തരു മാത്രേ നമ; വൃക്ഷ മാതാവിന് നമസ്‌കാരം

Web Desk
Posted on July 08, 2019, 2:14 pm

ഡോ. ലൈല വിക്രമരാജ്‌

മക്കളില്ലാത്ത ഒരമ്മ. എന്നാല്‍ ആയിരക്കണക്കായ മക്കളുടെ അമ്മയാണവര്‍. മക്കളാകട്ടെ താന്‍ നട്ടു പരിപാലിച്ച് വലുതാക്കിയ തണല്‍മരങ്ങള്‍. കൂട്ടുകാര്‍ക്ക് വിസ്മയം തോന്നാം. അദ്ഭുതപ്പെടുത്തുന്ന, ഇന്നലെ വരെ കേട്ടിട്ടു പോലുമില്ലാത്ത വ്യത്യസ്തയായൊരമ്മയുടെ കഥയാണ് പറഞ്ഞുവരുന്നത്. ആ അമ്മയുടെ പേര് ‘തിമ്മക്ക’. കുറച്ചുകൂടി വിശദമായി പറഞ്ഞാല്‍ ‘പദ്മശ്രീ സുലമരദ തിമ്മക്ക’. ജനിച്ചതും ജീവിക്കുന്നതും കര്‍ണാടകത്തിലെ ഹൂളിക്കല്‍ എന്ന ഗ്രാമത്തില്‍. സാധാരണയിലും സാധാരണക്കാരിയായൊരു സാധു സ്ത്രീ. പ്രായം 107 കഴിഞ്ഞെങ്കിലും ‘വൃക്ഷമാതാവ്’ എന്ന കിരീടവും വഹിച്ച് ഉല്ലാസവതിയായി പാറി നടക്കുന്നു.

പരിസ്ഥിതി ദിനത്തില്‍ കുറച്ചു വൃക്ഷത്തൈകള്‍ നട്ട്, പിന്നീടവയ്‌ക്കെന്തു പറ്റിയെന്ന് തിരിഞ്ഞുപോലും നോക്കാത്ത ഭൂരിപക്ഷം ജനതക്കും അപവാദമായിത്തീര്‍ന്നിരിക്കുന്നു വൃക്ഷങ്ങളുടെ ഈ പോറ്റമ്മ. ഗ്രാമവീഥികളില്‍ റോഡിനിരുവശവും കൊടും ചൂടിനെ തടഞ്ഞുകൊണ്ടും ശുദ്ധവായു നല്‍കിയും തലയുയര്‍ത്തി നില്‍ക്കുന്ന വൃക്ഷങ്ങളില്‍ ഭൂരിഭാഗവും തിമ്മക്കയുടെ മക്കളാണ്. സ്‌നേഹം കൊണ്ട് തണലൊരുക്കിയ നിഷ്‌കളങ്കയായൊരമ്മ. സ്വന്തം ജീവിതം വൃക്ഷങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നതിന്റെ ആദരവായി ഇന്ത്യാ മഹാരാജ്യം അവരെ പദ്മശ്രീ നല്‍കി ആദരിച്ചു. അങ്ങനെയാണ് ആ അമ്മ ‘പദ്മശ്രീ സുലമരദ തിമ്മക്ക’ യായി മാറിയത്. കന്നടയില്‍ സുലമരദ എന്നാല്‍ നിരനിരയായി നില്‍ക്കുന്ന വൃക്ഷം എന്നര്‍ഥം. നാട്ടുകാര്‍ സ്‌നേഹാദരവോടെ കല്‍പ്പിച്ചു നല്‍കിയ പേരാണത്.

വഴിത്തിരിവ്

എഴുത്തും വായനയുമറിയാത്ത, ഇല്ലായ്മകള്‍ക്കിടയില്‍ ജീവിച്ച തിമ്മക്ക പത്താം വയസില്‍ പട്ടിണിമാറ്റാന്‍ ജോലിക്കിറങ്ങി. കൂലിപ്പണി ചെയ്തും കാലികളെ മേയ്ച്ചും അന്നന്നത്തെ അന്നം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. കൗമാരം പിന്നിട്ടതോടെ കാലിവളര്‍ത്തുകാരനായ ചിക്കയ്യ ജീവിതത്തിലേക്കു കടന്നുവന്നു. വര്‍ഷം പലതുകഴിഞ്ഞിട്ടും അവര്‍ക്ക് കുട്ടികളുണ്ടായില്ല. വിവാഹം കഴിഞ്ഞ് മക്കളില്ലാത്ത സ്ത്രീകളെ ആളുകള്‍ വെറുപ്പോടെയാണ് അന്ന് കണ്ടിരുന്നത്. കണികാണാന്‍ കൊള്ളാത്തവള്‍ എന്ന അപഖ്യാതിയായിരുന്നു അവരുടെ മുഖമുദ്ര. മരണത്തെ കുറിച്ചുപോലും ആലോചിച്ച ദിവസങ്ങളായിരുന്നവര്‍ക്കത്. എന്നാല്‍ സ്‌നേഹ സമ്പന്നനായ ചിക്കയ്യയോടൊപ്പം മരണത്തിനുമപ്പുറം തനിക്ക് ചിലതൊക്കെ നാടിനും നാട്ടാര്‍ക്കും വേണ്ടി ചെയ്യാന്‍ കഴിയുമെന്നവര്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് വൃക്ഷങ്ങളെ സ്‌നേഹിച്ചു തുടങ്ങിയത്. വൃക്ഷത്തൈകള്‍ നട്ടുവളര്‍ന്നതിലൂടെ, അവയ്ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തിയെടുക്കുന്നതിലൂടെ തിമ്മക്ക മക്കളില്ലാത്ത ദുഃഖം മറക്കുകയാണുണ്ടായത്.

