കാനറാ ബാങ്കിന്റെ ഭീഷണി; രണ്ട് ജീവനെടുത്തു

Web Desk
Posted on May 14, 2019, 8:02 pm

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിലുള്ള ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് രണ്ട് ജീവനുകള്‍ കൂടി പൊലിഞ്ഞു. അമ്മയും മകളും തീ കൊളുത്തി ആത്മഹത്യചെയ്തു. നെയ്യാറ്റിന്‍കര മാരായമുട്ടത്ത് വൈഷ്ണവി ഭവനില്‍ ചന്ദ്രന്റെ ഭാര്യ ലേഖ(40), മകള്‍ വൈഷ്ണവി(19) എന്നിവരാണ് ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
രാവിലെ മുതല്‍ വീട്ടുകാരുടെ ഫോണിലേക്ക് ബാങ്കില്‍ നിന്ന് ഭീഷണി വന്നുകൊണ്ടിരുന്നു. ലേഖയെ നെയ്യാറ്റിന്‍കര കാനറാ ബാങ്ക് മാനേജര്‍ വിളിച്ച് ഇന്നുതന്നെ വീടും സ്ഥലവും ജപ്തി ചെയ്യാതെ നിര്‍വാഹമില്ലെന്ന് അറിയിച്ചു. ഇതില്‍ ഭയന്ന അമ്മയും മകളും ഇന്നലെ ഉച്ചയോടെ വീട്ടിനുള്ളിലേക്ക് കയറി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എംബിഎ വിദ്യാര്‍ഥിയായ വൈഷ്ണവി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. വൈകുന്നേരം ഏഴുമണിയോടെ അമ്മ ലേഖയും മരണത്തിന് കീഴടങ്ങി.
നാടിനെ നടുക്കിയ ദുരന്തത്തില്‍ വ്യാപക പ്രതിഷേധമാണ് നെയ്യാറ്റിന്‍കരയില്‍ നടന്നത്. സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുക്കുമെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ജപ്തി നോട്ടീസ് അയക്കുന്നതും ജപ്തി നടപടികളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന സര്‍ക്കാരിന്റെയും സംസ്ഥാന ബാങ്കേഴ്‌സ് സമിതിയോഗത്തിന്റെയും തീരുമാനമാണ് ലംഘിക്കപ്പെട്ടത്. പ്രളയത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ കാര്‍ഷിക — കാര്‍ഷികേതര വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളില്‍ നിന്നുള്ള എല്ലാ വായ്പകള്‍ക്കും 2019 ഡിസംബര്‍ 31 വരെ മൊറട്ടോറിയം ബാധകമാക്കുകയും സംസ്ഥാന ബാങ്കേഴ്‌സ് സമിതിയോഗം അംഗീകരിക്കുകയും ചെയ്തിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കിന്റെ നടപടി ന്യായീകരിക്കാനാകാത്തതാണെന്ന് അഭിപ്രായപ്പെട്ട ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് കിടപ്പാടം ജപ്തി ചെയ്യരുതെന്ന സര്‍ക്കാര്‍ നയം ബാങ്കുകള്‍ അട്ടിമറിക്കുകയാണെന്നും ഇക്കാര്യം ബാങ്കേഴ്‌സ് സമിതിയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു.
നെയ്യാറ്റിന്‍കര കാനറാ ബാങ്ക് ശാഖയില്‍നിന്നും വീട് നിര്‍മ്മാണത്തിനു വേണ്ടിയാണ് കുടുംബം 15 വര്‍ഷം മുന്‍പ് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. എട്ട് ലക്ഷംരൂപ പല തവണയായി കുടുംബം തിരിച്ചടച്ചു. എന്നാല്‍ പലിശ സഹിതം കുടിശിക ഇപ്പോള്‍ 6.80 ലക്ഷം രൂപയായി. തുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ നിരന്തരം ഭീഷണിയുമായി കുടുംബത്തെ സമീപിച്ചിരുന്നു. ജപ്തി നടത്തുമെന്ന് ബാങ്കില്‍ നിന്ന് സമ്മര്‍ദം ഉണ്ടായതോടെ 50 ലക്ഷം രൂപയുടെ വസ്തു കുറഞ്ഞ വിലയ്ക്ക് വിറ്റ് 6.80 ലക്ഷം രൂപ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ചന്ദ്രനും കുടുംബവും. 45 ലക്ഷം രൂപക്ക് വീടും 10.5 സെന്റ് വസ്തുവും വില്‍പ്പന നടത്താനാണ് ശ്രമം ആരംഭിച്ചത്. ആരും ഈ വിലയ്ക്ക് വാങ്ങാനെത്തിയില്ല. ഒടുവില്‍ 24 ലക്ഷം രൂപയ്ക്ക് ഒരാള്‍ വാങ്ങാനെത്തി. ചര്‍ച്ചകള്‍ പലതും നടന്നെങ്കിലും ഇടപാട് നടന്നില്ല. ചൊവ്വാഴ്ചയും ഇയാളെ വീട്ടുകാര്‍ ബന്ധപ്പെട്ടിരുന്നു. അയല്‍വാസികളും ഇവര്‍ക്ക് പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇക്കാര്യങ്ങള്‍ ബാങ്ക് മാനേജരെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
പ്രവാസിയായിരിക്കെയാണ് ചന്ദ്രന്‍ ലോണെടുത്ത് വീട് വെച്ചത്. ഗള്‍ഫ് മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട ചന്ദ്രന്‍ തിരികെ നാട്ടിലെത്തുകയും തിരിച്ചടവ് മുടങ്ങുകയും ചെയ്തു. ഇതോടെ ചന്ദ്രനെതിരെ ബാങ്ക് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയിരുന്നു. എന്നാല്‍ ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ചന്ദ്രന്റെ ഭാര്യ ലേഖ നേരിട്ടറിയിച്ചെങ്കിലും ജപ്തിയില്‍ ഉറച്ചു നില്‍ക്കുന്നതായി ബാങ്ക് അറിയിച്ചിരുന്നു.

