കുന്ദമംഗലത്ത് കിണറ്റിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ

Web Desk

കോഴിക്കോട്

Posted on November 15, 2019, 8:41 am

കുന്ദമംഗലത്ത് കിണറ്റിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടതിന് പിന്നിൽ ദുരൂഹത. കീഴരിയൂർ സ്വദേശിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കു​ഞ്ഞിനെയും ഭർത്താവും കുടുംബവും ചേർന്നു കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. സ്ത്രീധനത്തിൻറെ പേരിൽ നിജിനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് ആരോപണം. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് നിജിനയുടെ സഹോദരൻ നിജേഷ് പറഞ്ഞു.

തിങ്കളാഴ്ചയാണ് മുപ്പതുകാരി നിജിനയേയും എട്ടു മാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിജിനയും കുഞ്ഞും സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നോ എന്നു ചോദിച്ച് ഭർത്താവ് ഫോൺ വിളിച്ചതാണ് സഹേദരനിൽ സംശയം ഉളവാക്കിയത്. സാധാരണ ഒറ്റയ്ക്ക് ഇവർ വീട്ടിലേക്ക് വരാറില്ല. രാത്രി വീട്ടിൽ വച്ചു കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും അതിനാൽ സ്വന്തം വീട്ടിലേക്ക് വന്നിരുന്നോയെന്ന് അറിയാനാണ് ചോദിച്ചതെന്നും നിജിനയുടെ ഭർത്താവ് പറഞ്ഞു.

ഒരു മരണ ചടങ്ങിൽ സംബന്ധിക്കാൻ വീട്ടിൽ നിന്ന് എല്ലാവരും പോയതാണെന്നും അതുകഴിഞ്ഞു മടങ്ങിവീട്ടിൽ വന്നപ്പോൾ ഇവരെ കണ്ടില്ലെന്നും ഭർത്താവ് പറഞ്ഞു. സഹോദരൻ നിരവധി തവണ തിരിച്ചു വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. പിന്നീട് ഇവർ കിണറ്റിൽ ചാടിയെന്ന് സഹോദരനെ നാട്ടുകാരൻ വിളിച്ചറിയിക്കുകയായിരുന്നു.

സുഹൃത്തുക്കളാണ് നിജിനയേയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവോ വീട്ടുകാരോ ആശുപത്രിയിലോ മറ്റു ചടങ്ങുകളിൽ സംബന്ധിക്കാൻ എത്താതിരുന്നതും സംശയത്തിന് കാരണമായി. തലേ ദിവസം രാത്രി തന്നെ സംഭവം നടന്നിരിക്കാമെന്നും തെളിവു നശിപ്പിക്കാനായി ഭർതൃവീട്ടുകാർ യാത്രപോയതാകാമെന്നുമാണ് ബന്ധുക്കളുട സംശയം. വിവാഹത്തിനു ശേഷം സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായിരുന്നെന്നും അതിന്റെ പേരിൽ നിജിന ഭർതൃവീട്ടുകാരുടെ പീഡനത്തിനിരയായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു.