28 March 2024, Thursday

Related news

March 18, 2024
February 23, 2024
February 19, 2024
February 7, 2024
January 20, 2024
January 7, 2024
December 4, 2023
November 21, 2023
October 31, 2023
October 30, 2023

വിമതരില്‍ മിക്കവര്‍ക്കും കൂറുമാറ്റ ചരിത്രം

Janayugom Webdesk
June 27, 2022 10:40 pm

ശിവസേന വിമതക്യാമ്പിലെ എംഎല്‍എമാരില്‍ മിക്കവരും കൂറുമാറ്റ ചരിത്രമുള്ളവര്‍. നിലവില്‍ 39 ശിവസേന എംഎല്‍എമാരാണ് ഗുവാഹട്ടി ക്യാമ്പിലുള്ളത്. ഇവരില്‍ ഒരു ഡസനോളം എംഎല്‍എമാര്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നും വിവിധ ഘട്ടങ്ങളിലായി ശിവസേനയില്‍ എത്തിയിട്ടുള്ളവരാണ്.
അസമിലെ വിമത ക്യാമ്പില്‍ കഴിയുന്ന എംഎല്‍എമാര്‍ പ്രധാനമായും മഹരാഷ്ട്രയിലെ അഞ്ച് മേഖലകളില്‍ നിന്നുള്ളവരാണ്. ഇവരില്‍ പകുതിപ്പേരും ബാലാസാഹേബ് താക്കെറെയുടെ കടുത്ത അനുയായികളും വിശ്വസ്തരുമാണ്.
വിമത ക്യാമ്പിലെ എംഎല്‍എമാരെല്ലാം മുംബൈ-കൊങ്കണ്‍, പശ്ചിമ മഹാരാഷ്ട്ര, ഉത്തര മഹാരാഷ്ട്ര, മറാത്ത്‌വാഡ, വിദര്‍ഭ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. മുതിര്‍ന്ന നേതാവ് ഗുലാബ്രോ പാട്ടീല്‍ ജല്‍ഗാവ് ജില്ലയില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയിട്ടുള്ള വ്യക്തിയാണ്. മഹദില്‍ നിന്ന് മൂന്ന് തവണ എംഎല്‍എ ആയ ഭാരത് ഗോഗാവാലെ ചീഫ് വിപ്പായി നിയമിക്കപ്പെട്ട കടുത്ത ശിവസൈനികനാണ്. 

മുംബൈയിലെ രാഷ്ട്രീയത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയ മുതിര്‍ന്ന നേതാവ് യശ്വന്ത് ജാദവിന്റെ ഭാര്യ യാമിനി ജാദവ് ആണ് മറ്റൊരാള്‍. ഷിന്‍ഡെ ക്യാമ്പിന്റെ വക്താവായ ദീപക് കെസാര്‍കര്‍ സാവന്ത്‌വാടിയില്‍ നിന്ന് മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്. രണ്ട് തവണ എന്‍സിപിയെയും ഒരു തവണ ശിവസേനയെും പ്രതിനിധീകരിച്ചാണ് അദ്ദേഹം മണ്ഡലത്തില്‍ മത്സരിച്ചത്. കഴിഞ്ഞ ബിജെപി-ശിവസേന സഖ്യ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു.
പ്രതാപ് സര്‍നായിക് ഒവാല മജിദ്‌വാഡയില്‍ നിന്ന് മൂന്ന് തവണ മത്സരിച്ച് ജയിച്ചിട്ടുണ്ട്. മുൻ എൻസിപി എംഎൽഎയായിരുന്ന അദ്ദേഹം പാർട്ടി മാറി ശിവസേനയിൽ ചേരുകയായിരുന്നു. താനെ രാഷ്ട്രീയത്തിലെ പരിചയസമ്പന്നനായ സർനായിക് ഷിൻഡെ കോട്ടയിൽ നിന്നാണ് വരുന്നത്.
ദിലിപ് ലാന്‍ഡെ, രാജ്യസഭാ തെരഞ്ഞെെടുപ്പില്‍ വോട്ട് അസാധുവാക്കിയ സുഹാസ് കാണ്ഡെ എന്നിവര്‍ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന(എംഎന്‍എസ്) യില്‍ നിന്നാണ് ശിവസേനയിലെത്തിയത്. നേരത്തെ എന്‍സിപി പക്ഷത്തായിരുന്ന ഉന്നത, സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായ ഉദയ് സാമന്ത് അടുത്തിടെയാണ് ശിവസേനയില്‍ ചേര്‍ന്നത്. ശംഭുരാജ് ദേശായിക്കും സമാന പശ്ചാത്തലമാണുള്ളത്. വേരുകള്‍ ശിവസേനയില്‍ നിന്നാണെങ്കിലും ഇടയ്ക്ക് കോണ്‍ഗ്രസിലേക്ക് കൂറുമാറ്റം നടത്തിയ സദാ സര്‍വണ്‍കര്‍ അടുത്തിടെയാണ് മാതൃപാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയത്. അനില്‍ ബാബര്‍ നേരത്തെ കോണ്‍ഗ്രസിലും എന്‍സിപിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Most of the rebels have a his­to­ry of defection

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.