ദിനചര്യ

രാവിലെ കൂലിപ്പണിക്ക് പോയി തിരിച്ചു വന്നാല്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കലാണ് രണ്ടു പേരുടെയും ജോലി. നട്ടാല്‍ മാത്രം പോരല്ലോ. കുഞ്ഞുങ്ങളെ സംരക്ഷിക്കും പോലെ വൃക്ഷത്തൈകളെയും പരിപാലിക്കണം. പ്രാണികളില്‍ നിന്നും സംരക്ഷിച്ച് ചാണകവും വെള്ളവും നല്‍കി ഓരോ വൃക്ഷത്തൈയേയും വളര്‍ത്തി. കന്നുകാലികളില്‍ നിന്നും തൈകളെ വേലികെട്ടി നിര്‍ത്തി സംരക്ഷിച്ചു. അടുത്തുള്ള കിണറുകളിലും കുളങ്ങളിലും നിന്ന് വെള്ളം കോരി അവയ്ക്ക് നനച്ചു കൊടുത്തു. കൊടും വേനലില്‍ കിലോമീറ്ററുകള്‍ അകലെപ്പോയി വെള്ളമെത്തിച്ചു. കാലിലൊരു ചെരുപ്പുപോലുമില്ലാതെ വിണ്ടുകീറിയ പാദങ്ങളുമായി അയല്‍ ഗ്രാമങ്ങള്‍വരെ എത്തിയാണ് കുടംകണക്കിന് വെള്ളം സ്വന്തം മക്കളായ വൃക്ഷങ്ങള്‍ക്ക് നല്‍കിയത്. ഇതിനിടയില്‍ മക്കളില്ലാത്ത ദുഃഖം രണ്ടുപേരും മറന്നേ പോയി.

പ്രിയമരം ആല്‍മരം

ഒരു നാള്‍ ചിക്കയ്യ തിമ്മക്കയോട് വിടചൊല്ലിപ്പോയി. ആ വേദന മറന്നതും വൃക്ഷങ്ങളുടെ സാന്നിദ്ധ്യത്തിലൂടെയാണ.് ചിക്കയ്യയുടെ ഓര്‍മ്മ വല്ലാതെ കടന്നുവരുമ്പോള്‍ അവര്‍ അദ്ദേഹം നട്ടുവളര്‍ത്തിയ ആല്‍മരച്ചോട്ടില്‍ പോയിരിക്കും. രണ്ടുപേര്‍ക്കും ഏറെ ഇഷ്ടം ആല്‍മരങ്ങളാണ്. രാവോളം ശുദ്ധവായു പ്രദാനം ചെയ്യുന്ന അരയാലിനോളം മറ്റെന്തിനെയാണ് മനുഷ്യര്‍ക്ക് പരിസ്ഥിതിയില്‍ നിന്നും ആഗ്രഹിക്കാന്‍ കഴിയുക എന്നാണ് തിമ്മക്ക ചോദിക്കുന്നത്. ഇപ്പോള്‍ തിമ്മക്കയുടെ മനസില്‍ സങ്കടത്തിന്റെ കണികപോലുമില്ല. പല പ്രായത്തിലുള്ള അവരുടെ കുട്ടികള്‍ റോഡിനിരുവശത്തും വളര്‍ന്ന് പന്തലിച്ച് തണലേകി നില്‍ക്കുന്നു പണ്ടവിടെയൊരു മണ്‍പാതയായിരുന്നു. ഇപ്പോഴത് ദേശീയ പാതയായി മാറുകയും ചെയ്തു.

