ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ

Web Desk

അടൂർ

Posted on July 06, 2020, 1:35 pm

ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മരുതിമൂട് സെന്റ് ജോർജ് കാത്തലിക്ക് പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ എ അജയ് ( 32), കുട്ടിയുടെ മാതാവ് മാരൂർ ഒഴുക്കു പാറ കിഴക്കേതിൽ ലിജ (33) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂൺ 30ന് പുലർച്ചെ കുരിശടിയിൽ മെഴുകുതിരി കത്തിക്കാനെത്തിയവരാണ് ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ തുണിയിൽ പുതപ്പിച്ച് കിടത്തിയ നിലയിൽ കണ്ടത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി കു‍ഞ്ഞിനെ ശിശുക്ഷേമ സമിതിക്കു സമിതിക്കു കൈമാറിയിരുന്നു. തുടർന്ന് ഡിവൈഎസ്പി ബിനു, ഇൻസ്പെക്ടർ യു. ബിജു, എസ്ഐ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.

സിസിടിവി ക്യാമറയുടെ സഹായത്തോടെയാണ് പിടികൂടിയത്. അടൂർ മുതൽ പത്തനാപുരം വരെയുള്ള വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മുന്നിലുള്ള 45 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അതിൽ സംശയാസ്പദമായി കണ്ട വാഹനങ്ങൾ നിരീക്ഷിച്ചതിൽ നിന്നാണ് മാരൂർ ഭാഗത്തേക്ക് പോയ അജയ്യുടെ ഓട്ടോറിക്ഷയിലേക്ക് അന്വേഷണം എത്തിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ലിജയെയും അറസ്റ്റ് ചെയ്തു.

ആദ്യവിവാഹം വേർപിരിഞ്ഞുനിന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും ഗർഭിണിയായ ശേഷം ലിജ പുറത്തിറങ്ങാതെ വീട്ടിൽതന്നെ കഴിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ലിജ വീട്ടിൽ പ്രസവിച്ച കുട്ടിയെ ഇരുവരും ചേർന്ന് പള്ളിക്ക് മുമ്ബിൽ ഉപേക്ഷിക്കുകയായിരുന്നു.

you may also like this video