സ്വന്തം ലേഖിക

കോട്ടയം:

March 09, 2021, 4:29 pm

വൈക്കത്തിന് നക്ഷത്ര തിളക്കമേകി അമ്മയും കുഞ്ഞും ആശുപത്രി

Janayugom Online

കഴിഞ്ഞ അഞ്ച് വർഷം ആരോഗ്യമേഖലയിൽ സംസ്ഥാന സർക്കാർ കാഴ്ചവച്ചത് സമാനതകളില്ലാത്ത പ്രവർത്തനങ്ങളായിരുന്നു. സാധാരണക്കാരന് ഏറ്റവും കുറ‍ഞ്ഞ ചിലവിൽ മികച്ച ശുശ്രൂഷ ഉറപ്പാക്കുന്ന വിധത്തിൽ സർക്കാർ ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റി. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ആശുപത്രികളാണ് സംസ്ഥാനത്തുടനീളം ഇന്ന് കാണാനാവുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയടക്കം മികച്ച ആതുര സേവന കേന്ദ്രങ്ങളാക്കി മാറ്റി.

അതിന് മികച്ച ഉദാഹരണമായി മാറുകയാണ് വൈക്കത്തെ താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് നിർമ്മിച്ച അമ്മയും കുഞ്ഞും ആശുപത്രി. ജില്ലാതല ആശുപത്രിയുടെ എല്ലാ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് ആശുപത്രി നിർമ്മാണം പൂർത്തിയാക്കിയത്. സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽനിന്നും അനുവദിച്ച 8.80 കോടി രൂപയും നബാർഡിൽ നിന്നുള്ള 23.53 കോടി രൂപയും ചെലവഴിച്ചാണ് ആറ് നിലകളിലായുള്ള കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ലേബർ റൂമുകൾ, കുട്ടികൾക്കുള്ള ഐസിയു, എൻഡോസ്കോപ്പി, ഒബ്സർവേഷൻ റൂമുകൾ, ഏഴു പരിശോധനാ മുറികൾ, കാഷ്വാലിറ്റി, ബ്ലഡ് ബാങ്ക്, 16 വാർഡുകൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ ഉറപ്പാക്കുന്ന ആശുപത്രിയിൽ 200 കിടക്കകൾ സജ്ജീകരിക്കാനാകും. മൂന്നു ലിഫ്റ്റുകളും റാംപുകളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന രീതിയിലാണ് ആശുപത്രി രൂപകല്പന ചെയ്തിരിക്കുന്നത്.

ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവ കേസുകൾ കൈകാര്യം ചെയ്യുന്നത് വൈക്കം താലൂക്ക് ആശുപത്രിയിലാണ്. സാധാരണക്കാരായ വൈക്കത്തെ ജനങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയാണ് ആശുപത്രി യാഥാർത്ഥ്യമാക്കിയതിലൂടെ ചെയ്യാനായതെന്ന് എംഎൽഎ സി കെ ആശ ചൂണ്ടിക്കാട്ടുന്നു. വൈക്കം താലൂക്ക് ആശുപത്രിയിലെ ഒ പി യിൽ 1500 ഓളം രോഗികൾ വരെ ചികിത്സ തേടുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ മാസം ആരോഗ്യ മന്ത്രി കെ കെ ശൈലജ ആശുപത്രി ഉദ്ഘാടനം ചെയ്തു. അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനക്ഷമമായതോടെ താലൂക്ക് ആശുപത്രിയിലെ രോഗികളുടെ തിരക്ക് ഗണ്യമായി കുറയ്ക്കാനായി.

ENGLISH SUMMARY: Moth­er and child hos­pi­tal in Vaikom

YOU MAY ALSO LIKE THIS VIDEO