Saturday
16 Feb 2019

മരിക്കുമെന്നുറപ്പായിട്ടും കുഞ്ഞിന് ജന്മം നല്‍കി; അവയവദാനത്തിനായി

By: Web Desk | Sunday 10 February 2019 11:45 AM IST

“നിങ്ങളുടെ മകള്‍ പിറന്നു വീണാലും മുപ്പതു മിനിറ്റില്‍ കൂടുതല്‍ മകള്‍ ജീവിച്ചിരിക്കില്ല, എന്താണ് തീരുമാനം?”… ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം തൊട്ട് ആരോഗ്യമുള്ള പൊന്നോമനയുടെ വരവിനായി കാത്തിരുന്ന ഒരമ്മ ഏഴാം മാസത്തില്‍ ഡോക്ടറില്‍ നിന്നു കേട്ട വാക്കുകളാണിത്. വാഷിഗ്ടണ്‍ സ്വദേശിയായ ക്രിസ്റ്റാ ഡേവിസ് – ഡെറിക് ലോവെറ്റ് എന്ന ദമ്പതികള്‍ക്കാണ് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ഈ ദുരന്തം ഉണ്ടായത്.

ക്രിസ്റ്റാ പതിനെട്ട് ആഴ്ച ഗര്‍ഭിണിയായപ്പോഴാണ് ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നത്. അനെന്‍സിഫാലി എന്ന അപൂര്‍വ രോഗം പിടിപെട്ടിരുന്ന ക്രിസ്റ്റയുടെ കുഞ്ഞ്, തലച്ചോറും തലയോട്ടിയും ഭാഗികമായി ഇല്ലാതെ നവജാതശിശുക്കള്‍ പിറക്കുന്ന അവസ്ഥയാണിത്.

Image result for krysta-davis-carried-dying-baby-to-term

രണ്ടു വഴികളാണ് ഡോക്ടര്‍ ക്രിസ്റ്റയ്ക്കും ഡെറിക്കും മുന്നില്‍ വച്ചത്. ഒന്നുകില്‍ എത്രയും പെട്ടെന്നു പ്രസവം നടത്തുക അല്ലെങ്കില്‍ ഗര്‍ഭകാലം പൂര്‍ത്തിയാകും വരെ കുഞ്ഞിനെ വഹിച്ച് കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാം. ജനിച്ചാലും ഏറെനേരം കുഞ്ഞിന് ജീവിച്ചിരിക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ ഉറപ്പു പറയുകയും ചെയ്തു.

അങ്ങനെ ക്രിസ്മസ് രാത്രിയില്‍ ക്രിസ്റ്റ നാല്‍പത് ആഴ്ച്ച പ്രായമുള്ള തന്റെ കുഞ്ഞിന് ജന്മം നല്‍കി, അവള്‍ക്ക് റെയ്‌ലി ആര്‍കേഡിയ ഡയാന്‍ ലോവെറ്റ് എന്നു പേരുമിട്ടു. എന്നാല്‍, അരമണിക്കൂര്‍ മാത്രമേ ജീവന്‍ ശേഷിക്കൂ എന്നു ഡോക്ടര്‍ പറഞ്ഞതിനു വിപരീതമായി അവള്‍ ഒരാഴ്ച്ചയോളം ജീവിച്ചു. തുടര്‍ന്നങ്ങോട്ട് റെയ്‌ലി മരിക്കുന്നതു വരെയും ആശുപത്രിയിലായിരുന്നു ക്രിസ്റ്റയുടെയും ഡെറിക്കിന്റെയും ജീവിതം. ഒടുവില്‍ പുതുവര്‍ഷത്തിന്റെ തലേന്ന് അവള്‍ ഈ ലോകത്തോടു വിടപറഞ്ഞു.

Image result for krysta-davis-carried-dying-baby-to-term

അരമണിക്കൂര്‍ മാത്രമേ ജീവിക്കൂ എന്നു കരുതിയിരുന്ന കുഞ്ഞിനെ ഒരാഴ്ച്ചയോളം താലോലിക്കാന്‍ കിട്ടിയില്ലേ അതാണ് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നു വിശ്വസിക്കുകയാണ് ഇരുവരും. ജീവിച്ചിരുന്ന ഒരാഴ്ച്ചയില്‍ ഒരിക്കല്‍പ്പോലും റെയ്‌ലി കരഞ്ഞിരുന്നില്ലെന്നും ക്രിസ്റ്റ ഓര്‍ക്കുന്നു. എങ്കിലും അവസാന ദിവസം ഓക്‌സിജന്റെ ലഭ്യത കുറഞ്ഞപ്പോള്‍ മാത്രം അവളൊന്നു കരഞ്ഞുവെന്നും ക്രിസ്റ്റ പറയുന്നു.

റെയ്‌ലിയുടെ മരണത്തോടെ അവളെ പൂര്‍ണമായും ഈ ഭൂമിയില്‍ നിന്നു വിട്ടയക്കാന്‍ ആ മാതാപിതാക്കള്‍ക്കായില്ല. മകള്‍ മരിച്ചാലും മറ്റുള്ളവരിലൂടെ അവള്‍ ഇനിയും ജീവിക്കണമെന്നു കരുതി അവര്‍. അങ്ങനെ റെയ്‌ലിയുടെ ഹൃദയ വാല്‍വുകള്‍ രണ്ടു കുട്ടികള്‍ക്കു വേണ്ടിയും ശ്വാസകോശം ഒരു ഗവേഷണ ആശുപത്രിക്കു വേണ്ടിയും ദാനം ചെയ്തു.

Related News