പി.പി. ചെറിയാന്‍

ഷുഗര്‍ലാന്റ്

March 29, 2020, 4:06 pm

നാലു വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്തു കൊന്നു; അമ്മ അറസ്റ്റില്‍

Janayugom Online

നാലു വയസ്സുള്ള മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന മാതാവിനെ ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റ് പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 21നായിരുന്നു സംഭവം. റിതിക അഗര്‍വാള്‍ (36) എന്ന യുവതിയെ ആശുപത്രിയില്‍ വച്ചു മാര്‍ച്ച് 27 നാണ് അറസ്റ്റ് ചെയ്തത്.ഗാര്‍ഡന്‍സ് ഓഫ് എവ ലോണ്‍ വെതര്‍ സ്‌റ്റോണ്‍ സര്‍ക്കിള്‍ 5200 ബ്ലോക്കിലെ വീട്ടില്‍ നിന്നും സംഭവ ദിവസം ലഭിച്ച അടിയന്തര സന്ദേശത്തെ തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് എത്തിച്ചേര്‍ന്നപ്പോള്‍ വീട്ടിലെ മുകളിലെ നിലയില്‍ കുട്ടിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിലും മാതാവിനെ കയ്യിലും കഴുത്തിലും മുറിവേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. റിതികയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് നടന്ന അന്വേഷണത്തില്‍ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം റിതിക ശരീരത്തില്‍ തനിയെ മുറിവുകള്‍ ഉണ്ടാക്കുകയായിരുന്നു എന്നു പൊലീസ് കണ്ടെത്തി. ഇവരുടെ മുറിവ് ഗൗരവമുള്ളതല്ലെന്നും പൊലീസ് പറഞ്ഞു.റിതികക്കെതിരെ കാപ്പിറ്റല്‍ മര്‍ഡര്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്.
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതോടെ ഇവരെ ഫോര്‍ട്ട് ബന്റ് കൗണ്ടി ജയിലിലടക്കും 95,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് മാനസിക അസ്വസ്ഥതയുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു. കുടുംബത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ENGLISH SUMMARY: Moth­er killed four year old child

YOU MAY ALSO LIKE THIS VIDEO