സിനിമ ചിത്രീകരിക്കുന്നതിനിടെ സ്ഫോടനം; അമ്മയും അഞ്ച് വയസുള്ള മകളും മരിച്ചു

Web Desk
Posted on March 30, 2019, 1:03 pm

ബംഗളൂരു: സിനിമയിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ സ്ഫോടനം അമ്മയും അഞ്ച് വയസുള്ള മകളും മരിച്ചു. വെള്ളിയാഴ്ച ബംഗളൂരുവിലാണ് സംഭവം. ഒരു കന്ന‍ഡ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

വൈകിട്ട് അഞ്ച് മണിയോടെ ഒരു കാര്‍ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സുമന്‍ ബാനു, അഞ്ചു വയസുള്ള മകള്‍ അയേഷ ബാനു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നു വയസുള്ള മകള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്. ഷൂട്ടിംഗ് കാണാന്‍ എത്തിയതായിരുന്നു ഇവര്‍.

ഗ്യാസ് സിലിണ്ടറിന്റെ മെറ്റല്‍ കവറിംഗിന് തീപിടിച്ച്‌ ഷൂട്ടിംഗ് കണ്ടു നില്‍ക്കുന്നവരുടെ പുറത്തേക്ക് തെറിച്ചാണ് അപകടം ഉണ്ടായത്. രണം എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് നടന്നത്.