Web Desk

തിരുവനന്തപുരം

February 28, 2021, 3:31 pm

ഏറ്റവും ജനപ്രീതി മുഖ്യമന്ത്രി പിണറായി വിജയന്; സര്‍വ്വേഫലം പുറത്ത്

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സര്‍വേ ഫലം.അസം, കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നടത്തിയ ഐഎഎന്‍എസ്-സിവോട്ടര്‍ സര്‍വേയിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി മുന്നിലെത്തിയത്.

കേരളത്തില്‍ 72.92 ശതമാനവും പശ്ചിമ ബംഗാളില്‍ 57.5 ശതമാനവും അസമില്‍ 58.27 ശതമാനവും പേര്‍ക്ക് അവരുടെ സര്‍ക്കാരുകളില്‍ പ്രീതിയുണ്ട്. കേരളത്തിലെ 53.08 ശതമാനം ആളുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ  പ്രകടനത്തില്‍ വളരെയധികം സംതൃപ്തരാണ്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലിന്റെ പ്രകടനത്തില്‍ അവിടുത്തെ 45.84 ശതമാനം പേര്‍ വളരെയധികം സംതൃപ്തി രേഖപ്പെടുത്തി.

കേരളത്തില്‍ 45.35 ശതമാനം പേര്‍ വളരെയധികം സംതൃപ്തരാണ്, 42.87 ശതമാനം പേര്‍ ഒരു പരിധിവരെ സംതൃപ്തരാണ്, 11.7 ശതമാനം പേര്‍ തൃപ്തരല്ല. ആകെ 76.52 ശതമാനം ആളുകള്‍ കേരള സര്‍ക്കാരിന്റെ പ്രകടനത്തില്‍ സംതൃപ്തരാണ്.

അതേസമയം, കേരളത്തില്‍ ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വേ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എല്‍ഡിഎഫ് 83 മുതല്‍ 91വരെ സീറ്റ് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. യുഡിഎഫിന് 47 മുതല്‍ 55 സീറ്റുകള്‍ ലഭിക്കും. ബിജെപിക്ക് രണ്ടു സീറ്റുകളില്‍ കൂടുതല്‍ ലഭിക്കില്ലെന്നും അഭിപ്രായ സര്‍വേ വിലയിരുത്തുന്നു.

ഇടതുമുന്നണിക്ക് 40 ശതമാനം വോട്ടും യുഡിഎഫിന് 33 ശതമാനം വോട്ടും ബിജെപിക്ക് 13 ശതമാനം വോട്ടും ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു.തമിഴ്‌നാട്ടില്‍ ഇടതുമുന്നണികൾ ഉൾപ്പെടുന്ന ഡിഎംകെ സഖ്യം അധികാരം പിടിച്ചെടുക്കുമെന്നാണ് സര്‍വെയുടെ വിലയിരുത്തല്‍. 152 മുതല്‍ 162 വരെ സീറ്റ് ഡിഎംകെ സഖ്യത്തിന് ലഭിച്ചേക്കും.

58 മുതല്‍ 66 വരെ സീറ്റ് എഐഎഡിഎംകെ-ബിജെപി സഖ്യം നേടുമെന്നും സര്‍വേ വിലയിരുത്തുന്നു. ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസ് ഭരണം നിലനിർത്തുമെന്ന് പ്രവചിക്കുന്ന സർവേ പുതുച്ചേരിയിൽ ബിജെപി സർക്കാരുണ്ടാക്കുമെന്നും അഭിപ്രായപ്പെടുന്നു. അസമിൽ ബിജെപി അധികാരം നിലനിർത്തിയേക്കുമെന്നാണ് സർവേ പ്രവചനം.

 

Eng­lish sum­ma­ry: Most pop­u­lar CM

You may also like this video: