡുകൾ, മെഡിക്കൽ തിരിച്ചടവുകളിലെ കാലതാമസം, ആശുപത്രി സേവനങ്ങൾ, കോവിഡ് വാക്സിനേഷന്‍, എന്നിവയെക്കുറിച്ചുള്ള പരാതികളാണ് ഏറെയും. ഒരു പരാതി തീർപ്പാക്കാൻ ആരോഗ്യ മന്ത്രാലയം ശരാശരി 110 ദിവസമെടുത്തിട്ടുണ്ട്. പരാതി പരിഹാരത്തിനായി നിശ്ചയിച്ചിരിക്കുന്ന ഏറ്റവും ഉയര്‍ന്ന സമയപരിധി 45 ദിവസമായിരിക്കെയാണിത്. ഭക്ഷ്യ‑പൊതുവിതരണ മന്ത്രാലയം ശരാശരി 10 ദിവസം കൊണ്ട് ഒരു പരാതി അവസാനിപ്പിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍ വ്യക്തമാക്കുന്നു. അതേസമയം നിയമകാര്യ വകുപ്പിൽ 228 ദിവസം വരെയും സഹകരണ മന്ത്രാലയത്തിൽ 183 ദിവസം വരെയും പരാതി പരിഹാരത്തിന് വേണ്ടിവരുന്നു.
സാമ്പത്തിക സേവന വകുപ്പിന് ലഭിക്കുന്ന പരാതികളേറെയും പെൻഷനുകൾ ലഭിക്കാതിരിക്കുക, സർക്കാർ സബ്‌സിഡികൾ ലഭിക്കാതിരിക്കുക, ബാങ്ക് അക്കൗണ്ട് തുറക്കാതിരിക്കുക, കാലതാമസം തുടങ്ങിയവയാണ്. വായ്പകളുമായി ബന്ധപ്പെട്ട് ഫോണിലൂടെയുള്ള ഭീഷണികള്‍, ഓൺലൈൻ ഇടപാടുകളിലെ പിഴവ് എന്നിവയെക്കുറിച്ചും നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട പരാതികളാണ് തൊഴിൽ മന്ത്രാലയത്തിൽ ലഭിക്കുന്നതിലേറെയും. മൊബൈല്‍ നെറ്റ്‌വർക്ക് പ്രശ്നങ്ങള്‍, മോശം കോൾ നിലവാരം, സേവനദാതാവിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ബ്രോഡ്‌ബാൻഡ് വേഗത, ബില്‍ സംബന്ധിയായ പ്രശ്‌നങ്ങൾ എന്നിവയാണ് പ്രധാനമായി ടെലികോം വകുപ്പിന് മുന്നിലെത്തുന്നത്. സ്വകാര്യ കമ്പനികൾ ടവറുകൾ സ്ഥാപിക്കുന്നത് ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നതായും വ്യാപകമായി പരാതികള്‍ ലഭിക്കുന്നുണ്ട്. ശരാശരി 12 ദിവസംകൊണ്ട് പ്രശ്നപരിഹാരം നല്‍കുന്നതായും കണക്കുകള്‍ പറയുന്നു.
English Summary:Most of the public complaints are pending in the Ministry of Health
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.