ഏകദേശം 107 വയസുള്ള തിമ്മക്കയുടെ ചുറുചുറുക്കിന്റെ രഹസ്യമെന്തെന്ന് ചോദിച്ചാല്‍ അവര്‍ പറയും ‘പ്രകൃതിയെ സ്‌നേഹിക്കൂ, പ്രകൃതി നമ്മളേയും സ്‌നേഹിക്കും.’ തിമ്മക്കയുടെ ജീവിതം തന്നെയാണതിനുദാഹരണം

അംഗീകാരങ്ങള്‍

ബിബിസി 2016 ‑ല്‍ തെരഞ്ഞെടുത്ത ശക്തരായ നൂറ് വനിതകളില്‍ ഒരാള്‍ തിമ്മക്കയായിരുന്നു. അന്നാണ് ലോകം ഈ മുത്തശ്ശിയെ ശ്രദ്ധിച്ചു തുടങ്ങിയത്. എന്നാല്‍ അതിനും വളരെ മുന്‍പേ ‘ലോസ് എഞ്ചത്സിലും ഓക്‌ലന്‍ഡിലും ‘തിമ്മക്കാസ് റിസോഴ്‌സ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷന്‍’ (‘ Thim­makka’s Resource for Env­iorn­men­tal Edu­ca­tion’) എന്ന പേരില്‍ പരിസ്ഥിതി സംഘടനകള്‍ തുടങ്ങിയിരുന്നു. തിമ്മക്കയുടെ ജീവിതമിപ്പോള്‍ കര്‍ണ്ണാടകയില്‍ പാഠ്യവിഷയവുമാണ്. മണപ്പുറം ഫിനാന്‍സിന്റെ ഈ വര്‍ഷത്തെ വി സി പത്മനാഭന്‍ പുരസ്‌കാരത്തിനും തിമ്മക്ക അര്‍ഹയായി. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡായാണിത് ജൂണ്‍ 11 ന് തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നല്‍കപ്പെട്ടത്.
പദ്മശ്രീ സ്വീകരിച്ച ചടങ്ങിലും തിമ്മക്ക ശ്രദ്ധേയയായി. പ്രോട്ടോക്കാള്‍ ലംഘിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശിരസില്‍ കൈവച്ചനുഗ്രഹിച്ചത് രാജ്യം ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ജീവിതത്തിലുമിപ്പോള്‍ ഈ അമ്മ ഒറ്റയ്ക്കല്ല എന്നതുകൂടി അറിയുക. ഉമേഷ് എന്ന പതിനഞ്ചുകാരന്‍ ദത്തുപുത്രന്‍‘പൃഥ്വീ ബചാവോ’ എന്ന സംഘടനയുമായി ചേര്‍ന്ന് തിമ്മക്കയോടൊപ്പം സ്വന്തം അമ്മയുടെ വഴിയേ സഞ്ചരിക്കുന്നു.
വൃക്ഷങ്ങള്‍ക്കുമുണ്ട് വികാരവിചാരങ്ങള്‍

വൃക്ഷങ്ങളുടെ ജീവിതം വിസ്മയകരവും നിഗൂഢതകള്‍ നിറഞ്ഞതുമാണ്. അവ മനുഷ്യരെപ്പോലെ സാമൂഹിക ജീവിതം നയിക്കുന്നു. പരസ്പരം പരിപാലിക്കുന്നു. ആശയവിനിമയം നടത്തുന്നു. പോഷകങ്ങള്‍ പങ്കുവയ്ക്കുന്നു. അപകട സൂചന നല്‍കുന്നു തുടങ്ങി നമുക്കജ്ഞാതമായ പലകാര്യങ്ങളും വൃക്ഷങ്ങളുടെ ജീവിതത്തിലുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമായി ജര്‍മ്മന്‍ ഫോറസ്റ്ററും ഗ്രന്ഥകാരനുമായ പീറ്റര്‍ വോലെബെന്‍ The hid­den life of trees (വൃക്ഷങ്ങളുടെ രഹസ്യ ജീവിതം) എന്ന സ്വന്തം ഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തിയിട്ടുള്ളതാണീ വിവരങ്ങള്‍. കൂട്ടുകാര്‍ വൃക്ഷങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയുകയും ആവുന്നത്ര വൃക്ഷത്തൈകള്‍ നട്ട് പരിപാലിച്ച് വളര്‍ത്തിയെടുക്കുകയും ചെയ്യണം. വൃക്ഷമാതാവായ ഈ അമ്മയുടെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുകയും അവരോടുള്ള ആദരവും പ്രകൃതിയോടുള്ള പ്രതിബദ്ധതയും പ്രകടമാക്കേണ്ടതാണ്. ഒരു തൈ നടുന്നതിലൂടെ ഒരു ജീവനാണ് നാം വളര്‍ത്തിയെടുക്കുന്നതെന്ന് എപ്പോഴും ഓര്‍ക്കണം.