28 March 2024, Thursday

ഭര്‍തൃപീഡനമെന്ന് ആരോപണം: വയറ്റില്‍ മരിച്ചുകിടന്ന കുഞ്ഞില്‍ നിന്ന് അണുബാധയേറ്റ് അമ്മ മരിച്ചു; ഭർത്താവ് റിമാൻഡിൽ

Janayugom Webdesk
July 4, 2022 4:32 pm

യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴിക്കാല കുറുന്താർ സെറ്റിൽമെന്റ് കോളനിയിൽ അനിത (28) മരിച്ച കേസിൽ ഭർത്താവ് കുറുന്താർ തേവളളിയിൽ ജ്യോതി നിവാസിൽ ജ്യോതിഷിനെ (32) ആണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂൺ 27 ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അനിത മരിച്ചത്. മേയ് 19 നാണ് അനിതയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ചികിൽസയിലിരിക്കേയാണ് മരണം.

ഒമ്പതു മാസം ഗർഭിണിയായിരുന്ന അനിത വയറ്റിലുണ്ടായ അണുബാധയെ തുടർന്നാണ് മരിച്ചത്. ഗർഭസ്ഥ ശിശു വയറ്റിനുള്ളിൽ മരിച്ചു കിടന്നതും അണുബാധയുണ്ടായതും സംബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി അനിതയുടെ മാതാപിതാക്കളായ ശ്യാമളയും മോഹനനും ആറന്മുള പൊലീസിലും പരാതി നൽകിയിരുന്നു. അനിതയ്ക്കും ജ്യോതിഷിനും ഒന്നരവയസുള്ള ഒരു മകൻ കൂടിയുണ്ട്. കുഞ്ഞിന് ജന്മനാ ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നു. രണ്ടാമത് ഗർഭിണിയായ വിവരം മറച്ചു വയ്ക്കാൻ ജ്യോതിഷ് അനിതയെ പ്രേരിപ്പിച്ചിരുന്നുവെന്ന് മാതാവിന്റെ പരാതിയിലുണ്ട്. ഭ്രൂണഹത്യ നടത്താൻ ചില ദ്രാവകങ്ങൾ അനിതയ്ക്ക് ജ്യോതിഷ് നൽകിയിരുന്നുവെന്നും ഇതു കാരണമാണ് കുട്ടി വയറ്റിൽ മരിച്ചു കിടന്നതെന്നും അണുബാധയുണ്ടായതെന്നും പരാതിയിൽ ആരോപിക്കുന്നു.

സ്കാനിങ് റിപ്പോർട്ടിൽ കുഞ്ഞ് ദിവസങ്ങളായി വയറ്റിൽ മരിച്ചു കിടക്കുകയായിരുന്നുവെന്ന് പറയുന്നു. പൂർണ ഗർഭിണിയായ അനിതയെ ജ്യോതിഷ് മർദിച്ചിരുന്നുവെന്നാണ് വീട്ടുകാരുടെ പരാതി. വായിൽ തുണി തിരുകിയായിരുന്നുവത്രേ മർദനം. ഇത്തരം പീഡനങ്ങളാണ് അനിതയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് വീട്ടുകാരുടെ ആരോപണം.

Eng­lish Sum­ma­ry: Moth­er dies of infec­tion from dead baby; Hus­band in remand

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.