Web Desk

കൊച്ചി

July 09, 2021, 4:05 pm

രോഗബാധിതയായ മൂന്നര വയസ്സുകാരിയുടെ പേരിൽ പണം തട്ടി; അമ്മയും മകളും അറസ്റ്റിൽ

Janayugom Online

ന്യൂറോഫൈബ്രോമാറ്റിസ് രോഗബാധിതയായ മൂന്നര വയസ്സുകാരി ഗൗരി ലക്ഷ്മിയുടെ പേരില്‍ പണം തട്ടിപ്പ്.പേരില്‍ വ്യാജപോസ്റ്ററുകളുണ്ടാക്കി പണം തട്ടിയ സംഭവത്തില്‍ പാല സ്വദേശികളായ അമ്മയും മകളെയും  ചേരാനെല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വൈറ്റിലയില്‍ താമസിക്കുന്ന മറിയാമ്മ, മകള്‍ അനിത, മകന്‍ അരുണ്‍ എന്നിവരാണ് തട്ടിപ്പ് നടത്തിയത്. ഇവരില്‍ മറിയാമ്മയെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പാവൂർ സ്വദേശി പ്രവീണിന്റെ മകള്‍ ഗൗരി ലക്ഷ്മിയുടെ പേരിലാണ് പണം തട്ടിയത്. മകന്‍ അരുണാണ് കുഞ്ഞിന്റെ ചിത്രം ഉപയോഗിച്ച്‌ സഹായമഭ്യര്‍ത്ഥിച്ചുള്ള വ്യാജ കാര്‍ഡുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചത്. മറിയാമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടാണ് തട്ടിപ്പിന് ഉപയോഗിച്ചത്. ഇത് കണ്ടെത്തിയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. അരുണിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ന്യൂറോഫൈബ്രോമാറ്റിസ് എന്ന രോഗം ബാധിച്ച്‌ മാസങ്ങളായി കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലാണ് പ്രവീണിന്റെ മകള്‍ ഗൗരി ലക്ഷ്മി. ശരീരത്തിനുള്ളിലെ ഞരമ്ബുകളില്‍ മുഴകളുണ്ടാകുന്നതാണ് രോഗം. കഴുത്തിന്റെ ഒരു ഭാഗത്ത് ഓപ്പറേഷന്‍ നടത്തി മുഴകള്‍ നീക്കം ചെയ്തു. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ മറുഭാഗത്തെ ശസ്ത്രക്രിയ നടത്താനായില്ല. തൊണ്ടയില്‍ ദ്വാരമിട്ട് ഘടിപ്പിച്ചിരിക്കുന്ന വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. ചികിത്സക്കായി ലക്ഷങ്ങള്‍ ഇതിനകം ചെലവായി.

ആശുപത്രിക്കടുത്ത് വാടക വീടെടുത്താണിപ്പോള്‍ താമസം. മരുന്നിനും മറ്റു ചെലവുകള്‍ക്കുമായി മാസം തോറം ഒന്നര ലക്ഷത്തോളം രൂപ വേണം. പെയിന്‍റിംഗ് തൊഴിലാളിയായ പ്രവീണ്‍ ഈ തുക കണ്ടെത്താന്‍ വിഷമിക്കുന്നതു കണ്ട് കാരുണ്യ പ്രവര്‍ത്തകനായ ചെര്‍പ്പുളശ്ശേരി സ്വദേശി ഫറൂക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ കുഞ്ഞിന്‍റെ വീഡിയോ പോസ്റ്റു ചെയ്തു. ഒപ്പം അക്കൗണ്ട് നന്വരും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തി ഒരു കാര്‍ഡും തയ്യാറാക്കി പങ്കു വച്ചു. ഇതോടെ അക്കൗണ്ടിലേക്ക് പണം എത്തിത്തുടങ്ങി.അതിനു പിന്നാലെ കുഞ്ഞിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ പുതിയ അക്കൗണ്ട് നമ്പറും മൊബൈല്‍ നമ്പറും ഉള്‍പ്പെടുത്തി വ്യാജ കാര്‍ഡ് തയ്യാറാക്കി തട്ടിപ്പുകാര്‍ പ്രചരിപ്പിച്ചു.

കിട്ടിയ പലരും സത്യമറിയാതെ ഇത് വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്തു. ദിവസങ്ങള്‍ കൊണ്ട് അറുപതിനായിരത്തോളം രൂപയാണ് അക്കൗണ്ടിലെത്തിയത്. അക്കൗണ്ട് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്

Eng­lish summary:mother and daugh­ter arrest­ed in char­i­ty Fraud 

You may also like this video: