കണ്ണൂർ തയ്യിലിൽ പിഞ്ചുകുഞ്ഞിനെ കരിങ്കൽകൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യ എന്ന അമ്മയെ കേരളക്കര ഇനിയും മറന്നിട്ടില്ല. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് നൊന്തു പ്രസവിച്ച സ്വന്തം ചോരയെ നിഷ്കരുണമായി യുവതി കൊലപ്പെടുത്തിയത്. ആരുമൊന്ന് താലോലിക്കാൻ കൊതിക്കുന്ന വിഹാൻ എന്ന കുരുന്നിന്റെ നിലവിളിയാണ് കടൽതിരപോലെ ഇപ്പോഴും കേരളക്കരയുടെ കാതുകളിൽ അലയടിക്കുന്നത്. തന്റെ അമ്മയുടെ കരങ്ങളിൽ താൻ സുരക്ഷിതമാണെന്നാണ് അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് പുറത്തെത്തുമ്പോൾ ഓരോ കുരുന്നുകളും കരുതുന്നത്. അതുകൊണ്ട് തന്നെ പെറ്റമ്മ തന്നെ നെഞ്ചോട് ചേർക്കുമ്പോൾ ആ സുരക്ഷിതത്വം അവരറിയുകയും ചെയ്യും. എന്നാൽ ഇതൊന്നുമറിയാതെ എത്രയെത്ര കുരുന്നുകൾക്ക് തന്റെ ജീവൻ നഷ്ടപ്പെടുന്നു. എന്നാൽ ഇനിയൊരു കുരുന്നിന് ജീവൻ നഷ്ടപ്പെടെരുതെന്ന് കരുതുമ്പോഴും പല കാരണങ്ങളാൽ വീണ്ടും വീണ്ടും ചരിത്രം ആവർത്തിക്കുകയാണ്. അതിന്റെയെല്ലാം പുറകിൽ അമ്മയുടെ കരങ്ങളാണെന്നതും തീർത്തും വേദനാജനകം.
അത്തരമൊരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഭർത്താവ് വിദേശത്തു നിന്നും കാശ് അയച്ചു കൊടുക്കാത്തതിന്റെ ദേഷ്യം രണ്ട് മക്കളോട് തീർക്കുന്ന ഒരു അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹം ഏറ്റെടുത്തിരിക്കുന്നത്. മറ്റൊരു ശരണ്യ ആവാതിരിക്കാൻ പ്രതികരിക്കു എന്ന തരത്തിൽ മായ ആർ വി എന്ന യുവതിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇടുക്കിയിൽ ഉള്ള സോണിയ എന്ന യുവതിയാണ് വീഡിയോയിൽ ഉള്ളതെന്ന് മായ പറയുന്നു. കുട്ടികളെ അമ്മ ക്രൂരമായി മർദ്ദിക്കുന്നതിന്റെ രണ്ട് വീഡിയോകളാണ് പ്രചരിക്കുന്നത്. കുട്ടികളെ തല്ലിച്ചതച്ച ശേഷം നിങ്ങളെ പുറത്താക്കുമെന്നാണ് യുവതി രണ്ടാമത്തെ വീഡിയോയിൽ പറയുന്നത്.… നിങ്ങളെ ഇനിയെനിക്ക് വേണ്ടയെന്നും യുവതി പറയുന്നു.
കുട്ടികളെ ക്രൂരമായി മർദ്ദിച്ച ശേഷം ദൃശ്യങ്ങൾ ഭർത്താവിന് അയച്ചു കൊടുക്കാനുള്ള ശ്രമമാണ് യുവതി നടത്തുന്നത്. നിങ്ങളുടെ അച്ഛൻ ചിലവിന് കാശ് അയക്കുന്നില്ലെന്ന് യുവതി വീഡിയോയിൽ പറയുന്നുമുണ്ട്. കരഞ്ഞുകൊണ്ട് നിൽക്കുന്ന കുട്ടികളെ കൊണ്ട് ഇക്കാര്യം പറയിക്കാൻ ശ്രമിക്കുന്നുമുണ്ട് യുവതി. അതേസമയം യുവതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്നാൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് നിരവധിപേരാണ് രോഷാകുലരായി രംഗത്തെത്തിയിരിക്കുന്നത്. യുവതിയുടെ കൈയിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കണമെന്നും യുവതിയെ ശിക്ഷിക്കണമെന്നും ആവർത്തിച്ച് നിരവധിപേർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. മറ്റൊരു ശരണ്യയെ സൃഷ്ടിക്കാതിരിക്കാൻ യുവതിയെ എത്രയും പെട്ടന്ന് കണ്ടെത്താനുള്ള ശ്രമം നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.
(കുട്ടികൾക്ക് നേരെയുള്ള അതിക്രമം ആയതിനാൽ വീഡിയോ പോസ്റ്റ് ചെയ്യാൻ ഞങ്ങൾക്ക് നിർവാഹമില്ല)
English Summary; mother brutally beaten her children
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.