പെറ്റമ്മയുടെ ക്രൂരത: കരച്ചിൽ നിർത്താതിരുന്ന കുഞ്ഞിൻറെ നാവ് മുറിച്ചെടുത്ത് കനാലില്‍ എറിഞ്ഞുകൊന്നു

Web Desk
Posted on November 08, 2019, 10:43 am

കര്‍ണാടക: മൂന്ന് മാസം പ്രായമുളള ആണ്‍കുഞ്ഞിന്‍റെ നാവ് അമ്മ മുറിച്ചെടുത്ത ശേഷം കനാലില്‍ എറിഞ്ഞുകൊന്നു. കുഞ്ഞ് കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്നായിരുന്നു പെറ്റമ്മയുടെ ക്രൂരത. ചിക്കമംഗളൂരുവിലെ ബേട്ടതാവരക്കരയിലാണ് സംഭവം.

കുഞ്ഞിന് സുഖമില്ലാത്തതിനെ തുടര്‍ന്ന് കമല (28)യും ഭര്‍ത്താവിന്‍റെ അമ്മയും തവരക്കരയിലെ ആശുപത്രിയില്‍ എത്തിയിരുന്നു. ആശുപത്രിയിൽ അഡ്മിറ്റാക്കിയ കുട്ടി അസുഖം കാരണം കരച്ചില്‍ നിര്‍ത്തിയില്ല. കരച്ചില്‍ കേട്ട് ദേഷ്യം വന്ന കമല ഭര്‍ത്താവിന്‍റെ അമ്മ ഉറങ്ങിക്കിടന്ന നേരത്ത് കുഞ്ഞുമായിനാല് കിലോമീറ്ററോളം അകലെയുളള ഹാലിയൂരില്‍ എത്തി. കരച്ചില്‍ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് കുഞ്ഞിന്‍റെ നാവ് മുറിച്ചെടുത്ത ശേഷം കനാലിലേക്ക് എറിയുകയായിരുന്നു. തിരിച്ച്‌ ആശുപത്രിയിലെത്തി കുഞ്ഞിനെ കാണാനില്ലെന്ന് ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തു.

ഇതിനിടെ കനാലില്‍ കുഞ്ഞിന്‍റെ മൃതദേഹം ഒഴുകിനടക്കുന്നത് കണ്ട നാട്ടുകാ‍ര്‍ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. തുടര്‍ന്നുളള അന്വേഷണത്തിലാണ് കൊലപാതകം പുറത്തുവരുന്നത്. അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്.