Janayugom Online
Jithu Job killed by mother

അമ്മ മകനെ വെട്ടിക്കൊന്ന് കത്തിച്ചു

Web Desk
Posted on January 17, 2018, 8:29 pm

കൊല്ലം: കുരീപ്പള്ളിയില്‍ നിന്നും കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മാതാവും മറ്റൊരാളും പൊലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. കുരീപ്പള്ളി നെടുമ്പന കാട്ടൂര്‍ മേലേഭാഗം സെബദിയില്‍ ജോബ്-ജയ ദമ്പതികളുടെ മകന്‍ ജിത്തു ജോബി(14)ന്റെ മൃതദേഹമാണ് വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ഇന്നലെ വൈകിട്ട് കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് ജിത്തുവിനെ കാണാതായത്. സ്‌കെയില്‍ വാങ്ങാന്‍ കടയില്‍ പോയ മകന്‍ രാത്രി വൈകിയും വീട്ടിലെത്തിയില്ല എന്നാണ് പിതാവ് പോലിസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. മകനെ കാണാനില്ലെന്ന് കാട്ടി പത്രങ്ങളിലും പരസ്യം നല്‍കിയിരുന്നു. കൊട്ടിയം പോലിസ് ഇന്‍സ്പെക്ടര്‍ അജയ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘം കാണാതായ വിദ്യാര്‍ഥിക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.
മാതാവിന്റെ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പൊലീസ് ഇന്നലെ വൈകീട്ടോടെ മാതാവിനെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തറവാട് വീടിനോട് ചേര്‍ന്ന് ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കുളിമുറിക്ക് സമീപമാണ് മൃതദേഹം കിടന്നത്. കത്തിച്ചശേഷം മൃതദേഹം പറമ്പില്‍ കൊണ്ടിട്ടതാണെന്നാണ് കരുതുന്നത്. വീടിനു പിന്നിലെ നടവഴിയില്‍ നിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മാതാവ് കുറ്റം സമ്മതിച്ചതായും സൂചനയുണ്ട്.
സംഭവമറിഞ്ഞ് വന്‍ ജനാവലി പ്രദേശത്ത് തടിച്ചുകൂടി. പൊലീസ് വടം കെട്ടിയാണ് ജനത്തെ നിയന്ത്രിച്ചത്. സിറ്റി പൊലീസ് കമ്മിഷണര്‍ ഡോ. എ ശ്രീനിവാസ് ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് അയച്ചു. കുണ്ടറ എംജിഡി ബോയ്സ് എച്ച്എസിലെ വിദ്യാര്‍ഥിയാണ് ജിത്തു. സഹോദരി: ടീന.