സിഇടി വിദ്യാർത്ഥിയുടെ മരണത്തിൽ ഭർത്താവിനെ സംശയമെന്ന് വളർത്തമ്മ

Web Desk
Posted on November 10, 2019, 11:02 am

തിരുവനന്തപുരം: സിഇടി ക്യാംപസില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിന്‍കര സ്വദേശി രതീഷ് കുമാറാണ് മരിച്ചത്. വിദ്യാര്‍ത്ഥിക്ക് കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ ആരോപിച്ചു. കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവര്‍ പലവട്ടം രതീഷിനെ മര്‍ദ്ദിച്ചിരുന്നുവെന്നും പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ഇവര്‍ പറയുന്നു.

അതേ സമയം,രതീഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വളർത്തമ്മ ഗിരിജ പറഞ്ഞു. “ഭർത്താവ് അനിരുദ്ധനെ സംശയമുണ്ട്. ഭർത്താവിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് തന്നെയും മകനെയും ആക്രമിച്ചത്. രതീഷിനെ ഇയാൾ ശല്യപ്പെടുത്തിയിരുന്നു,” എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

കാണാതായ ശേഷവും രതീഷിന്റെ മൊബൈല്‍, കോളജ് പരിസരത്ത് സിഗ്‌നല്‍ കാണിച്ചിട്ടും പൊലീസിന് കണ്ടെത്താനായില്ലെന്നും രതീഷിനെ കാണാതായി 24 മണിക്കൂറോളം സിഗ്‌നല്‍ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു. അതേസമയം രതീഷിനെ കാണാതായെന്ന വിവരം പൊലീസിനെ അറിയിച്ചിട്ടും എത്താന്‍ വൈകിയെന്നും കാണാതായ രണ്ട് ദിവസവും പൊലീസ് കാര്യമായ തെരച്ചില്‍ നടത്തിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.