പ്രതീക്ഷകള്‍ ഏറെയായിരുന്നു: ചന്ദ്രന്‍

തിരുവനന്തപുരം: തങ്ങളാല്‍ കഴിയുന്ന വിധത്തിലെല്ലാം ബാങ്കിലെ കടം തിരിച്ചടയ്ക്കാന്‍ ശ്രമം നടത്തിവരികയായിരുന്നു. പുതിയ വീടുപണിത് സന്തോഷത്തോടെ ജീവിക്കാമെന്നാണ് കരുതിയത്. എന്നാല്‍ വിധി ഇങ്ങനെയായിത്തീരുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. ബാങ്ക് ജപ്തിഭീഷണിയെ തുടര്‍ന്ന് ആത്മഹത്യചെയ്ത ലേഖയുടെ ഭര്‍ത്താവ് മഞ്ചവിളാകം, വൈഷ്ണവി ഭവനില്‍ ചന്ദ്രന്റെ പ്രതികരണമാണിത്.
താന്‍ വിദേശത്തായിരുന്ന സമയത്താണ് വായ്പ എടുത്തത്. എങ്ങനെയും കടംവീട്ടാമെന്ന ധൈര്യമുണ്ടായിരുന്നു. എന്നാല്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരികെ എത്തിയതോടെ ജീവിതം തന്നെ ബുദ്ധിമുട്ടിലായി. കാര്‍പെന്റര്‍ ജോലി ചെയ്താണ് വീട്ടുകാര്യങ്ങള്‍ നടത്തിക്കൊണ്ടു പോയത്.
വീട്ടുചെലവിനും മകളുടെ പഠനത്തിനുമൊപ്പമാണ് വായ്പയടയ്ക്കാനുള്ള തുക കൂടി കണ്ടെത്തേണ്ടത്. ഇടയ്ക്ക് അതിന് കഴിയാതെ വന്നപ്പോള്‍ ജപ്തി ഭീഷണി ഉണ്ടായതാണ്. അഞ്ചുലക്ഷം രൂപ 15 വര്‍ഷം മുമ്പ് ലോണ്‍ എടുത്തെങ്കിലും എട്ടുലക്ഷം രൂപ ബാങ്കിലടച്ചു. ഇനിയും ഏഴുലക്ഷം കൂടി അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. പണം അടയ്‌ക്കേണ്ട അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു. ഉച്ചയ്ക്ക് 12.30ന് മുമ്പ് പണമടയ്ക്കണമെന്നും അല്ലെങ്കില്‍ ജപ്തിനടപടിയുണ്ടാവുമെന്ന് ബാങ്ക് അധികൃതര്‍ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

You May Also Like This Video